ഹോളിവുഡ് സിനിമാപ്രേമികള്‍ ഡിസംബര്‍ 18ലേക്ക് കണ്ണും നട്ടിരിക്കുകയാണ്. ബ്രഹ്‌മാണ്ഡ സിനിമാറ്റിക് എക്‌സ്പീരിയന്‍സ് സമ്മാനിക്കുന്ന രണ്ട് ചിത്രങ്ങള്‍ ഈ ദിവസം റിലീസ് ചെയ്യും. മാര്‍വലിന്റെ അവഞ്ചേഴ്‌സ് ഡൂംസ്‌ഡേയും ഡെന്നിസ് വില്ലന്യൂ ഒരുക്കുന്ന ഡ്യൂണ്‍ 3യുമാണ് ബോക്‌സ് ഓഫീസില്‍ ഒന്നിച്ച് ഏറ്റുമുട്ടുന്നത്.
രണ്ട് വമ്പന്‍ സിനിമകള്‍ ഒന്നിച്ച് ഏറ്റുമുട്ടുമ്പോള്‍ ആര് വിജയിക്കുമെന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു സിനിമാലോകം. ബാര്‍ബി- ഓപ്പന്‍ഹൈമര്‍ ക്ലാഷിന് ശേഷം വമ്പന്‍ ഹൈപ്പ് ലഭിച്ച ക്ലാഷായിരുന്നു ഇത്. ബാര്‍ബന്‍ഹൈമറിനെപ്പോലെ ഡ്യൂണ്‍സ്‌ഡേ എന്ന പേര് ഈ ക്ലാഷിന് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ഡൂംസ്‌ഡേ ക്ലാഷില്‍ നിന്ന് പിന്മാറിയിരിക്കുകയാണ്.

പറഞ്ഞതിനെക്കാള്‍ ഒരാഴ്ച മുമ്പ് ഡൂംസ്‌ഡേ തിയേറ്ററുകളിലെത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഐമാക്‌സ് സ്‌ക്രീനുകള്‍ക്ക് വേണ്ടിയാണ് ഡൂംസ്‌ഡേ പ്രീപോണ്‍ ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് സിനിമകളും ഐമാക്‌സിന് വേണ്ടി ഒരുക്കിയവയാണ്. ലോകത്ത് വളരെ കുറച്ച് ഐമാക്‌സ് സ്‌ക്രീനുകള്‍ മാത്രമാണുള്ളത്.
ഡ്യൂണ്‍ 3യുടെ നിര്‍മാതാക്കളായ വാര്‍ണര്‍ ബ്രോസ് വളരെ നേരത്തെ തന്നെ ലോകമെമ്പാടുമുള്ള 90 ശതമാനം ഐമാക്‌സ് സ്‌ക്രീനുകളും ലോക്ക് ചെയ്തുകഴിഞ്ഞു. ഇക്കാരണത്താല്‍ ഡൂംസ്‌ഡേയ്ക്ക് ആവശ്യത്തിന് ഐമാക്‌സ് സ്‌ക്രീനുകള്‍ ലഭിക്കില്ലെന്നും ഒരാഴ്ചയെങ്കിലും ഐമാക്‌സ് സ്‌ക്രീനില്‍ പ്രദര്‍ശനം നടത്താന്‍ വേണ്ടിയാണ് റിലീസ് ഡേറ്റ് മാറ്റിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ട് വമ്പന്‍ സിനിമകള്‍ ഒന്നിച്ച് റിലീസ് ചെയ്യുമ്പോള്‍ രണ്ടും ഒരേദിവസം എക്‌സ്പീരിയന്‍സ് ചെയ്യാന്‍ കാത്തിരുന്നവര്‍ ഇപ്പോള്‍ നിരാശരായിരിക്കുകയാണ്. എന്നാല്‍ ഈ പിന്മാറ്റം മാര്‍വലിന് ബോക്‌സ് ഓഫീസില്‍ ഗുണം ചെയ്യുമെങ്കിലും ക്ലാഷ് ഒഴിവാക്കിയത് പേടിച്ചിട്ടാണെന്ന് ചിലര്‍ ആരോപിക്കുന്നുണ്ട്. ഡ്യൂണിനെ ബോക്‌സ് ഓഫീസില്‍ മലര്‍ത്തിയടിക്കുമെന്നായിരുന്നു മാര്‍വല്‍ ഫാന്‍സ് വാദിച്ചത്.

മാര്‍വലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിലും സ്റ്റാര്‍ കാസ്റ്റിലുമാണ് അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ ഒരുങ്ങുന്നത്. ക്യാപ്റ്റന്‍ അമേരിക്ക, എക്‌സ് മെന്‍, സൈക്ലോണ്‍, തോര്‍, ലോകി, ഫന്റാസ്റ്റിക് ഫോര്‍ തുടങ്ങി സകല സൂപ്പര്‍ഹീറോകളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഡിസംബര്‍ 11നാണ് ചിത്രത്തിന്റെ പുതിയ റിലീസ് ഡേറ്റ്.
View this post on Instagram
Content Highlight: Reports that Avengers Doomsday is set to prepone for avoiding clash with Dune 3
