'12കാരിയുടെ തല അടിച്ചു തകര്‍ത്തു'; ജന്തര്‍ മന്ദറില്‍ പൊലീസിന്റെ നരനായാട്ട്; ഞെട്ടിക്കുന്ന വീഡിയോകള്‍ പുറത്തുവിട്ട് സി.ജെ.പി
India
'12കാരിയുടെ തല അടിച്ചു തകര്‍ത്തു'; ജന്തര്‍ മന്ദറില്‍ പൊലീസിന്റെ നരനായാട്ട്; ഞെട്ടിക്കുന്ന വീഡിയോകള്‍ പുറത്തുവിട്ട് സി.ജെ.പി
റെന്വര്‍ പി
Monday, 20th July 2026, 6:07 pm

ന്യൂദല്‍ഹി: വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ആഹ്വാനം ചെയ്ത പാര്‍ലമെന്റ് മാര്‍ച്ചിന് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമങ്ങളില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ വീഡിയോകള്‍ പുറത്ത് വിട്ട് കോക്രോച്ച് ജനത പാര്‍ട്ടി (സി.ജെ.പി). സമൂഹ മാധ്യമങ്ങളിലാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ സി.ജെ.പി പങ്കുവച്ചത്.

പൊലീസ് നടപടിയില്‍ സി.ജെ.പി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജന്തര്‍ മന്ദറില്‍ ക്രൂരമായ ലാത്തിച്ചാര്‍ജ് നടന്ന ഈ ദിനം ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് സി.ജെ.പി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.

ദല്‍ഹി പൊലീസ് പ്രതിഷേധക്കാരെ ക്രൂരമായി മര്‍ദിക്കുകയാണ്. പരിക്കേറ്റവര്‍ക്ക് ഫസ്റ്റ് എയ്ഡ് പോലും നല്‍കാന്‍ തയ്യാറാവുന്നില്ലെന്നും കോക്രോച്ച് ജനത പാര്‍ട്ടി മറ്റൊരു എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് നേര്‍ക്കടക്കം ക്രൂരമായ അതിക്രമങ്ങളാണ് ദല്‍ഹി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് സി.ജെ.പി സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും വീഡിയോകളിലും പറയുന്നു.

12 വയസ്സുള്ള പെണ്‍കുട്ടിയുടെ തല പൊലീസ് ലാത്തിചാര്‍ജില്‍ തകര്‍ന്നുവെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു. 40-50 പേരുടെ തലക്ക് പൊലീസ് അതിക്രമങ്ങളില്‍ പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു.

സോനം വാങ്ചുക്കിന്റെ പങ്കാളി ഗീതാഞ്ജലി ആങ്‌മോയുടെ മുടി ദല്‍ഹി പൊലീസ് പിടിച്ച് വലിച്ചു. അവരെ ദല്‍ഹി പൊലീസ് ആക്രമിച്ചു. ക്രൂരമായ പൊലീസ് അതിക്രമമാണ് ജന്തര്‍ മന്ദറില്‍ അരങ്ങേറുന്നതെന്നും ദാസ് എക്‌സ് പോസ്റ്റില്‍ കുറിച്ചു.

16 വയസ്സുള്ള കുട്ടിയെ പൊലീസ് അതി ക്രൂരമായി മര്‍ദിച്ചതായി സി.ജെ.പി എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ പറയുന്നു. മാധ്യമപ്രവര്‍ത്തകനായ പാര്‍ഥ് എം.എന്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് സി.ജെ.പി ഒഫീഷ്യല്‍ എക്‌സ് ഹാന്‍ഡിലില്‍ പങ്കുവച്ചത്.

‘ജന്തര്‍ മന്ദറിന് പുറത്ത് 16 വയസ്സുള്ള കുട്ടിയെ പൊലീസ് അതി ക്രൂരമായാണ് മര്‍ദിച്ചത്. ആ സംഭവത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവന്‍ വിറയ്ക്കുന്നുണ്ടായിരുന്നു,’ വീഡിയോയില്‍ പറയുന്നു. തികച്ചും മനുഷ്യത്വ രഹിതമായ പെരുമാറ്റമാണ് പൊലീസില്‍ നിന്നുണ്ടായതെന്നും വീഡിയോയില്‍ പറയുന്നു.

തലയില്‍ ഗുരുതരമായി പലര്‍ക്കും പരിക്കേറ്റതായി സി.ജെ.പിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നു. പൊലീസ് മര്‍ദനമേറ്റ ഒരു പെണ്‍കുട്ടി തനിക്കുണ്ടായ അതിക്രമങ്ങളെക്കുറിച്ച് കരഞ്ഞ് സംസാരിക്കുന്ന ഒരു വീഡിയോയും സി.ജെ.പി എക്‌സ് പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്.

‘ഇത് ആരുടെ കുട്ടിക്കും സംഭവിക്കാം. എന്തുകൊണ്ടാണ് ഈ പെണ്‍കുട്ടിക്ക് മര്‍ദനം അര്‍ഹിക്കുന്നതായി സര്‍ക്കാര്‍ കരുതുന്നത്,’ എന്നും വീഡിയോക്കൊപ്പം സി.ജെ.പി എക്‌സില്‍ കുറിച്ചു.

അതേസമയം മന്ത്രി ഉറപ്പ് നല്‍കിയിട്ടും പൊലീസ് അതിക്രമങ്ങള്‍ തുടരുകയാണെന്ന് സൗരവ് ദാസ് പറഞ്ഞു.

‘ജന്തര്‍ മന്ദറില്‍ കൂടുതല്‍ പൊലീസ് അതിക്രമങ്ങള്‍ നടക്കില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ പൊലീസ് അതിക്രമങ്ങള്‍ അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളില്ല,’ സൗരവ് എക്‌സ് പോസ്റ്റില്‍ കുറിച്ചു.

കേന്ദ്രമന്ത്രി ജെ.പി. നദ്ദയുമായി സി.ജെ.പി പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി. ‘താന്‍ ജെ.പി നദ്ദയുടെ വീട്ടിലായിരുന്നു ഉച്ചക്ക് 12 മുതല്‍. തങ്ങളുടെ ആവശ്യങ്ങള്‍ മന്ത്രിയോട് പറഞ്ഞു. ധര്‍മേന്ദ്ര പ്രധാന്റെ അടിയന്തര രാജി അടക്കമുള്ള വിഷയങ്ങളാണ് അദ്ദേഹത്തോട് സംസാരിച്ചത്,’ സൗരവ് ദാസ് അറിയിച്ചു.

‘മന്ത്രി ജെ.പി. നദ്ദ ഈ വിഷയങ്ങള്‍ ഉചിതമായ തലങ്ങളില്‍ ചര്‍ച്ച ചെയ്യാമെന്ന് ഞങ്ങളോട് പറഞ്ഞു. എന്നാല്‍ ഉറപ്പോന്നും നല്‍കിയില്ല. ഈ ആവശ്യങ്ങള്‍ നിറവേറ്റുംവരെ ഞങ്ങളുടെ സമാധാനപരമായ പ്രതിഷേധങ്ങള്‍ തുടരും,’ സൗരവ് ദാസ് എക്‌സ് പോസ്റ്റില്‍ കുറിച്ചു.

Content Highlight: Police Crackdown Against Parliament March, CJP Shares Videos

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.