എമ്പുരാന്റെ ഓളം അടങ്ങുന്നതിന് മുമ്പ് തിയേറ്ററുകളെ വീണ്ടും മോഹന്‍ലാല്‍ ഇളക്കിമറിച്ചിരിക്കുകയാണ് തുടരും എന്ന ചിത്രത്തിലൂടെ. തരുണ്‍ മൂര്‍ത്തി അണിയിച്ചൊരുക്കിയ തുടരും ഫാമിലി ഡ്രാമ എന്ന നിലയിലാണ് തിയേറ്ററുകളിലെത്തിയത്. ഏറെക്കാലത്തിന് ശേഷം മോഹന്‍ലാല്‍ എന്ന താരത്തെയും നടനെയും ഒരുമിച്ച് കാണാന്‍ ഈ ചിത്രത്തിലൂടെ സാധിച്ചു.
തുടരും എന്ന സിനിമയില്‍ നമ്മള്‍ എവിടെയൊക്കെയോ ഇഷ്ടപ്പെടുന്ന മോഹന്‍ലാലുണ്ടെന്ന് രഞ്ജിത് പറഞ്ഞു. മോഹന്‍ലാലിന്റെ കിരീടം, തന്മാത്ര, ദേവാസുരം എന്നീ സിനിമകള്‍ ഇന്നും മലയാളികളുടെ മനസില്‍ മായാതെ കിടക്കുകയാണെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍ ഇമോഷനായി ചെയ്ത സിനിമകളാണ് ഇതൊക്കെയെന്നും കാണുന്നവരുടെ മനസില്‍ നിന്ന് ഇവയൊന്നും മായില്ലെന്നും രഞ്ജിത് പറഞ്ഞു.
ഇങ്ങനെ കാണാന്‍ താന്‍ ഒരുപാട് ആഗ്രഹിച്ച സിനിമയാണ് തുടരും എന്നും ഒരുപാട് കാലം ഈ സിനിമയെക്കുറിച്ച് താന്‍ സ്വപ്‌നം കാണാറുണ്ടായിരുന്നെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു. ഈ സിനിമ ചെയ്യാതെ മരിച്ചാല്‍ ഭാഗ്യമില്ലാത്ത നിര്‍മാതാവായി താന്‍ മാറിയേനെയെന്നും ഈ സിനിമ എങ്ങനെയെങ്കിലും പൂര്‍ത്തിയാകണമെന്ന് താന്‍ ആഗ്രഹിച്ചെന്നും രഞ്ജിത് പറയുന്നു. ചിത്രത്തില്‍ മോഹന്‍ലാലിനെ കണ്ടപ്പോള്‍ താന്‍ സന്തോഷം കൊണ്ട് കരഞ്ഞെന്നും രഞ്ജിത് പറഞ്ഞു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ പടത്തിന്റെ കഥ കേട്ടുകൊണ്ടിരുന്നപ്പോള്‍ എവിടെയൊക്കെയോ നമ്മള്‍ ഇഷ്ടപ്പെടുന്ന ഒരു മോഹന്‍ലാല്‍ എന്ന ആര്‍ട്ടിസ്റ്റ് ഉണ്ടെന്ന് എനിക്ക് തോന്നി. ഇപ്പോള്‍ നോക്കുകയാണെങ്കില്‍ ലാലേട്ടന്റെ കിരീടം നമ്മുടെ മനസില്‍ നിന്ന് മാഞ്ഞിട്ടില്ല. അതുപോലെ തന്മാത്ര, ദേവാസുരം എന്നീ സിനിമകള്‍ ഇന്നും മായാതെ മനസില്‍ തങ്ങിനില്‍ക്കുന്ന പടങ്ങളാണ്.
ചേട്ടന്‍ ഇമോഷനായി ചെയ്ത സിനിമകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. അതൊന്നും ഒരുകാലത്തും പ്രേക്ഷകരുടെ മനസില്‍ നിന്ന് മായില്ല. ലാലേട്ടനെ ഇങ്ങനെ കാണാന്‍ ഒരുപാട് ആഗ്രഹിച്ച സിനിമയാണിത്. ഒരുപാട് കാലം ഞാന്‍ ഈ സിനിമയെക്കുറിച്ച് സ്വപ്‌നങ്ങള്‍ കണ്ടിട്ടുണ്ട്. ഓരോ സീനും ചേട്ടന്‍ എങ്ങനെ ചെയ്യുമെന്ന് മനസില്‍ കാണുമായിരുന്നു. ഒരുപക്ഷേ, ഈ സിനിമ ചെയ്യാതെ മരിച്ചാല്‍ ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവാനായ നിര്‍മാതാവായി ഞാന്‍ മാറിയേനെ,’ എം. രഞ്ജിത് പറഞ്ഞു.
Content Highlight: Producer M Ranjith about Mohanlal’s emotional movies