ഹിന്ദി വല്‍ക്കരണം മുതൽ സെസിലെ കൊള്ള വരെ; ബ്രിട്ടാസിന്റെ രാജ്യസഭയിലെ പ്രസം​ഗങ്ങൾക്ക് പിന്തുണയേറുന്നു | D Nation
ഡൂള്‍ന്യൂസ് ഡെസ്‌ക്

സി.പി.ഐ.എം രാജ്യസഭാ എം.പിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസിന്റെ സഭയിലെ ചോദ്യങ്ങള്‍ക്ക് പിന്തുണയേറുന്നു.

കഴിഞ്ഞ ദിവസം ബ്രിട്ടാസ് രാജ്യത്തെ ഹിന്ദി വല്‍ക്കരണത്തെക്കുറിച്ച് രാജ്യസഭയില്‍ നടത്തിയ പ്രസംഗം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതിന്റെ വീഡിയോ തമിഴ്, തെലുങ്ക് ഭാഷകളിലുള്ള കുറിപ്പുകള്‍ക്കൊപ്പം ബ്രിട്ടാസ് ട്വീറ്റ് ചെയ്തിരുന്നു. ഇത് നടന്‍ കമല്‍ഹാസന്‍ വൈ. സതീഷ് റെഡ്ഡി അടക്കമുള്ളവര്‍ ഇത് റീ ട്വീറ്റ് ചെയ്തിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോണ്‍ ബ്രിട്ടാസ് എം.പി രാജ്യസഭയില്‍ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തിയ പ്രസംഗങ്ങള്‍ നോക്കാം:

ക്രിസ്മസ്-പുതുവത്സരത്തോടനുബന്ധിച്ച് കേരളത്തിലേക്കുള്ള ആഭ്യന്തര വിമാനങ്ങളിലെ നിരക്ക് കുതിച്ചുയരുന്നതിനെക്കുറിച്ചായിരുന്നു ഡിസംബര്‍ 19ന് ബ്രിട്ടാസ് രാജ്യസഭയില്‍ ഉന്നയിച്ചത്.

കേരളത്തിലേക്കുള്ള ആഭ്യന്തര വിമാനങ്ങളില്‍ കുതിച്ചുയരുന്ന വിമാനക്കൂലി നിയന്ത്രിച്ച് എയര്‍ലൈന്‍ കമ്പനികളുടെ കാര്‍ട്ടലൈസേഷനെതിരെ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും വിമാന ടിക്കറ്റിന്റെ വില സുതാര്യമായും നീതിയുക്തമായും നിശ്ചയിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും തയാറാക്കണമെന്നുമാണ് ബ്രിട്ടാസ് രാജ്യസഭയില്‍ ആവശ്യപ്പെട്ടത്.

സെസിന്റെയും സര്‍ചാര്‍ജിന്റെയും പേരില്‍ കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങളുടെ അവകാശം കവര്‍ന്നെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഡിസംബര്‍ 20ലെ ബ്രിട്ടാസിന്റെ സഭയിലെ ചോദ്യം.

ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടിയായി 2021-22ല്‍ സെസ് സര്‍ചാര്‍ജ് ഇനത്തില്‍ കേന്ദ്രം സമാഹരിച്ച തുകയുടെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. 2021-22 വര്‍ഷത്തില്‍ സെസ് സര്‍ചാര്‍ജ് ഇനത്തില്‍ മാത്രം കേന്ദ്രം സമാഹരിച്ചത് 7.06 ലക്ഷം കോടി രൂപയാണെന്നാണ് കേന്ദ്ര ധനമന്ത്രാലയം പുറത്തുവിട്ട കണക്ക്.

ദേശീയ വരുമാനത്തില്‍ 15 ലക്ഷം കോടിയോളം രൂപ കുറവ് വരുത്തിയ നോട്ടുനിരോധനത്തെക്കുറിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമനോടായിരുന്നു ഡിസംബര്‍ 21ലെ ബ്രിട്ടാസിന്റെ ചോദ്യം. കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് നോട്ട് നിരോധനത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നില്ലെന്ന ബ്രിട്ടാസിന്റെ സഭയിലെ പരാമര്‍ശത്തിനും വലിയ സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു.

എന്നാല്‍ സംസ്ഥാനങ്ങളുടെ വിഹിതം കവരുന്നതിനെ കുറിച്ചോ നോട്ട് നിരോധനത്തെ കുറിച്ചോ ഒരക്ഷരം പോലും പറയാതെയാണ് ധനമന്ത്രി തന്റെ നോട്ട് നിരോധനത്തെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി അവസാനിപ്പിച്ചത്.

മറ്റൊന്ന് പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ രാജ്യസഭയിലെ അവസാന ഇനമായിട്ടാണ് ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ എം.പി സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലായിരുന്നു ബ്രിട്ടാസ് എം.പിയുടെ പ്രസംഗം.

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം രാജ്യത്തിന് അപകടകരമാണെന്നും ബ്രിട്ടാസ് പറഞ്ഞു. ഐ.ഐ.ടി ഖരഗ്പൂരില്‍ ഹിന്ദിയില്‍ പരീക്ഷ എഴുതിയിരുന്നെങ്കില്‍ ഗൂഗിളിന്റെ തലപ്പത്ത് സുന്ദര്‍ പിച്ചയെ പോലുള്ള വ്യക്തി ഉണ്ടാകുമായിരുന്നോ എന്നും എം.പി ചോദിച്ചു.

വിവിധ വിഷയങ്ങള്‍ വ്യക്തമായി പഠിച്ച് സഭയില്‍ അവതരിപ്പിക്കുന്നതിലുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ബ്രിട്ടാസിന്റെ പാഠവത്തെ പ്രതിപക്ഷ അംഗങ്ങള്‍ പോലും അംഗീകരിക്കുന്ന തലത്തിലേക്കാണ് പോകുന്നത്. ബ്രിട്ടാസിനെ കൂടാതെ സി.പി.ഐ.എം രാജ്യസഭാ എം.പിമാരായ വി.ശിവദാസന്‍, ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ റഹീം തുടങ്ങിയവരുടെ രാജ്യസഭയിലെ പ്രകടനവും ശ്രദ്ധിക്കപ്പെടുന്നുണ്ട്.

Content Highlight: Questions raised by John Brittas MP in Last week at Rajya Sabha