ലാലേട്ടന്റെ ആ സിനിമയുടെ ക്ലൈമാക്‌സ് കണ്ടിട്ട് തിയേറ്ററില്‍ നിന്ന് ഇറങ്ങാന്‍ പറ്റാതെ കരഞ്ഞ് ഇരുന്നിട്ടുണ്ട്: നിര്‍മാതാവ് എം. രഞ്ജിത്
Entertainment
ലാലേട്ടന്റെ ആ സിനിമയുടെ ക്ലൈമാക്‌സ് കണ്ടിട്ട് തിയേറ്ററില്‍ നിന്ന് ഇറങ്ങാന്‍ പറ്റാതെ കരഞ്ഞ് ഇരുന്നിട്ടുണ്ട്: നിര്‍മാതാവ് എം. രഞ്ജിത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th May 2025, 11:23 am

എമ്പുരാന്റെ വിജയത്തിന് പിന്നാലെ തിയേറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവസംവിധായകനായ തരുണ്‍ മൂര്‍ത്തി അണിയിച്ചൊരുക്കിയ ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനോടകം 160 കോടിയോളം ചിത്രം സ്വന്തമാക്കിക്കഴിഞ്ഞു.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇപ്പോഴിതാ തുടരും എന്ന ചിത്രത്തില്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ട രംഗത്തെക്കുറിച്ച് സംസാരിക്കുകയാണ് രഞ്ജിത്. ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ മോഹന്‍ലാല്‍ വളരെ ഇമോഷണലായി പറയുന്ന ഡയലോഗ് തനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടെന്നും ആ സീന്‍ തന്നെ ഒരുപാട് കരയിച്ചെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.

സിനിമയുടെ മിക്‌സിങ് സമയത്തൊക്കെ ആ സീന്‍ താന്‍ കണ്ടെന്നും അപ്പോഴെല്ലാം തനിക്ക് കരച്ചില്‍ വന്നെന്നും രഞ്ജിത് പറഞ്ഞു. ഇനിയും എത്രവട്ടം ആ സീന്‍ കണ്ടാലും താന്‍ കരയുമെന്നും മോഹന്‍ലാല്‍ ആ സീനില്‍ അതിഗംഭീര പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചതെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു. ഒരു സാധാരണ പ്രേക്ഷകനാണ് താനെന്നും ഇമോഷണല്‍ സീനുകളില്‍ തനിക്ക് കരച്ചില്‍ വരുമെന്നും രഞ്ജിത് പറയുന്നു.

മോഹന്‍ലാലിന്റെ തന്മാത്ര എന്ന സിനിമയുടെ ക്ലൈമാക്‌സ് കണ്ട് തനിക്ക് കരച്ചിലടക്കാനായില്ലെന്നും താന്‍ തിയേറ്ററിന് പുറത്തിറങ്ങാതെ സീറ്റില്‍ തന്നെ ഇരുന്നെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു. ആ സീന്‍ കണ്ട് കണ്ണ് കലങ്ങിയെന്നും ആരെയും കാണാന്‍ തോന്നാതെ തിയേറ്ററിന് അകത്ത് തന്നെയിരുന്നെന്നും രഞ്ജിത് പറഞ്ഞു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു എം. രഞ്ജിത്.

‘ഈ പടത്തില്‍ എന്നെ വല്ലാത ടച്ച് ചെയ്ത സീന്‍ ഏതെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ. ഇതിന്റെ ക്ലൈമാക്‌സില്‍ ലാലേട്ടന്‍ ഇമോഷണലായി പറയുന്ന ഒരു ഡയലോഗുണ്ട്. അത് കണ്ടിട്ട് എനിക്ക് കരച്ചില്‍ വന്നു. ഈ പടത്തിന്റെ മിക്‌സിങ്ങൊക്കെ നടക്കുന്ന സമയത്ത് ഞാന്‍ ഒരുപാട് തവണ പടം കണ്ടിട്ടുണ്ട്. ആ സീന്‍ എത്തുമ്പോള്‍ ഞാന്‍ കരയും. ഇനിയും എത്ര വട്ടം കണ്ടാലും ആ ഭാഗമെത്തുമ്പോള്‍ ഞാന്‍ കരയുമെന്ന് ഉറപ്പാണ്.

ഞാനൊരു സാധാരണ പ്രേക്ഷകനാണ്. എന്നെ സംബന്ധിച്ച് ഇത്തരം സീനുകള്‍ എന്നെ കരയിപ്പിക്കും. തന്മാത്ര എന്ന പടം തിയേറ്ററില്‍ നിന്ന് കണ്ട ആളാണ് ഞാന്‍. അതിന്റെ ക്ലൈമാക്‌സ് കണ്ടിട്ട് കരഞ്ഞ് പുറത്തിറങ്ങാന്‍ പറ്റാതെ ഞാന്‍ ഇരുന്നിട്ടുണ്ട്. ആ സീന്‍ അത്രക്ക് ഇംപാക്ട് ഉണ്ടാക്കി. കണ്ണൊക്കെ കലങ്ങി ആരെയും കാണാതെ ഞാന്‍ സീറ്റില്‍ തന്നെ ഇരിക്കുകയായിരുന്നു,’ എം. രഞ്ജിത് പറഞ്ഞു.

Content Highlight: Producer M Ranjith about his favorite scene in Thudarum movie