തുടരും സിനിമയുടെ റീമേക്ക് റൈറ്റ്‌സിന് വേണ്ടി സമീപിച്ചവര്‍; മോഹന്‍ലാലിനെ ആവര്‍ത്തിക്കുക വെല്ലുവിളി: രഞ്ജിത്
Entertainment
തുടരും സിനിമയുടെ റീമേക്ക് റൈറ്റ്‌സിന് വേണ്ടി സമീപിച്ചവര്‍; മോഹന്‍ലാലിനെ ആവര്‍ത്തിക്കുക വെല്ലുവിളി: രഞ്ജിത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th May 2025, 11:03 am

തുടരും വലിയ വിജയമായി മുന്നേറുമ്പോള്‍ തന്നെ സിനിമയുടെ റീമേക്ക് റൈറ്റ്‌സിന് വേണ്ടിയുള്ള ഒരു മത്സരം നടന്നേക്കുമെന്ന തരത്തില്‍ ചില ചര്‍ച്ചകള്‍ വന്നിരുന്നു.

ഹിന്ദിയില്‍ നിന്ന് അക്ഷയ് കുമാറും തെലുങ്കില്‍ നിന്ന് വിക്ടറി വെങ്കിടേഷുമുള്‍പ്പെടെയുള്ളവര്‍ സിനിമയുടെ റൈറ്റ്‌സ് ചോദിച്ചു വരുന്നതായുള്ള ട്രോളുകളായിരുന്നു വന്നത്.

തുടരുമിന്റെ റീമേക്ക് റൈറ്റ്‌സ് വിറ്റുപോയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവായ രജപുത്ര രഞ്ജിത്.

സിനിമയുടെ റൈറ്റ്‌സിന് വേണ്ടി ചിലര്‍ സമീപിച്ചിട്ടുണ്ടെന്നാണ് രഞ്ജിത് പറയുന്നത്. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ തുടരുമിന്റെ റീമേക്ക് റൈറ്റ്‌സിന് വേണ്ടി പലയാളുകളും സംസാരിക്കുന്നുണ്ട്. ഇന്ത്യയില്‍ ഒരുപാട് മികച്ച നടന്മാര്‍ ഈ സിനിമ കണ്ടുകഴിഞ്ഞു. നമ്മള്‍ അവര്‍ക്ക് വേണ്ടി ഷോകള്‍ അറേഞ്ച് ചെയ്തുകൊടുത്തിട്ടുണ്ട്.

അത് നമ്മുടെ വലിയ നേട്ടമായി കാണുന്നു. അവര്‍ ചെയ്യുമോ ചെയ്യാതിരിക്കുന്നോ എന്നതല്ലല്ലോ. അവര്‍ക്കൊക്കെ ഇത് കാണണമെന്ന് പറഞ്ഞതും അവിടെയൊക്കെ ചര്‍ച്ച ചെയ്യപ്പെട്ടു എന്നതും സന്തോഷമാണ്.

തെലുങ്കിലും തമിഴിലും സിനിമ ഡബ്ബ് ചെയ്ത് ഇറക്കിയിരുന്നു. അവിടെയൊക്കെ നല്ല റിവ്യൂസ് കിട്ടി. നമുക്ക് മലയാള സിനിമയ്ക്ക് സാധാരണ കിട്ടാത്ത ഒരു സംഭവമാണ് ഇത്.

മലയാളം മാത്രമാണ് മറ്റു ഭാഷകളില്‍ അത്ര റീച്ചില്ലാതെ പോകുന്നത്. എമ്പുരാന്‍ വന്നപ്പോള്‍ അതിന് ഒരു മാറ്റമുണ്ടായി. അതുപോലെ മഞ്ഞുമ്മല്‍ ബോയ്‌സിനും പ്രേമലുവിനും തമിഴിലും തെലുങ്കിലും റീച്ച് കിട്ടി.

അത്തരത്തില്‍ ഇപ്പോള്‍ മലയാള സിനിമകള്‍ മറ്റുഭാഷക്കാരും കണ്ടുതുടങ്ങിയിട്ടുണ്ട്. അഭിപ്രായം പറഞ്ഞുതുടങ്ങുന്നുണ്ട്. അത് ഇന്‍ഡസ്ട്രിക്ക് ഗുണം ചെയ്യും. റീമേക്ക് പിന്നത്തെ കാര്യം. നമ്മുടെ സിനിമ അവര്‍ കാണുന്നു എന്നത് തന്നെയാണ് വലിയ കാര്യം,’ രഞ്ജിത് പറഞ്ഞു.

തുടരുമില്‍ മോഹന്‍ലാല്‍ ചെയ്ത റോള്‍ വേറെ ഭാഷയില്‍ ആരെങ്കിലും ചെയ്യണമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ഒരാളെ ആലോചിക്കാന്‍ പോലും പറ്റുന്നില്ലെന്നായിരുന്നു രഞ്ജിതിന്റെ മറുപടി.

‘ചേട്ടന്റെ കാര്യത്തില്‍ മൈന്യൂട്ടായ കാര്യങ്ങള്‍ ആക്ട് ചെയ്യുക എന്ന് പറയുന്ന സംഗതിയുണ്ട്. കിരീടം റീമേക്ക് ചെയ്തത് നമ്മള്‍ കണ്ടിരുന്നല്ലോ.

മോഹന്‍ലാല്‍ എന്ന് പറയുന്ന ഒരാളുടെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ കണ്ണുകള്‍ ഭീകരമായി വര്‍ക്ക് ചെയ്യും എന്നതാണ്.

തന്മാത്രയിലും ഭ്രമരത്തിലും സദയത്തിലും താളവട്ടത്തിലും നമ്മള്‍ എന്തെല്ലാം തരം മുഖങ്ങള്‍ കണ്ടു. ചിത്രത്തിലെ അവസാനത്തെ സീക്വന്‍സ് നമ്മുടെ മനസില്‍ നിന്ന് പോകുമോ. നമ്മുടെ മുന്‍പില്‍ ഒരാള്‍ ചെയ്യുന്നത് പോലയല്ലേ തോന്നുക.

അതൊരു അഭിനയമായിട്ട് തോന്നില്ലല്ലോ. അദ്ദേഹം ചെയ്ത കഥാപാത്രങ്ങള്‍ ആര് ചെയ്താലും വെല്ലുവിൡയാണ്. പിന്നെ തുടരും സിനിമയുടെ കാര്യത്തിലൊക്കെ അത്തരത്തില്‍ സഹകരിച്ചാലേ പറ്റുള്ളൂ. സൂപ്പര്‍സ്റ്റാറുകള്‍ക്ക് അംഗീകരിക്കാന്‍ പറ്റാത്ത പലതും ഇതിലുണ്ട്,’ രഞ്ജിത് പറഞ്ഞു.

Content Highlight: Producer Rejaputhra Renjith about Thudarum Movie Remake Rights