ഓരോ സമയത്തും വ്യത്യസ്തമായ ട്രെന്‍ഡുകള്‍ കൊണ്ട് ശ്രദ്ധേയമാകുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമാണ് ഇന്‍സ്റ്റഗ്രാം. വിദേശ രാജ്യങ്ങളിലെ പേജുകള്‍ കൊണ്ടുവരുന്ന ട്രെന്‍ഡില്‍ പലതും കേരളത്തിലും ഹിറ്റാകാറുണ്ട്. പലതും ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യാറുമുണ്ട്. അത്തരമൊരു ട്രെന്‍ഡാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
കപ്പിള്‍സായവര്‍ ഇപ്പോഴുള്ള അവരുടെ ഫോട്ടോയും അവര്‍ കണ്ടുമുട്ടിയ സമയത്തെ പ്രായത്തിലുള്ള ഫോട്ടോയും പങ്കുവെച്ചുകൊണ്ടുള്ള റീലുകളാണ് ഇപ്പോള്‍ വൈറല്‍. കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ ‘ഒന്നാം കിളി പൊന്നാം കിളി’ എന്ന പാട്ടിന്റെ ചരണമാണ് ഇത്തരം റീലുകളുടെ ബാക്കഗ്രൗണ്ട് സോങ്. പലരുടെയും റീലുകള്‍ക്ക് വന്‍ റീച്ചാണ്.
വെള്ളിമൂങ്ങ Photo: Jio Hotstar
എന്നാല്‍ ഈ ട്രെന്‍ഡ് മലയാളസിനിമയിലെ രണ്ട് കഥാപാത്രങ്ങള്‍ മുമ്പേ ചെയ്തിട്ടുണ്ടെന്ന് പറയുകയാണ് ട്രോളന്മാര്‍. വെള്ളിമൂങ്ങ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച മാമച്ചനാണ് ട്രോളന്മാരുടെ ഇര. പഴയ കാമുകിയുടെ മകളെ വിവാഹം ചെയ്ത മാമച്ചന്‍ ഈ ട്രെന്‍ഡിനെ വേറെ ലെവലാക്കിയിട്ടുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ബിജു മേനോന്റെയും ലെനയുടെയും വെള്ളിമൂങ്ങയിലെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ട്രോളന്മാര്‍ തിളങ്ങുന്നത്.
ബിജു മേനോന്റെ കരിയറിലെ ഏറ്റവും ഫാന്‍ബേസുള്ള കഥാപാത്രങ്ങളിലൊന്നാണ് വെള്ളിമൂങ്ങയിലെ മാമച്ചന്‍. കൗശലക്കാരനായ രാഷ്ട്രീയക്കാരനെ ഹ്യൂമറിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച വെള്ളിമൂങ്ങ ഇന്നും പലരുടെയും ഫേവറെറ്റാണ്. റിലീസ് ചെയ്ത് 12 വര്‍ഷത്തിന് ശേഷം മാമച്ചന്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചിരിക്കുകയാണ്.
മാമച്ചന് ശേഷം ഈ ട്രെന്‍ഡ് പിന്തുടര്‍ന്നത് പ്രേമത്തില്‍ നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജാണെന്നും ചിലര്‍ കണ്ടുപിടിച്ചു. പ്ലസ് ടുവിന് പഠിച്ച സമയത്ത് പ്രേമിച്ച മേരിയുടെ കസിന്‍ സെലിനെയാണ് ജോര്‍ജ് പിന്നീട് തന്റെ ജീവിതസഖിയാക്കിയത്. ജോര്‍ജിന്റെയും സെലിന്റെയും വിവാഹ ഫോട്ടോയും ഇരുവരുടെയും പഴയ ഫോട്ടോയും ചേര്‍ത്തുവെച്ചാണ് അടുത്ത ട്രോള്‍ വീഡിയോ.
സിനിമയില്‍ മാത്രമല്ല, യഥാര്‍ത്ഥ ജീവിതത്തിലും ഇത്തരം മാതൃകയുണ്ടെന്ന് കമന്റ് ബോക്‌സും അഭിപ്രായപ്പെടുന്നു. ഫഹദ് ഫാസില്‍, നസ്രിയ എന്നിവരുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് ചിലരുടെ കമന്റ്. ചുരുങ്ങിയ ദിവസം കൊണ്ട് സോഷ്യല്‍ മീഡിയ മുഴുവന്‍ ഈ ട്രെന്‍ഡ് നിറഞ്ഞുനില്‍ക്കുകയാണ്. ഏത് ട്രെന്‍ഡ് വന്നാലും അതില്‍ ട്രോളിനുള്ള വകുപ്പ് കണ്ടെത്തുന്നവരെ അഭിനന്ദിക്കാനും ചിലര്‍ മറന്നിട്ടില്ല.
Content Highlight: Premam and Vellimoonga viral after the new Instagram trend