താന്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ റൊണാള്‍ഡോ നസാരിയോ, ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റൊണാള്‍ഡീഞ്ഞോ എന്നിവരുടെ അതേ ലെവലിലുള്ള ഫുട്‌ബോളറാണെന്ന് ബ്രസീലിന്റെ ഇതിഹാസ താരം റൊമാരിയോ.
ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി സ്വയം അടയാളപ്പെടുത്തിയ ബ്രസീലിയന്‍ ഫോര്‍വേര്‍ഡ്, തന്നെക്കാള്‍ മികച്ചതായി രണ്ട് താരങ്ങള്‍ മാത്രമേ ഉള്ളൂവെന്നു വിശ്വസിക്കുന്നു.
കാറ്റനാച്ചിയോ ഈ കോണ്‍ട്രോപിയേഡെ (Catenaccio e Contropiede)ക്ക് നല്‍കിയ അഭിമുഖത്തെ ഉദ്ധരിച്ച് ഡെയ്‌ലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ട് താരങ്ങള്‍ക്കിടയില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കുന്ന തരത്തിലുള്ള റാപ്പിഡ് ഫയറിലാണ് റൊമാരിയോ ഇക്കാര്യം പറഞ്ഞത്.
‘റൊമാരിയോ ആണോ സീക്കോ ആണോ മികച്ചത്’, ‘റൊമാരിയോ ആണോ ബെബെറ്റോ ആണോ മികച്ചത്’ എന്നുള്ള ചോദ്യങ്ങള്‍ക്കെല്ലാം റൊമാരിയോ എന്നാണ് അദ്ദേഹം ഉത്തരം നല്‍കിയത്.
റിവാള്‍ഡോ, അഡ്രിയാനോ, സുവാരസ്, നെയ്മര്‍ എന്നിങ്ങനെയുള്ള താരങ്ങളെയും ചോദ്യകര്‍ത്താവ് പരാമര്‍ശിച്ചിരുന്നു. ഇതിലും തന്റെ പേരാണ് റൊമാരിയോ പറഞ്ഞത്.
ഫ്രാന്‍സിന് ലോകകപ്പ് നേടിക്കൊടുത്ത കിലിയന്‍ എംബാപ്പെ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ വണ്ടര്‍ കിഡ് എര്‍ലിങ് ഹാലണ്ട് എന്നിവരെക്കാളും മികച്ചത് താന്‍ തന്നെയാണെന്നും റൊമാരിയോ പറഞ്ഞു.
