തിരുവനന്തപുരം: സംസ്ഥാനത്ത് നിലനിൽക്കുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് കാരണം യു.ഡി.എഫ് സർക്കാരിന്റെ കെടുകാര്യസ്ഥതയും കഴിവുകേടുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.

നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് സർക്കാരിന്റെ മേൽ കുറ്റം ചാരി ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാനാണ് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ശ്രമിക്കുന്നതെന്നും നുണകൾ വസ്തുതയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് സഭയിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് വൈദ്യുതി ഉത്പാദന രംഗത്ത് കാര്യമായ ഒന്നും നടന്നില്ലെന്ന വാദം തികച്ചും അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.

എൽ.ഡി.എഫ് ഭരണകാലത്ത് 2,092 മെഗാവാട്ട് വൈദ്യുതി അധികമായി ഗ്രിഡിലേക്ക് കൂട്ടിച്ചേർത്തു. കൂടാതെ 2,122 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കാനുള്ള ദീർഘകാല കരാറുകളിലും ഏർപ്പെട്ടിരുന്നു. സോളാർ മിച്ചവൈദ്യുതി സംഭരിക്കുന്നതിനായി ആറ് ബാറ്ററി സ്റ്റോറേജ് പദ്ധതികൾക്ക് തുടക്കം കുറിച്ചത് മുൻ സർക്കാരാണ്. ഇത്തരം ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണങ്ങളെയാണ് ഇപ്പോഴത്തെ വൈദ്യുതി മന്ത്രി കുറ്റസമ്മതമായി ചിത്രീകരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസ് ആരംഭിക്കുകയും ബി.ജെ.പി അതേപടി പിന്തുടരുകയും ചെയ്യുന്ന നവഉദാരവത്കരണ നയങ്ങളാണ് ഇവിടെ യു.ഡി.എഫും നടപ്പാക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

ഈ നയങ്ങളുടെ പ്രതിഫലനമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നത്. ലോഡ്ഷെഡിങ് കാരണം വീടുകളും വ്യാപാര സ്ഥാപനങ്ങളും വ്യവസായങ്ങളും കടുത്ത ദുരിതത്തിലാണ്. മുൻപ് 95 ശതമാനം പവർകട്ട് ഏർപ്പെടുത്തിയ സംസ്ഥാനത്ത് ആ ദുരവസ്ഥ വീണ്ടും തിരികെ വരുമോയെന്ന ഭീതിയിലാണ് വ്യവസായ ലോകം. ഇത് പുതിയ നിക്ഷേപങ്ങൾ വരുന്നത് തടയുമെന്നും ഈ ദുരിതം എപ്പോൾ തീരുമെന്നാണ് ജനങ്ങൾ ചോദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘യു.ഡി.എഫ് സർക്കാർ ഒപ്പിട്ട 465 മെഗാവാട്ടിന്റെ ദീർഘകാല കരാർ എൽ.ഡി.എഫ് സർക്കാർ റദ്ദാക്കി എന്ന പ്രചാരണം ശുദ്ധ അസംബന്ധമാണ്. 2015-ൽ ഒപ്പിട്ട കരാറിലെ അപാകതകൾ പ്രതിപക്ഷത്തിരിക്കെ ചൂണ്ടിക്കാണിച്ചിരുന്നു എന്നത് ശരിയാണ്. എന്നാൽ 2016-ൽ അധികാരത്തിൽ വന്നപ്പോൾ സംസ്ഥാനത്തിന് ദോഷം വരാതിരിക്കാൻ ആ കരാർ പ്രകാരമുള്ള വൈദ്യുതി വാങ്ങുന്ന നിലപാടാണ് എൽ.ഡി.എഫ് സ്വീകരിച്ചതെന്നും’ പിണറായി വിജയൻ വ്യക്തമാക്കി.

Content Highlight:Power crisis is due to the UDF government’s mismanagement; attempt to evade responsibility by shifting the blame onto the previous government: Pinarayi Vijayan.