മോഫിയ പര്‍വീണിന്റെ ആത്മഹത്യ: സസ്പെന്‍ഷനിലായിരുന്ന ഇന്‍സ്പെക്ടര്‍ സി.എല്‍. സുധീറിനെ തിരിച്ചെടുത്തു
Kerala News
മോഫിയ പര്‍വീണിന്റെ ആത്മഹത്യ: സസ്പെന്‍ഷനിലായിരുന്ന ഇന്‍സ്പെക്ടര്‍ സി.എല്‍. സുധീറിനെ തിരിച്ചെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th April 2022, 7:46 am

തിരുവനന്തപുരം: നിയമ വിദ്യാര്‍ഥിനിയായിരുന്ന ആലുവ സ്വദേശി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ ഇന്‍സ്പെക്ടര്‍ സി.എല്‍. സുധീറിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചു.

ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായിരിക്കെ സസ്പെന്‍ഷനിലായ സുധീറിനെ ആലപ്പുഴ അര്‍ത്തുങ്കല്‍ കോസ്റ്റല്‍ സ്റ്റേഷനിലാണ് നിയമിച്ചത്. 32 ഇന്‍സ്പെക്ടര്‍മാരെ വിവിധയിടങ്ങളിലേക്കു മാറ്റി പൊലീസ് മേധാവി ഉത്തരവിറക്കിയിട്ടുണ്ട്.

മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ സി.ഐ സുധീറിനെ പ്രതികൂട്ടിലാക്കി പൊലീസ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. മോഫിയയെ മരണത്തിലേക്ക് നയിച്ചത് സി.ഐ സുധീറിന്റെ പെരുമാറ്റമാണെന്ന് എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നു.

മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിന് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്.ഐ.ആറിലാണ് സി.ഐ സുധീറിന്റെ ഭാഗത്തു നിന്നും ഗുരുതര പിഴവുകള്‍ ഉണ്ടായതായി ചൂണ്ടിക്കാണിച്ചത്.

വിവാഹവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് കിട്ടിയ പരാതി പരിഹരിക്കുന്നതിനാണ് മോഫിയയേയും ഭര്‍ത്താവ് സുഹൈലിനേയും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. സംസാരിക്കുന്നതിനിടെ ദേഷ്യം വന്ന് മോഫിയ സുഹൈലിന്റെ കരണത്തടിച്ചു. തുടര്‍ന്ന് സി.ഐ സുധീര്‍ മോഫിയയോട് കയര്‍ത്തു സംസാരിച്ചു.

ഒരിക്കലും സി.ഐയില്‍ നിന്ന് നീതി കിട്ടില്ലെന്ന മനോവിഷമം ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

 

Content Highlights: Mofia parveen suicide case inspector sudheer joined back to service