ജഗതിച്ചേട്ടന്റെ സീന്‍ തിയേറ്ററില്‍ കൈയടി സീനായിരിക്കും, വലിയൊരു തിരിച്ചുവരവ് തന്നെയായിരിക്കും അത്; സി.ബി.ഐ 5നെ കുറിച്ച് പിഷാരടി
Film News
ജഗതിച്ചേട്ടന്റെ സീന്‍ തിയേറ്ററില്‍ കൈയടി സീനായിരിക്കും, വലിയൊരു തിരിച്ചുവരവ് തന്നെയായിരിക്കും അത്; സി.ബി.ഐ 5നെ കുറിച്ച് പിഷാരടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th April 2022, 8:33 am

ഇന്ത്യയിലെ തന്നെ എക്കാലത്തേയും മികച്ച സീക്വല്‍ ചിത്രങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് മമ്മൂട്ടി – കെ. മധു – എസ്. എന്‍. സ്വാമി കൂട്ടുകെട്ടിലിറങ്ങിയ സി.ബി.ഐ സീരീസ്. മലയാള സിനിമയ്ക്ക് തന്നെ പുത്തന്‍ ഭാവുകത്വം നല്‍കിയ ചിത്രങ്ങളായിരുന്നു സി.ബി.ഐ സീരീസിലേത്.

1988ല്‍ പുറത്തിറങ്ങിയ ഒരു സി.ബി.ഐ ഡയറിക്കുറിപ്പായിരുന്നു സി.ബി.ഐ സീരീസിലെ ആദ്യ ചിത്രം. തൊട്ടടുത്ത വര്‍ഷം തന്നെ രണ്ടാം ചിത്രമായ ജാഗ്രതയും പുറത്തിറങ്ങി.

ഈ രണ്ട് ചിത്രങ്ങളുടേയും വന്‍ വിജയത്തിന് ശേഷം 2004ല്‍ സേതുരാമയ്യര്‍ സി.ബി.ഐയും 2005ല്‍ നേരറിയാന്‍ സി.ബി.ഐയും പുറത്തിറങ്ങി. ഈ കൂട്ടത്തിലെ ഏറ്റവും പുതിയ ചിത്രമാണ് തിയേറ്റര്‍ റിലീസിനൊരുങ്ങുന്ന സി.ബി.ഐ 5 ദി ബ്രെയിന്‍.

ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു ജഗതി അവതരിപ്പിച്ച വിക്രമും മുകേഷ് അവതരിപ്പിച്ച ചാക്കോയും. കേസിന്റെ അന്വേഷണങ്ങള്‍ക്കായി വേഷം മാറിയെത്തുന്ന ജഗതിയുടെ കഥാപാത്രം എന്നും പ്രക്ഷകരുടെ ഹൃദയത്തില്‍ തങ്ങി നില്‍ക്കുന്നതാണ്.

സി.ബി.ഐ 5ലും ജഗതി ഒരു ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. അപകടത്തിന് ശേഷം ജഗതി ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ജഗതിയുടെ പെര്‍ഫോമന്‍സ് തിയേറ്ററില്‍ വന്‍ ഓളം സൃഷ്ടിക്കുമെന്ന് പറയുകയാണ് സംവിധായകനും നടനും അവതാരകനും കൊമേഡിയനുമായ രമേഷ് പിഷാരടി. ചിത്രത്തില്‍ രമേഷ് പിഷാരടിയും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സിനിമാ ഡാഡിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ജഗതി ശ്രീകുമാറിന്റെ സീനിനെ കുറിച്ച് പറയുന്നത്.

‘ജഗതി ചേട്ടനും ചിത്രത്തിനുണ്ട്. ജഗതിച്ചേട്ടന്റെ സീന്‍ തിയേറ്ററില്‍ ഒരു കൈയടി സീനായിരിക്കും. ഉറപ്പായിട്ടും,’ താരം പറയുന്നു.

വലിയൊരു തിരിച്ചുവരവ് തന്നെയായിരിക്കും ജഗതി ചേട്ടന്‍ ചിത്രത്തിലൂടെ നടത്താന്‍ പോവുന്നതെന്നും പിഷാരടി പറയുന്നു.

ഇവര്‍ക്ക് പുറമെ സായികുമാര്‍, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോന്‍ തുടങ്ങിയ താരങ്ങളും നിരവധി പുതുമുഖ അഭിനേതാക്കളും ചിത്രത്തിലുണ്ട്.

അഖില്‍ ജോര്‍ജാണ് സി.ബി.ഐ 5ന് ക്യാമറ ചലിപ്പിക്കുന്നത്. ജേക്സ് ബിജോയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മെയ് ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.

Content Highlight: Ramesh Pisharody about the scene of Jagathy Sreekumar in CBI 5