ഫെബ്രുവരിയില്‍ ക്ലാഷില്ലാതെ റിലീസ് ചെയ്തൂടെ എന്ന് ആരാധകന്‍; ഫാക്ടറിയില്‍ ഉണ്ടാക്കുന്ന ബിസ്‌കറ്റല്ല സിനിമയെന്ന് മോളിവുഡ് ടൈംസ് സംവിധായകന്‍
Malayalam Cinema
ഫെബ്രുവരിയില്‍ ക്ലാഷില്ലാതെ റിലീസ് ചെയ്തൂടെ എന്ന് ആരാധകന്‍; ഫാക്ടറിയില്‍ ഉണ്ടാക്കുന്ന ബിസ്‌കറ്റല്ല സിനിമയെന്ന് മോളിവുഡ് ടൈംസ് സംവിധായകന്‍
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 7th February 2026, 7:58 am

മലയാള സിനിമാ പ്രേമികളുടെ വെയിറ്റിങ് ലിസ്റ്റില്‍ ഇതിനോടകം ഇടം നേടിയ ചിത്രങ്ങളിലൊന്നാണ് നസ്‌ലെന്‍ ഗഫൂര്‍ നായകനായി അണിയറയില്‍ ഒരുങ്ങുന്ന മോളിവുഡ് ടൈംസ്. പതിവ് പാറ്റേണില്‍ നിന്നും മാറി കഥ പറഞ്ഞ് നിരൂപക പ്രശംസ നേടിയ മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിന്റെ സംവിധായകനായ അഭിനവ് സുന്ദര്‍ നായികാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്ന പ്രത്യേകതയും മോളിവുഡ് ടൈംസിനുണ്ട്.

അഭിനവ് വിനീതിനൊപ്പം മുകുന്ദനുണ്ണിയുടെ സെറ്റില്‍. Photo: Reddit

സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാം വഴി ഒരു പ്രേക്ഷകന്റെ ചോദ്യത്തിന് സംവിധായകനായ അഭിനവ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. മലയാളത്തില്‍ കാര്യപ്പെട്ട റിലീസുകളൊന്നുമില്ലാത്ത ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ചിത്രം ഇറക്കിയാല്‍ മെയില്‍ വരാന്‍ പോകുന്ന ക്ലാഷുകള്‍ ഒഴിവാക്കാന്‍ സാധിക്കില്ലായിരുന്നോ എന്നായിരുന്നു ചോദ്യം.

ഇതിന് സംവിധായകന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ കേരള ബോക്‌സ് ഓഫീസ് അടക്കമുള്ള പല സിനിമാ പേജുകളിലും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്ലാഷ് ഇല്ലെന്ന് കരുതി ചിത്രത്തിന്റെ റഫ് കട്ട് റിലീസ് ചെയ്യണോ എന്നാണ് സംവിധായകന്‍ ചോദ്യത്തിന് നല്‍കുന്ന മറുചോദ്യം. ചിത്രത്തിന്റെ എല്ലാ വര്‍ക്കുകളും പൂര്‍ത്തിയായാല്‍ മാത്രമേ പുറത്തിറക്കൂവെന്നും അല്ലാതെ ക്ലാഷ് ഇല്ലാത്തപ്പോഴല്ലെന്നും സംവിധായകന്‍ വ്യക്തമാക്കി.

എന്നാല്‍ ഇതിന് ശേഷം അഭിനവ് പറഞ്ഞ കാര്യങ്ങളാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്. ഇത് മനുഷ്യന്മാര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയാണെന്നും അല്ലാതെ ഫാക്ടറിയില്‍ ഉണ്ടാക്കുന്ന ബിസ്‌കറ്റ് അല്ലെന്നും സംവിധായകന്‍ പറഞ്ഞു. പല സിനിമാ പേജുകളിലും ഗ്രൂപ്പുകളിലും അഭിനവിന്റെ വാക്കുകള്‍ക്കെതിരെ വിമര്‍ശനങ്ങളുയരുന്നുണ്ട്.

സംവിധായകന്‍ പറഞ്ഞത് ടെക്‌നിക്കലി ശരിയാണെങ്കിലും ചിത്രത്തോടുള്ള ഇഷ്ടം കൊണ്ടായിരിക്കാം ചോദ്യം ചോദിച്ചയാള്‍ ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ട് വെച്ചതെന്നും മറുപടി പറഞ്ഞ രീതി ശരിയായില്ലെന്നുമായിരുന്നു പലരുടെയും കമന്റുകള്‍. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പാന്‍ ഇന്ത്യന്‍ ചിത്രങ്ങളടക്കം വമ്പന്‍ റിലീസുകളാണ് വരാനിരിക്കുന്നതെന്നും ഇതിനിടയില്‍ ചിത്രം ശ്രദ്ധിക്കപ്പെടാതെ പോകരുതെന്ന് കരുതിയാവും അഭിപ്രായം മുന്നോട്ട് വച്ചതെന്നും ദേഷ്യപ്പെട്ട് സംസാരിച്ചത് ശരിയായില്ലെന്നും പലരും അഭിപ്രായപ്പെടുന്നു.

മോളിവുഡ് ടൈംസിന്റെ പോസ്റ്റര്‍. Photo: Mohammed Ihsan/ x.com

ഇതുവരെ കാണാത്ത നസ്‌ലെനെ കാണാന്‍ ഒരുങ്ങിക്കോ എന്ന വിശേഷണത്തോടെ കഴിഞ്ഞ മാസം പുറത്തുവിട്ട ചിത്രത്തിന്റെ പോസ്റ്റര്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. സോണിയുടെ വിന്റേജ് ഹാന്‍ഡികാമിലൂടെ കൗതുകത്തോടെ എന്തോ പകര്‍ത്തുന്ന നസ്‌ലെനെ പോസ്റ്ററില്‍ കാണാം. ‘എ ഹേറ്റ് ലെറ്റര്‍ ടു സിനിമ എന്ന ടാഗ് ലൈനോടെയെത്തിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായിരുന്നു.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു. ജോക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം മെയ് 15ന് തിയേറ്ററുകളിലെത്തും.

Content Highlight: Reply of Mollywood times director Abhinav S Nayak to a fan goes viral

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.