'ടെലിയ അഫ്ഗാന്‍ ഇനി ടെലിയ ശുക്ല'; യു.പിയിലെ സ്ഥലങ്ങളുടെ പേര് മാറ്റാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഗ്രീന്‍ സിഗ്നല്‍
national news
'ടെലിയ അഫ്ഗാന്‍ ഇനി ടെലിയ ശുക്ല'; യു.പിയിലെ സ്ഥലങ്ങളുടെ പേര് മാറ്റാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഗ്രീന്‍ സിഗ്നല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th December 2022, 7:22 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ രണ്ട് സ്ഥലങ്ങളുടെ പേര് മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിന് സമ്മതം നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

ഗൊരഖ്പൂരിലെ മുണ്ടേര ബസാറിന്റെയും (Mundera Baazar), ദിയോറിയ (Deoria) ജില്ലയിലെ ടെലിയ അഫ്ഗാന്‍ (Telia Afghan ) ഗ്രാമത്തിന്റെയും പേര് മാറ്റാനാണ് ആഭ്യന്തര മന്ത്രാലയം (എം.എച്ച്.ഒ) അനുമതി നല്‍കിയത്.

മുണ്ടേര ബസാറിന്റെ പേര് ചൗരി-ചൗരാ എന്നും ടെലിയ അഫ്ഗാന്‍ ഗ്രാമത്തിന്റെ പേര് ടെലിയ ശുക്ല എന്നും മാറ്റാനായി ആഭ്യന്തര മന്ത്രാലയം നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) നല്‍കിയതായി എം.എച്ച്.ഒ വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ ഉത്തര്‍പ്രദേശിലെ പ്രമുഖ നഗരങ്ങളുടെ പേര് സംസ്ഥാനസര്‍ക്കാര്‍ മാറ്റിയിരുന്നു. അലഹബാദിന്റെ പേര് പ്രയാഗ്‌രാജ് എന്നും ഫൈസാബാദിന്റെ പേര് അയോധ്യ എന്നും ആക്കിയാണ് മാറ്റിയത്.

അതേസമയം, റെയില്‍വേ മന്ത്രാലയം, തപാല്‍ വകുപ്പ്, സര്‍വേ ഓഫ് ഇന്ത്യ എന്നിവയുടെ അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ആഭ്യന്തര മന്ത്രാലയത്തിന് ഏതെങ്കിലും സ്ഥലത്തിന്റെ പേര് മാറ്റാനുള്ള എന്‍.ഒ.സി നല്‍കാന്‍ കഴിയുകയുള്ളൂ.

കൂടാതെ ഒരു ഗ്രാമത്തിന്റെയോ നഗരത്തിന്റെയോ പേര് മാറ്റുന്നതിന് ഒരു എക്‌സിക്യൂട്ടീവ് ഓര്‍ഡറും ആവശ്യമാണ്.

Content Highlight: ‘Telia Afghan’ To ‘Telia Shukla’: UP Gets Centre’s Go-Ahead To Change Names od places In Gorakhpur and Deoria