ഒരേ ടൈറ്റിലുള്ള സിനിമകള്‍ പലപ്പോഴായി പല ഇന്‍ഡസ്ട്രിയിലും ഉണ്ടാകാറുണ്ട്. സുല്‍ത്താന്‍, സത്യ എന്നീ പേരില്‍ മിനിമം നാല് സിനിമകളെങ്കിലും ഉണ്ടാകും. ഈ സിനിമകളെല്ലാം വെവ്വേറെ സമയത്ത് റിലീസായവയായിരിക്കും. ഒരേ പേരില്‍ രണ്ട് സിനിമകള്‍ ഒരുമിച്ച് റിലീസാകുന്ന അപൂര്‍വത സിനിമാപേജുകളില്‍ ചര്‍ച്ചയാകാറുണ്ട്.

2023ല്‍ അത്തരമൊരു ക്ലാഷ് സിനിമാപേജുകളിലെ വലിയ വാര്‍ത്തയായിരുന്നു. സാക്ഷാല്‍ രജിനികാന്തിന്റെ ജയിലറിനൊപ്പം അതേ പേരില്‍ മലയാളി താരം ധ്യാനിന്റെ ജയിലറും റിലീസായതാണ് വാര്‍ത്തയായത്. പിന്നീട് ഐഡന്റിറ്റിക്കൊപ്പം ഐ.ഡി എന്ന ചിത്രം കൂടി പുറത്തിറക്കിയപ്പോള്‍ ധ്യാന്‍ ട്രോള്‍ പേജുകളിലെ സ്ഥിരം ഇരയായി.

ഇപ്പോഴിതാ ധ്യാനിനെപ്പോലെ ചര്‍ച്ചയാവുകയാണ് തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുന. താരത്തിന്റെ കരിയറിലെ 100ാമത്തെ ചിത്രം കിങ് 100 റിലീസിന് തയാറെടുക്കുകയാണ്. ഡിസംബര്‍ 26ന് കിങ് 100 റിലീസാകുമെന്ന് അനൗണ്‍സ്‌മെന്റ് വീഡിയോയില്‍ അറിയിച്ചു. എന്നാല്‍ ഇതേദിവസം ഇതേ പേരില്‍ മറ്റൊരു ചിത്രവും പ്രേക്ഷകരിലേക്കെത്തുന്നുണ്ട്.

സാക്ഷാല്‍ കിങ് ഖാന്റെ ബ്രഹ്‌മാണ്ഡ ചിത്രം കിങ്ങിനൊപ്പമാണ് കിങ് 100ന്റെ ക്ലാഷ്. ഒരേ പേരിലുള്ള റിലീസ് പ്രേക്ഷകരില്‍ വലിയ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് സിനിമാപേജുകളുടെ വിലയിരുത്തല്‍. കിങ് 100 തെലുങ്കിലും തമിഴിലും റിലീസ് ചെയ്യുമ്പോള്‍ കിങ് ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ റിലീസ് ചെയ്യുന്നുണ്ട്.

എന്നാല്‍ ഈ രണ്ട് സിനിമകളില്‍ നിന്ന് ഷാരൂഖ് ഖാന്റ കിങ് പിന്മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡിസംബറില്‍ അവഞ്ചേഴ്‌സ് ഡൂംസ്‌ഡേയടക്കം പല വമ്പന്‍ ഹോളിവുഡ് സിനിമകളും റിലീസ് ചെയ്യുന്നുണ്ട്. ഷാരൂഖിന്റെ സ്‌ട്രോങ് ടെറിട്ടറിയായ ഓവര്‍സീസില്‍ സ്‌ക്രീന്‍ ലഭിക്കാന്‍ ബുദ്ധിമുട്ടിയേക്കുമെന്നതിനാല്‍ കിങ് റിലീസ് മാറ്റിവെക്കാന്‍ സാധ്യതയുണ്ടെന്ന് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വാര്‍ 2ന് ശേഷം സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിങ് ഷാരൂഖിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്. ആക്ഷന്‍ എന്റര്‍ടൈനറായൊരുങ്ങുന്ന ചിത്രത്തില്‍ വലിയ താരനിര അണിനിരക്കുന്നുണ്ട്. അനില്‍ കപൂര്‍, അഭിഷേക് ബച്ചന്‍, രാഘവ് ജുയല്‍, ദീപിക പദുകോണ്‍, അഭയ് വര്‍മ എന്നിവര്‍ക്കൊപ്പം ഷാരൂഖിന്റെ മകള്‍ സുഹാന ഖാനും ചിത്രത്തില്‍ വേഷമിടുന്നു.

അതേസമയം കൂലിയിലൂടെ ലഭിച്ച റീച്ച് മുതലെടുക്കാനാണ് നാഗാര്‍ജുന ലക്ഷ്യമിടുന്നത്. ട്രോള്‍ മെറ്റീരിയലായ കൂലിയിലെ ഏറ്റവും വലിയ പോസിറ്റീവ് നാഗാര്‍ജുനയുടെ സ്വാഗായിരുന്നു. നാഗാര്‍ജുനയുടെ കംബാക്കാകുമെന്ന് ആരാധകര്‍ കരുതുന്ന കിങ് 100 സംവിധാനം ചെയ്യുന്നത് രാ. കാര്‍ത്തിക്കാണ്.

Content Highlight: Nagarjuna’s King 100 movie going to clash with Shah Rukh’s King