മാധ്യമവിചാരണകള്‍ വിലപ്പോയില്ല; ഒരാഴ്ചക്കിടെ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് നേടിയത് 35.38 ലക്ഷം
Kerala News
മാധ്യമവിചാരണകള്‍ വിലപ്പോയില്ല; ഒരാഴ്ചക്കിടെ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് നേടിയത് 35.38 ലക്ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th April 2022, 7:43 am

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ഒരാഴ്ചക്കിടെ നേടിയത് 35.38 ലക്ഷത്തിന്റെ കളക്ഷന്‍. 35,38,291 രൂപയാണ് കളക്ഷന്‍ ഇനത്തില്‍ നിന്നും മാത്രമായി കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസുകള്‍ നേടിയത്.

സര്‍വീസ് ആരംഭിച്ച ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 17 വരെയുള്ള ഒരാഴ്ചത്തെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് 35 ലക്ഷത്തിലധികം രൂപയുടെ കളക്ഷന്‍ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് സ്വന്തമാക്കിയത്.

78,415 കിലോമീറ്റര്‍ ദൂരമാണ് ഇക്കാലയളവില്‍ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസുകള്‍ സഞ്ചരിച്ചത്. ബെംഗളൂരുവിലേക്കുള്ള ബസുകളാണ് കളക്ഷനില്‍ ഒന്നാമത്. കഴിഞ്ഞ ദിവസം ലഭിച്ച കണക്കുകള്‍ ക്രോഡീകരിച്ച് വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

കെ.എസ്.ആര്‍.ടി.സിയുടെ സ്വിഫ്റ്റ് ബസുകളുടെ സര്‍വീസുകള്‍ ലാഭകരമാണോ എന്ന കാര്യം കുറച്ചു കാലത്തെ പ്രവര്‍ത്തനം നിരീക്ഷിച്ചതിന് ശേഷം മാത്രമെ പറയാന്‍ സാധിക്കുവെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. സ്വിഫ്റ്റിന്റെ 30 ബസുകളാണ് ആദ്യഘട്ടത്തില്‍ കെ.എസ്.ആര്‍.ടി.സിക്ക് വാടകയ്ക്ക് നല്‍കിയിരിക്കുന്നത്.

മള്‍ട്ടി ആക്‌സില്‍ ബസുകള്‍ക്ക് കിലോമീറ്ററിന് 26 രൂപയും മറ്റുള്ള ബസുകള്‍ക്ക് 20 രൂപയും നല്‍കാനാണ് കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചിരിക്കുന്നത്.

സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 50 കോടി രൂപകൊണ്ട് 100 ബസുകള്‍ നിരത്തിലിറക്കാനാണ് സ്വിഫ്റ്റിന്റെ തീരുമാനം. വോള്‍വോയുടെ 8 എ.സി സ്ലീപ്പര്‍ ബസുകളും 20 എ.സി സെമി സ്ലീപ്പര്‍ ബസുകളും 72 നോണ്‍ എ.സി ബസുകളുമാണ് ഇക്കൂട്ടത്തിലുള്ളത്.

ഏപ്രിലില്‍ തന്നെ 100 ബസുകളും പുറത്തിറക്കുമെന്നാണ് സ്വിഫ്റ്റ് ജനറല്‍ മാനേജര്‍ കെ.വി. രാജേന്ദ്രന്‍ പറയുന്നത്.

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിനെ കുറിച്ചുള്ള വിവാദങ്ങള്‍ ആളിക്കത്തുന്നതിനിടെയിലാണ് മികച്ച കളക്ഷന്‍ എന്ന വസ്തുതയും ശ്രദ്ധേയമാണ്. ആദ്യ സര്‍വീസില്‍ തന്നെ ബസ് അപകടത്തില്‍പ്പെട്ടതും, തൃശൂരില്‍ തമിഴ്‌നാട് സ്വദേശിയുടെ മരണത്തിന് കാരണമായ അപകടവുമുള്‍പ്പടെ നിരവധി വിവാദങ്ങളായിരുന്നു കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിനെതിരെ ഉയര്‍ന്നിരുന്നത്.

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിനെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കും സോഷ്യല്‍മീഡിയ വഴി ബുദ്ധിമുട്ടിപ്പിച്ചവരോടും നന്ദിയുണ്ടെന്നായിരുന്നു ഇതിനെതിരെയുളള കെ.എസ്.ആര്‍.ടി.സിയുടെ പ്രതികരണം.

ലക്ഷങ്ങള്‍ മുടക്കി പരസ്യം നല്‍കിയാല്‍ കിട്ടുന്നതിലേറെ പ്രശസ്തിയും വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവസരവുമാണ് വ്യാജപ്രചരണങ്ങളിലൂടെ സാധിച്ചതെന്ന് കെ.എസ്.ആര്‍.ടി.സി പറഞ്ഞിരുന്നു.

വാഹനങ്ങള്‍ക്ക് അപകടം സംഭവിക്കുക എന്നത് സ്വാഭാവികമാണ്. ഏറ്റവും പുതിയ വാഹനങ്ങള്‍ക്കും പഴയ വാഹനങ്ങള്‍ക്കും അപകടം സംഭവിക്കാം. എങ്ങനെ സംഭവിക്കുന്നു എന്നതാണ് പ്രധാനമെന്നും കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കിയിരുന്നു.

Content Highlight: KSRTC Swift collects 35.38 Lakh in 7 Days