മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുടെ പുതിയ പരിശീലകനായി മുന്‍ അര്‍ജന്റൈന്‍ തരവും കോച്ചുമായ കീലി ഗോണ്‍സാലസിനെ നിയമിച്ചുവെന്ന് റിപ്പോര്‍ട്ട്. കരാര്‍ നിബന്ധനകളെ സംബന്ധിച്ച് കീലി ഗോണ്‍സാലസും ക്ലബ്ബും തമ്മില്‍ ധാരണയിലായെന്നാണ് റിപ്പോര്‍ട്ട്. വൈകാതെ തന്നെ മയാമി ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലീഗില്‍ ജയങ്ങളില്ലാതെ പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന മയാമി വമ്പന്‍ തിരിച്ചുവരവ് നടത്താനാണ് ഈ നീക്കം നടത്തിയിരിക്കുന്നത്. കില്ലെര്‍മോ ഹൊയോസിന്റെ കീഴില്‍ കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു മയാമി നടത്തിയിരുന്നത്.
പുതിയ പരിശീലകന്റെ കീഴില്‍ വിജയവഴിയില്‍ തിരിച്ചെത്താനായിരിക്കും മയാമി ലക്ഷ്യം വെക്കുക. അര്‍ജന്റൈന്‍ ക്ലബ്ബുകളായ റൊസാരിയോ സെന്‍ട്രല്‍, യൂണിയന്‍ ഡി സാന്റോ ഫെ എന്നീ ടീമുകളെ പരിശീലിപ്പിച്ച അനുഭവസമ്പത്തുള്ള പരിശീലകനാണ് കീലി ഗോണ്‍സാലസ്.
അര്‍ജന്റൈന്‍ താരങ്ങള്‍ ലയണല്‍ മെസി, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയ താരങ്ങള്‍ക്കിടയിലേക്ക് ഒരു അര്‍ജന്റൈന്‍ പരിശീലകനെത്തുമ്പോള്‍ അത് ഇന്റര്‍ മയാമിയുടെ കളി ശൈലിയിലും മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവില്‍ എം.എല്‍.എസ് ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ രണ്ടാം സ്ഥാനത്താണ് മെസിയും സംഘവും. 21 മത്സരങ്ങളില്‍ നിന്നും 11 വിജയവും ആറ് സമനിലയും നാല് തോല്‍വിയും അടക്കം 38 പോയിന്റാണ് മയാമിക്കുള്ളത്. എം.എല്‍.എസില്‍ നാളെയാണ് മെസിയും സംഘവും അടുത്ത മത്സരത്തിനിറങ്ങുന്നത്. മോണ്‍ഡ്രിയല്‍ എഫ്.സിയാണ് മയാമിയുടെ എതിരാളികള്‍.
അതേസമയം മേജര്‍ ലീഗ് സോക്കറില്‍ അവസാനം നടന്ന മത്സരത്തില്‍ ടൊറോന്റോ എഫ്.സിക്കെതിരെയാണ് മയാമി പരാജയം ഏറ്റുവാങ്ങിയത്. മയാമിയുടെ തട്ടകമായ നു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മയാമി പരാജയപ്പെട്ടത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല.
മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. മത്സരത്തിന്റെ 59ാം മിനിട്ടില്‍ ജോഷ് സാര്‍ജന്റലിലൂടെ ടൊറോന്റോ എഫ്.സിയാണ് ആദ്യം ലീഡ് നേടിയത്. ഈ ഗോളിന്റെ ആവേശം കെട്ടടങ്ങും മുമ്പേ 62ാം മിനിട്ടില്‍ ഡെറിക് എറ്റിയെന്‍ ജൂനിയറിലൂടെ രണ്ടാം ഗോളും നേടി ടൊറോന്റോ എഫ്.സി മയാമിയെ പരാജയത്തിലേക്ക് തള്ളിവിട്ടു.