അല്‍ഫോണ്‍സ് പുത്രന്‍ സിനിമാലോകത്തിന് പരിചയപ്പെടുത്തിയ നടനാണ് രമേശ് തിലക്. നേരത്തിലൂടെ കടന്നുവന്ന രമേശ് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് ശ്രദ്ധ നേടി. തമിഴാണ് തട്ടകമെങ്കിലും ഒരു വടക്കന്‍ സെല്‍ഫി, കുമ്പളങ്ങി നൈറ്റ്‌സ്, കൂമന്‍ തുടങ്ങി മലയാളസിനികളിലും രമേശ് ഭാഗമായിട്ടുണ്ട്.

ക്യാരക്ടര്‍ റോളുകള്‍ അതിഗംഭീരമായി കൈകാര്യം ചെയ്യുന്നതാണ് രമേശിന്റെ പ്രത്യേകത. ഗുഡ് നൈറ്റിലെ കഥാപാത്രം താരത്തിന് വലിയ മൈലേജ് നല്‍കി. സിനിമയില്‍ വലിയ ഇംപാക്ടുണ്ടാക്കിയ വേഷമായിരുന്നു ഇത്. ഗുഡ് നൈറ്റിന് ശേഷം ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ രമേശിനെ തേടിയെത്തി. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ടൂറിസ്റ്റ് ഫാമിലിയിലും അദ്ദേഹം ഉണ്ടായിരുന്നു.

രമേശ് തിലക് Photo: Screen grab/ Touring Talkies

ഗുഡ് നൈറ്റിന് ശേഷം തനിക്ക് ലഭിച്ച മികച്ച വേഷങ്ങളിലൊന്നായിരുന്നു അതെന്ന് രമേശ് പറഞ്ഞു. അബിഷന്‍ ജീവിന്ത് ആ സിനിമയുടെ കഥ ആദ്യം പറഞ്ഞവരില്‍ ഒരാള്‍ താനായിരുന്നെന്ന് അദ്ദേഹം പറയുന്നു. ഗംഭീര സിനിമയാകുമെന്ന് ഉറപ്പായിരുന്നെന്നും തനിക്ക് പറ്റിയ വേഷം ആ കഥയിലുണ്ടായിരുന്നെന്നും രമേശ് കൂട്ടിച്ചേര്‍ത്തു. ടൂറിങ് ടോക്കീസിനോട് സംസാരിക്കുകയായിരുന്നു രമേശ് തിലക്.

‘കുടുംബനാഥന്റെ റോള്‍ നമുക്ക് കിട്ടില്ല, പിന്നെയുള്ളത് ആ പെണ്ണിന്റെ കാമുകനാണ്. അതും നമുക്ക് ശരിയാകില്ല. പിന്നെ നോക്കിയാല്‍ പൊലീസുകാരന്റെ വേഷം ബാക്കിയുണ്ട്. പക്ഷേ, എന്റെ രൂപവും കോലവും കാരണം ആ റോള്‍ കിട്ടില്ലെന്ന് ആദ്യമേ ഉറപ്പിച്ചു. പടത്തിന്റെ പ്രൊഡ്യൂസേഴ്‌സായ മില്യണ്‍ ഡോളര്‍ സ്റ്റുഡിയോയുടെ ഓഫീസില്‍ വെച്ചാണ് കഥ കേട്ടത്. എനിക്കെന്തായാലും ഈ പടത്തില്‍ ചാന്‍സുണ്ടാകില്ലെന്ന് ഉറപ്പിച്ചുവെച്ചു.

ടൂറിസ്റ്റ് ഫാമിലി Photo: Jio Hotstar

പക്ഷേ, കുറച്ച് ദിവസം കഴിഞ്ഞ് അബിഷന്‍ എന്നെ വിളിച്ചിട്ട് ആ പൊലീസ് വേഷം എനിക്കാണെന്ന് പറഞ്ഞു. അത് കേട്ടതും സന്തോഷമായി. കാരണം, ആ സിനിമയിലെ പൊലീസ് കഥാപാത്രം നമ്മള്‍ മുമ്പ് കണ്ടിട്ടുള്ളതുപോലെ എല്ലായ്‌പ്പോഴും ടിപ് ടോപ് ഗെറ്റപ്പില്‍ വരുന്നയാളല്ല. സാധാരണക്കാരനാണെന്ന് തോന്നിക്കുന്ന ഒരാളാണ്. സിനിമ നന്നാകുമെന്ന് അറിയാമായിരുന്നു. പക്ഷേ, ഇത്രയും വലിയ വിജയമാകുമെന്ന് കരുതിയില്ല,’ രമേശ് തിലക് പറയുന്നു.

നവാഗതനായ അബിഷന്‍ ജീവിന്ത് സംവിധാനം ചെയ്ത ടൂറിസ്റ്റ് ഫാമിലി 2025ലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു. ശ്രീലങ്കയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കുടിയേറി വരുന്ന ഒരു കുടുംബത്തിന്റെയും അവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം സംസാരിച്ചത്. വലിയ സ്റ്റാര്‍ കാസ്‌റ്റൊന്നുമില്ലായിരുന്നെങ്കിലും ബോക്‌സ് ഓഫീസില്‍ 100 കോടിയിലേറെ ചിത്രം നേടിയിരുന്നു.

Content Highlight: Ramesh Thilak about his role in Tourist Family movie