തുടരും സിനിമക്ക് വേണ്ടി എന്നെ ആദ്യം സമീപിച്ചത് അദ്ദേഹം, തരുണിനോട് ആദ്യം ചോദിച്ചത് ജോര്‍ജ് സാര്‍ ഇങ്ങനെയാണോ എന്നായിരുന്നു: പ്രകാശ് വര്‍മ
Entertainment
തുടരും സിനിമക്ക് വേണ്ടി എന്നെ ആദ്യം സമീപിച്ചത് അദ്ദേഹം, തരുണിനോട് ആദ്യം ചോദിച്ചത് ജോര്‍ജ് സാര്‍ ഇങ്ങനെയാണോ എന്നായിരുന്നു: പ്രകാശ് വര്‍മ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th May 2025, 9:21 am

തിയേറ്ററുകളില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ് മോഹന്‍ലാല്‍ നായകനായ തുടരും. യുവസംവിധായകനായ തരുണ്‍ മൂര്‍ത്തി തന്റെ ഇഷ്ടനടനെ പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവങ്ങളില്‍ ഒന്നായി തുടരും മാറി. ബോക്‌സ് ഓഫീസില്‍ നിന്ന് ഇതിനോടകം 160 കോടിയോളം ചിത്രം സ്വന്തമാക്കി.

ചിത്രത്തില്‍ എല്ലാവരയും ഞെട്ടിച്ച കഥാപാത്രമായിരുന്നു വില്ലനായെത്തിയ ജോര്‍ജ് മാത്തന്‍. പുതുമുഖ താരമായ പ്രകാശ് വര്‍മയാണ് ജോര്‍ജ് മാത്തനായി വേഷമിട്ടത്. മോഹന്‍ലാലിനൊപ്പം കട്ടക്ക് പിടിച്ചുനിന്ന പെര്‍ഫോമന്‍സായിരുന്നു പ്രകാശ് വര്‍മയുടേത്. ദുബായ് ടൂറിസം, വോഡഫോണ്‍ സൂസൂ തുടങ്ങിയ പരസ്യ ചിത്രങ്ങള്‍ ഒരുക്കിയ ആളാണ് പ്രകാശ് വര്‍മ.

 

തുടരും എന്ന സിനിമയിലേക്ക് താന്‍ എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് പ്രകാശ് വര്‍മ. ചിത്രത്തിന്റെ തിരക്കഥാകൃത്ത് കെ.ആര്‍. സുനിലാണ് തന്നെ ആദ്യമായി സമീപിച്ചതെന്ന് പ്രകാശ് വര്‍മ പറഞ്ഞു. ഒരുപാട് കാലത്തെ പരിചയം സുനിലുമായിട്ട് തനിക്ക് ഉണ്ടെന്നും അയാളുടെ തിരക്കഥയെക്കുറിച്ച് തനിക്ക് അറിയാമായിരുന്നെന്നും പ്രകാശ് വര്‍മ കൂട്ടിച്ചേര്‍ത്തു.

ഒരുദിവസം തന്നോട് സംസാരിക്കുന്നതിനിടയില്‍ സുനില്‍ തന്റെ ഫോട്ടോ എടുത്തെന്നും അന്ന് അതെന്തിനായിരുന്നെന്ന് തനിക്ക് മനസിലായില്ലെന്നും പ്രകാശ് വര്‍മ പറയുന്നു. പിന്നീട് ജോര്‍ജ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാമോ എന്ന് ചോദിച്ച് തരുണ്‍ മൂര്‍ത്തി തന്നെ കോണ്ടാക്ട് ചെയ്‌തെന്നും പ്രകാശ് വര്‍മ പറഞ്ഞു.

തരുണ്‍ ആദ്യമായി തന്നെ കാണാന്‍ വന്നപ്പോള്‍ ടീ ഷര്‍ട്ടും ഷോര്‍ട്‌സുമായിരുന്നു തന്റെ വേഷമെന്നും ജോര്‍ജ് സാര്‍ ഇങ്ങനെയാണോ എന്ന് താന്‍ തരുണിനോട് ചോദിച്ചെന്നും പ്രകാശ് വര്‍മ കൂട്ടിച്ചേര്‍ത്തു. ഇത് മതിയെന്നായിരുന്നു തരുണിന്റെ മറുപടിയെന്നും പിന്നീട് താന്‍ സിനിമയുടെ ഭാഗമായെന്നും പ്രകാശ് വര്‍മ പറഞ്ഞു. തുടരും സിനിമയുടെ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പ്രകാശ് വര്‍മ.

‘ഈ സിനിമയുടെ ഭാഗമായി ബന്ധപ്പെട്ട് എന്നെ ആദ്യമായി സമീപിച്ചത് ഇതിന്റെ റൈറ്റര്‍ സുനിലാണ്. അയാളുമായി എനിക്ക് നല്ല അടുപ്പമുണ്ട്. ഒരുപാട് കാലമായി സുനില്‍ ഈ കഥയുടെ പിന്നാലെയാണെന്ന് എനിക്ക് അറിയാമായിരുന്നു. എപ്പോ കണ്ടാലും ഇതിനെപ്പറ്റി ചോദിക്കും. ഒരുദിവസം സംസാരിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടക്ക് സുനില്‍ എന്റെ കുറച്ച് ഫോട്ടോസ് എടുത്തു. എന്തിനാണെന്ന് എനിക്ക് അപ്പോള്‍ മനസിലായില്ല.

പിന്നീട് തരുണ്‍ എന്നെ വിളിച്ച് ഈ സിനിമയില്‍ ഒരു വേഷമുണ്ടെന്ന് പറഞ്ഞു. നേരിട്ട് കണ്ട് സംസാരിക്കാമെന്ന് ഞാന്‍ മറുപടി നല്‍കി. തരുണ്‍ എന്നെ ആദ്യമായി കണ്ടപ്പോള്‍ ഒരു ടീ ഷര്‍ട്ടും ഷോര്‍ട്‌സുമൊക്കെ ഇട്ട് റിട്ടയര്‍മെന്റ് ലൈഫ് നടത്തുന്ന ആളെപ്പോലെയായിരുന്നു ഞാന്‍. നിന്റെ ജോര്‍ജ് സാര്‍ ഇങ്ങനെയാണോ എന്ന് ഞാന്‍ തരുണിനോട് ചോദിച്ചു. ‘ചേട്ടാ ഇതാണ് എന്റ ജോര്‍ജ് സാര്‍’ എന്ന് തരുണ്‍ മറുപടി നല്‍കി. അങ്ങനെയാണ് ഈ സിനിയുടെ ഭാഗമാകുന്നത്,’ പ്രകാശ് വര്‍മ പറഞ്ഞു.

Content Highlight: Prakash Varma explains how he become the part of Thudarum movie