കത്തനാറിലൂടെ ആഗ്രഹം സഫലീകരിക്കന്‍ റോജിന്‍ തോമസ്; വൈറലായി സംവിധായകന്റെ പഴയ അഭിമുഖം
Malayalam Cinema
കത്തനാറിലൂടെ ആഗ്രഹം സഫലീകരിക്കന്‍ റോജിന്‍ തോമസ്; വൈറലായി സംവിധായകന്റെ പഴയ അഭിമുഖം
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 2nd April 2026, 10:57 am

പരീക്ഷണ ചിത്രങ്ങള്‍ ചെയ്യുന്നതില്‍ ഒരുപാട് പരിമിതികളുള്ള ഇന്‍ഡസ്ട്രിയാണ് മലയാളത്തിലേത്. കാഴ്ച്ചക്കാരുടെ എണ്ണത്തിലുള്ള കുറവ് തന്നെയാണ് പലപ്പോഴും ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ മലയാളത്തില്‍ നിര്‍മിക്കുന്നതില്‍ നിന്നും നിര്‍മാതാക്കാളെ പിന്നോട്ട് വലിക്കാറുള്ളത്. മറ്റ് പല ഭാഷകളിലും പ്രതീക്ഷിച്ച മാര്‍ക്കറ്റ് മലയാള സിനിമക്ക് ലഭിക്കാതെ വരുന്നതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് അണിയറപ്രവര്‍ത്തകര്‍ വീണുപോയേക്കാം.

കത്തനാര്‍. Photo: Screen grab/ Sree Gokulam Movies/ Youtube.com

ഈ പ്രതിസന്ധികളെയെല്ലാം വെല്ലുവിളിച്ചുകൊണ്ടാണ് ഗോകുലം ഗോപാലന്റെ നിര്‍മാണത്തില്‍ റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കത്തനാര്‍ അണിയറയില്‍ ഒരുങ്ങുന്നത്. ജയസൂര്യ നായകനായെത്തുന്ന ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയ്‌ലര്‍ ഹോളിവുഡിനെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള വിഷ്വലുകളാല്‍ സമ്പന്നമായിരുന്നു. ഐതിഹ്യ കഥാപാത്രമായ കടമറ്റത്ത് കത്തനാറിനെ കേന്ദ്രകഥാപാത്രമാക്കി നീലിയും ചാത്തനുമെല്ലാം പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ ഓരോ ഫ്രെയിമുകളും ലോകോത്തര നിലവാരമുള്ള ഒരു ഫാന്റസി ചിത്രത്തെ ഓര്‍മപ്പെടുത്തുന്നതായിരുന്നു.

ചിത്രത്തിന്റെ ട്രെയ്‌ലറിന് വലിയ സ്വീകാര്യത ലഭിച്ചതോടെ ഒരു സംവിധായകനെന്ന നിലയില്‍ റോജിന്‍ തോമസിന്റെ വിഷനെ പ്രശംസിച്ചുകൊണ്ട് ഒട്ടനവധി പേരാണ് രംഗത്തെത്തുന്നത്. റോജിന്‍ തോമസ് സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ ഹോം എന്ന ചിത്രവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഫാന്റസി അഡ്വെഞ്ചര്‍ സിനിമകളായ ഹാരി പോട്ടര്‍, മാര്‍വെല്‍ സിനിമകളുടെ ആരാധകനാണ് താനെന്നും അത്തരത്തിലുള്ള ചിത്രങ്ങള്‍ തനിക്ക് ഇഷ്ടമാണെന്നും റോജിന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതേ റേഞ്ചില്‍ അല്ലെങ്കില്‍ ക്വാളിറ്റിയില്‍ ഒരു ചിത്രം നിര്‍മിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പക്ഷേ അത് സാധ്യമാകുമോ എന്ന് അറിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കത്തനാര്‍ പുറത്തിറങ്ങിയിട്ടില്ലെങ്കിലും ട്രെയ്‌ലറിലെ വിഷ്വല്‍സ് വെച്ച് റോജിന്‍ തോമസിന്റെ ആഗ്രഹപ്രകാരം മികച്ച നിലവാരത്തിലാണ് അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മലയാള സിനിമയാണെന്ന് മനസിലാകാത്ത വിധത്തിലുള്ള ഫ്രെയിമുകളും വി.എഫ്.എക്‌സ് വര്‍ക്കുകളും ചിത്രത്തില്‍ മികച്ച അനുഭവം സമ്മാനിക്കും എന്ന് തന്നെയാണ് പ്രേക്ഷകര്‍ ഉറച്ച് വിശ്വസിക്കുന്നത്. ഒരു സംവിധായകനെന്ന നിലയില്‍ കാലങ്ങളായുള്ള റോജിന്റെ മുന്നൊരുക്കങ്ങളുടെ ഫലം കത്തനാറില്‍ പ്രതിഫലിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

കത്തനാര്‍. Photo: Screen grab/ Sree Gokulam Movies/ Youtube.com

2013ല്‍ പുറത്തിറങ്ങിയ ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്‍ സംവിധാനം ചെയ്തുകൊണ്ടാണ് റോജിന്‍ അരങ്ങേറ്റം കുറിക്കുന്നത്. 2015ല്‍ പുറത്തിറങ്ങിയ ജോ ആന്‍ഡ് ദി ബോയ്, 2021ല്‍ പുറത്തിറങ്ങിയ ഹോം തുടങ്ങിയ ചിത്രങ്ങളും റോജിന്റെ സംവിധാന സംരഭങ്ങളാണ്. മലയാളത്തില്‍ നിന്നുമുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ചിത്രം സ്വന്തമാക്കിയിരുന്നു.

Content Highlight: Rejin Thomas’s old interview about his dream movie goes viral on social media after Kathanar Trailer

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.