ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് ദല്‍ഹിയിലെ തെരുവുകളില്‍ പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികള്‍. ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യത്തെ പ്രതിപക്ഷ കക്ഷികളില്‍ നിന്നുള്ള 150ഓളം എം.പിമാരുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പേര്‍ ദല്‍ഹിയില്‍ പ്രതിഷേധിച്ചു.
ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ക്കൊപ്പം എ.എ.പിയും ഡി.എം.കെയും അടക്കമുള്ള മറ്റ് പാര്‍ട്ടികളും ഭിന്നതകള്‍ മാറ്റിവെച്ച് പ്രതിഷേധത്തില്‍ പങ്കാളികളായി. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ പ്രതിഷേധത്തിന്‌റെ മുന്‍നിരയിലുണ്ട്.
പാര്‍ലമെന്റ് കവാടത്തില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് തൈരഞ്ഞെടുപ്പ് കമ്മീഷണറുടെ വസതിയുടെ അടുത്ത് എത്തിയപ്പോള്‍ പൊലീസ് തടഞ്ഞു. ഇതിനെ തുടര്‍ന്ന് എം.പിമാരുടെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.
ഇന്ത്യ സഖ്യത്തിലെ എം.പിമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് ഇന്ന് (ഒക്ടോബര്‍ ആറ്, ചൊവ്വ) മാര്‍ച്ച് നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ചിന് മുന്നോടിയായി ന്യൂദല്‍ഹിയില്‍ പൊലീസ് വിന്യാസം ശക്തമാക്കിയിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിക്ക് പുറമെ എസ്.ഐ.ആര്‍ നടപടി പിന്‍വലിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിപക്ഷ പ്രതിഷേധം.
പാര്‍ലമെന്റിലെ ‘മകര്‍ ദ്വാര്‍’ മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസ് വരെയുള്ള പാതയില്‍ പ്രാദേശിക പൊലീസിനൊപ്പം അര്‍ദ്ധസൈനിക വിഭാഗത്തിന്റെ അഞ്ച് കമ്പനികളിലധികം സേനയെ വിന്യസിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന കവാടത്തിന് പുറത്തും ജന്തര്‍ മന്തറിന് ചുറ്റും പല തലങ്ങളിലുള്ള ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ജില്ലയില്‍ സെക്ഷന്‍ 163 പ്രകാരമുള്ള നിരോധനാജ്ഞ നിലവിലുണ്ടെന്നും കൂട്ടംകൂടാന്‍ അനുവാദമില്ലെന്നും പൊലീസ് പ്രഖ്യാപിച്ചിരുന്നു.
വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മാര്‍ച്ച്. ഒക്ടോബര്‍ രണ്ട് മുതല്‍ ഇടതുപക്ഷ പാര്‍ട്ടികളും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും അവരുടെ വിദ്യാര്‍ത്ഥി-യുവജന സംഘടനകളും ന്യൂദല്‍ഹിയില്‍ പ്രതിഷേധ പരിപാടികള്‍ നടത്തിവരികയാണ്. ഇന്ത്യ സഖ്യത്തിന് പുറത്തുള്ള പ്രതിപക്ഷ പാര്‍ട്ടിയായ എ.എ.പിയും ഐസ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളും പ്രതിഷേധത്തില്‍ സജീവമാണ്.
കോക്രോച്ച് ജനത പാര്‍ട്ടിയും ഗ്യാനേഷിന്റെ രാജിക്കായി ദല്‍ഹിയിലടക്കം പ്രതിഷേധം ശക്തമാക്കുകയാണ്. ഈ മാസം 10ന് ദല്‍ഹി ജന്തര്‍ മന്ദറില്‍ പ്രതിഷേധം ആരംഭിക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. മുംബൈ ശിവാജി പാര്‍ക്കില്‍ ഈ മാസം രണ്ടിന് സി.ജെ.പി ഈ വിഷയത്തില്‍ വലിയ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ നാല് ദിവസമായി ജന്തര്‍ മന്തറില്‍ ഐസ, എ.ഐ.എസ്.എഫ് അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ സമരം തുടരുന്നുണ്ട്. ഗ്യാനേഷിന്റെ രാജി അടക്കമുള്ള ആവശ്യങ്ങള്‍ക്കായി രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഇന്ത്യ സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ ഒന്നിന് ദല്‍ഹിയില്‍ വമ്പന്‍ റാലിയും മുന്നണി പ്രഖ്യാപിച്ചിരുന്നു. എസ്.ഐ.ആര്‍ വിഷയത്തില്‍ ഇന്ത്യ സഖ്യനേതാക്കള്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ നേരില്‍ക്കണ്ട് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
Content Highlight: Proetset March Lead By Over 100 Opposition MP’s Demanding Resignation of Gyanesh and Freezing of SIR
