ടൊവിനോ എന്ന സ്റ്റാറിനെയല്ല, ഇനി കാണാനിരിക്കുന്നത് ടൊവിനോയിലെ നടനെ; ഞെട്ടിച്ച് പുതിയ ചിത്രത്തിന്റെ ഗ്ലിംസ്
Film News
ടൊവിനോ എന്ന സ്റ്റാറിനെയല്ല, ഇനി കാണാനിരിക്കുന്നത് ടൊവിനോയിലെ നടനെ; ഞെട്ടിച്ച് പുതിയ ചിത്രത്തിന്റെ ഗ്ലിംസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 27th December 2022, 6:35 pm

ഡോ. ബിജുവിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനാവുന്ന അദൃശ്യ ജാലകങ്ങള്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംസ് കണ്ട് കിളി പാറിയിരിക്കുന്നത് പ്രേക്ഷകരുടേതാണ്. കാരണം പുതിയ ചിത്രത്തിനായി വന്‍ മേക്കോവറാണ് താരം നടത്തിയിരിക്കുന്നത്. അദൃശ്യ ജാലകങ്ങളിലെ മൂന്ന് ചിത്രങ്ങളാണ് താരം പുറത്ത് വിട്ടിരിക്കുന്നത്.

ഇത്തരമൊരു സിനിമയുടെ ഭാഗമാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ‘ഏറ്റവും സ്‌പെഷ്യലായ പ്രോജക്ടിലെ ഫസ്റ്റ് ഗ്ലിംസ് ഇതാ. ഡോ. ബിജുവിന്റെ അദൃശ്യ ജാലകങ്ങളിലെ പേരില്ലാത്ത യുവാവിന് ജീവന്‍ നല്‍കാന്‍ സാധിച്ചതില്‍ സന്തോഷം.

അദ്ദേഹത്തോടൊപ്പമുള്ള എന്റെ ആദ്യത്തെ സിനിമയാണ് ഇത്. നമുക്ക് ചുറ്റുമുള്ള ഒരുപാട് പേരില്ലാത്തവരെ പ്രതിനിധീകരിക്കുന്ന സര്‍റിയലിസത്തില്‍ വേരൂന്നിയ സിനിമ. അര്‍ത്ഥവത്തായ ഒരു സിനിമക്ക് വേണ്ടി എലനാര്‍ ഫിലിംസുമായും മൈത്രി മൂവീസുമായി നിര്‍മാണത്തിലും കൈ കോര്‍ക്കുകയാണ്.

ഈ സിനിമയിലെ സാമൂഹിക പ്രസക്തമായ സന്ദേശം നിങ്ങളുടെ ഹൃദയങ്ങളെ ഉണര്‍ത്തുകയും ചിന്തിപ്പിക്കുകയും ചെയ്യും. പരമ്പരാഗത ശൈലിയില്‍ നിന്നും മാറി നില്‍ക്കുന്ന ഇത്രയും മൂല്യവത്തായ ചിത്രത്തിന് വേണ്ടി ഒന്നിച്ച അദൃശ്യജാലകങ്ങളുടെ മുഴുവന്‍ ക്രൂവിനേയും ഹൃദയത്തോട് ചേര്‍ക്കുന്നു,’ ടൊവിനോ കുറിച്ചു.

പോസ്റ്റിന് താഴെ പുതിയ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. ഇതിനോടകം തന്നെ നടനെന്ന നിലയില്‍ നിരവധി പരീക്ഷണങ്ങളാണ് താരം നടത്തിയത്. മിന്നല്‍ മുരളിയുടെ വമ്പന്‍ വിജയത്തിന് ശേഷം ഡിയര്‍ ഫ്രണ്ട് എന്ന റിയലിസ്റ്റിക് സിനിമയിലൂടെ ടൊവിനോ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.

തല്ലുമാല തരംഗമായപ്പോഴും അടുത്തതായി റിലീസിനൊരുങ്ങുന്ന ടൊവിനോ ചിത്രങ്ങളുടെ നിരയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് സനല്‍ കുമാര്‍ ശശിധരന്റെ വഴക്കാണ്. ടൊവിനോ എന്ന താരത്തെ മാത്രമല്ല അദ്ദേഹത്തിലെ നടനെ കൂടി പ്രേക്ഷകര്‍ കൂടുതല്‍ അറിയാനുള്ള നാളുകളാണ് വരാനിരിക്കുന്നത് എന്നര്‍ത്ഥം.

നിമിഷ സജയനാണ് അദൃശ്യജാലകങ്ങളില്‍ നായികയായെത്തുന്നത്. ഒരു കുപ്രസിദ്ധ പയ്യന് ശേഷം നിമിഷയും ടൊവിനോയും വീണ്ടും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് അദൃശ്യ ജാലകങ്ങള്‍. ഇന്ദ്രന്‍സും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മൈത്രി മൂവി മേക്കേഴ്സ്, ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, എല്ലാനാര്‍ ഫിലിംസ് കമ്പനികളുടെ ബാനറിലാണ് നിര്‍മാണം.

Content Highlight: first glimpse of tovino thomas’s adrishya jalakangal movie