കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം മറയ്ക്കാന്‍ രാഹുല്‍ ബി.ജെ.പിയെ വിമര്‍ശിക്കുന്നു: ഫഡ്‌നാവിസ്
India
കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം മറയ്ക്കാന്‍ രാഹുല്‍ ബി.ജെ.പിയെ വിമര്‍ശിക്കുന്നു: ഫഡ്‌നാവിസ്
നിഷാന. വി.വി
Sunday, 12th April 2026, 2:50 pm

ന്യൂദല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.

തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ കാരണം രാഹുല്‍ ഗാന്ധിയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന വികാരം കോണ്‍ഗ്രസിനുളളില്‍ വളര്‍ന്നുവരികയാണെന്ന് ഫഡ്‌നാവിസ് ആരോപിച്ചു.

ആവര്‍ത്തിച്ചുളള തെരഞ്ഞെടുപ്പ് പരാജയത്തിനിടയിലും തന്റെ നേതൃസ്ഥാനം സംരക്ഷിക്കുന്നതിലാണ് രാഹുല്‍ ഗാന്ധി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു.

നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര തര്‍ക്കങ്ങളില്‍ നിന്നും അതൃപ്തിയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് രാഹുല്‍ ഗാന്ധി ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഫഡ്‌നാവിസ് പറഞ്ഞു.

ഭരണഘടനയെ തകര്‍ക്കാന്‍ ആര്‍.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നുവെന്നും എല്ലാവരെയും തുല്യരായി കാണാന്‍ ആഗ്രഹിക്കാത്തത് കൊണ്ടാണ് ബി.ജെ.പി ഭരണഘടനയെ ഇല്ലാതാക്കാന്‍ നോക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫഡ്‌നാവിസിന്റെ പരാമര്‍ശം.

Content Highlight: Rahul criticises BJP to hide rift within Congress: Fadnavis

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.