ഐ നോബഡിയുടെ ഫലം എന്ത് തന്നെയായാലും നിസാം ബഷീറിനൊപ്പം ഇനിയും വര്‍ക്ക് ചെയ്യും: പൃഥ്വിരാജ്
Malayalam Cinema
ഐ നോബഡിയുടെ ഫലം എന്ത് തന്നെയായാലും നിസാം ബഷീറിനൊപ്പം ഇനിയും വര്‍ക്ക് ചെയ്യും: പൃഥ്വിരാജ്
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 8th July 2026, 10:02 pm

നിലവില്‍ മലയാളത്തില്‍ മികച്ച ചിത്രങ്ങള്‍ ലൈനപ്പിലുള്ള അഭിനേതാവാണ് പൃഥ്വിരാജ്. രാജമൗലി സംവിധാനം ചെയ്ത് മഹേഷ് ബാബു നായകനാകുന്ന വാരണാസിയ്ക്ക് പുറമെ മലയാളത്തിലും വമ്പന്‍ ചിത്രങ്ങളാണ് താരത്തിന്റെതായി വരാനിരിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ടതാണ് നാളെ (വ്യാഴം) തിയേറ്ററുകളിലെത്തുന്ന ഐ നോബഡി. കെട്ട്യോളാണ് എന്റെ മാലാഖ, റോഷാക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്കുള്ളത്.

ഐ നോബഡി. Photo: X.com

എന്നാല്‍ ചിത്രത്തിന്റെ ഴോണറിനെ കുറിച്ചോ കഥാപശ്ചാത്തലത്തെ കുറിച്ചോ കാര്യമായ അറിവുകളൊന്നും തന്നെയില്ലാതെയാണ് നാളെ പ്രേക്ഷകര്‍ തിയേറ്ററുകളിലേക്കെത്തുന്നതെന്ന് കാണാം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങിയ ചിത്രം തങ്ങളെ നിരാശരാക്കില്ലെന്ന ശുഭപ്രതീക്ഷ സിനിമാലോകത്ത് പൊതുവെ ഉണ്ടെന്നുള്ള കാര്യം ഐ നോബഡിയ്ക്ക് ഗുണകരമാണ്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ഐ നോബഡിയുടെ സംവിധായകനായ നിസാം ബഷീറിനെ കുറിച്ചും തിരക്കഥാകൃത്ത് സമീര്‍ അബ്ദുല്ലയെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ക്കുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നതായിരുന്നു താരത്തിന്റെ വാക്കുകള്‍.

ഐ നോബഡി. Photo: X.com

‘എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ഫിലിം മേക്കിങ് ക്രാഫ്റ്റുള്ള സിനിമയാണ് ഐ നോബഡി. അത് നാട്ടുകാര്‍ക്ക് ഇഷ്ടപ്പെടുമോ എന്നോ അവര്‍ക്കത് എക്‌സൈറ്റിങ്ങോ എന്‍ഗോജിങ്ങോ ആയി തോന്നുമോ എന്നൊന്നും എനിക്കറിയില്ല. ഈ സിനിമ കണ്ടപ്പോള്‍ നിസാമിന്റെ അടുത്ത് ചിത്രത്തിലെ ക്രാഫ്റ്റ് എനിക്ക് ഒരുപാട് ഇഷ്ടമായി എന്ന് ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. സിനിമയുടെ റിലീസിന് മുമ്പ് സംസാരിക്കുമ്പോള്‍ ഞാന്‍ പറയുകയാണ് ഈ സിനിമയുടെ റിസള്‍ട്ട് എന്ത് തന്നെയായാലും നിസാമിനും സമീറിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നുണ്ട്,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj Sukumaran talks about director nisam Basheer and Writer Sameer Abdul

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.