ഈ വര്‍ഷം പലരും വന് പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പള്ളിച്ചട്ടമ്പി. ടൊവിനോയെ നായകനാക്കി ഡിജോ ജോസ് ആന്റണി 2018ല്‍ അനൗണ്‍സ് ചെയ്ത ചിത്രം ഈ വര്‍ഷമാണ് ഷൂട്ട് തീര്‍ന്ന് തിയേറ്ററുകളിലെത്തിയത്. വിഷു റിലീസായെത്തിയ പള്ളിച്ചട്ടമ്പി പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാതെ പോയി.
1950കളില്‍ കേരളത്തെ ഇളക്കിമറിച്ച വിമോചന സമരത്തിന്റെ പശ്ചാത്തലത്തിലാണ് പള്ളിച്ചട്ടമ്പി കഥ പറയുന്നത്. തിയേറ്ററില്‍ ഹിറ്റാകാന്‍ സാധിക്കാത്ത ചിത്രത്തിന്റെ ഒ.ടി.ടി റിലീസും വൈകി. കഴിഞ്ഞദിവസം പള്ളിച്ചട്ടമ്പിയുടെ ഒ.ടി.ടി റിലീസ് തിയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ജൂലൈ 24ന് ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
പ്രേക്ഷകരുമായി ഇമോഷണല്‍ കണക്ഷന്‍ സൃഷ്ടിക്കാന്‍ സാധിക്കാത്ത തിരക്കഥയാണ് ചിത്രത്തിന് വില്ലനായത്. ഒ.ടി.ടി റിലീസിന് ശേഷം പലരും ചര്‍ച്ച ചെയ്യാന്‍ പോകുന്നത് പൃഥ്വിരാജ് ചെയ്ത അതിഥിവേഷമായിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. പട്ടേലര്‍ കുഞ്ഞമ്പു നമ്പ്യാരെന്ന വില്ലനായാണ് പൃഥ്വി പള്ളിച്ചട്ടമ്പിയില്‍ പ്രത്യക്ഷപ്പെട്ടത്. പത്ത് മിനിറ്റ് മാത്രമുള്ള വേഷമായിരുന്നു ഇത്. രണ്ട് കാലഘട്ടത്തിലെ ഗെറ്റപ്പിലാണ് പൃഥ്വിയെ അവതരിപ്പിച്ചത്.
ഇതില്‍ ഫ്‌ളാഷ്ബാക്ക് പോര്‍ഷനിലെ ഗെറ്റപ്പ് ഗംഭീരമായിരുന്നു. ബള്‍ക്കി ബോഡിയും അതിനൊത്ത സ്‌ക്രീന്‍ പ്രസന്‍സുമായി കഥാപാത്രത്തെ പൃഥ്വി ഗംഭീരമാക്കി. എന്നാല്‍ ഈ കഥാപാത്രത്തിന്റെ പ്രായമായ ഗെറ്റപ്പ് തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ ട്രോള്‍ പേജുകളില്‍ ചര്‍ച്ചയായിരുന്നു. പൃഥ്വിരാജിന് ഒട്ടും ചേര്‍ച്ചയില്ലാത്ത വിഗ്ഗും താടിയും നല്‍കിയാണ് കുഞ്ഞമ്പു നമ്പ്യാരിന്റെ വാര്‍ധക്യം അവതരിപ്പിച്ചത്.
മലയാളസിനിമയില്‍ നല്ല വിഗ്ഗിനും താടിക്കും ഇത്രക്ക് ക്ഷാമമാണോ എന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. പള്ളിച്ചട്ടമ്പി ഒ.ടി.ടിയിലെത്തുമ്പോള്‍ പൃഥ്വിരാജിന്റെ താടിയും വിഗ്ഗും എയറിലാകുമെന്ന് ഉറപ്പാണ്. ഒപ്പം ഫ്‌ളാഷ്ബാക്കിലെ സീനുകള്‍ ഉപയോഗിച്ച് പൃഥ്വിക്ക് മാസ് എഡിറ്റ് വീഡിയോകളും പുറത്തുവന്നേക്കും.
ഇത് മാത്രമല്ല, ജോണി ആന്റണിയുടെ കഥാപാത്രം നടത്തുന്ന റേപ്പ് ജോക്ക്, കയദു ലോഹറിന്റെ ഡബ്ബിങ്, ഉമ്മന്‍ ചാണ്ടിയെ വെളുപ്പിക്കല്‍ തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ട്രോള്‍ മെറ്റീരിയലായേക്കും. ഫ്‌ളാറ്റായ തിരക്കഥയില്‍ കഷ്ടപ്പെട്ട് പണിയെടുത്തത് ടൊവിനോ മാത്രമാണ്. സോണി ലിവിലൂടെയാണ് പള്ളിച്ചട്ടമ്പി സ്ട്രീം ചെയ്യുക.