കേരളത്തിന് മാത്രമായി ഒരു ഇളവുമില്ല; പി.എം ശ്രീ മരവിപ്പിച്ചോയെന്ന് അറിയില്ലെന്ന് കേന്ദ്രം; കത്ത് തയ്യാറാക്കി സംസ്ഥാനം
Kerala
കേരളത്തിന് മാത്രമായി ഒരു ഇളവുമില്ല; പി.എം ശ്രീ മരവിപ്പിച്ചോയെന്ന് അറിയില്ലെന്ന് കേന്ദ്രം; കത്ത് തയ്യാറാക്കി സംസ്ഥാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st October 2025, 9:45 am

തിരുവനന്തപുരം: പി.എം. ശ്രീയില്‍ നിന്നും പിന്മാറാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കേന്ദ്രത്തിന് അയക്കാനുള്ള കത്തിന്റെ കരട് തയ്യാറാക്കി.

വൈകാതെ തന്നെ കേന്ദ്രത്തിന് കത്തയക്കാനും പി.എം ശ്രീ നടപ്പാക്കുന്നത് മരവിപ്പിക്കാനുമാണ് സംസ്ഥാനത്തിന്റെ നീക്കം. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള കരട് സംസ്ഥാന ചീഫ് സെക്രട്ടറി തയ്യാറാക്കിയിട്ടുണ്ട്.

എന്നാല്‍ ഈ കത്ത് അയക്കുന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി വിശദമായി പഠിച്ചശേഷമായിരിക്കും കത്തയക്കുക.

അതേസമയം, പദ്ധതി മരവിപ്പിക്കാനുള്ള സംസ്ഥാനത്തിന്റെ തീരുമാനം അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രേഖാമൂലം അറിയിപ്പ് കിട്ടിയാല്‍ നിലപാട് അറിയിക്കുമെന്നാണ് കേന്ദ്രത്തിന്റെ വാദം.

നിലവില്‍ ധാരണപത്രപ്രകാരമുള്ള നടപടികളുമായി മുന്നോട്ടുപോകും. ഒരു സംസ്ഥാനത്തിനായി മാത്രം വിഷയത്തില്‍ ഇളവ് അനുവദിക്കാനാകില്ലെന്നും പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

നേരത്തെ, പദ്ധതിയെ ചൊല്ലി സി.പി.ഐ-സി.പി.ഐ.എം തര്‍ക്കം രൂക്ഷമായതിന് പിന്നാലെ സമവായ ചര്‍ച്ചകള്‍ നടന്നിരുന്നു. പദ്ധതി സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതി പുനപരിശോധന നടത്താന്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് കേന്ദ്രത്തിനെ വിവരം ധരിപ്പിക്കാനുള്ള നീക്കം.

സംസ്ഥാനത്തെ അധ്യയന വര്‍ഷം അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ പദ്ധതി നടപ്പാക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. ഈ അധ്യന വര്‍ഷത്തില്‍ സ്‌കൂളുകളുടെ പട്ടിക കൈമാറാന്‍ സാധ്യതയില്ല.

സ്‌കൂളുകള്‍ക്ക് പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള നാലാം പാദം തുടങ്ങുന്നത് ജനുവരിയിലാണ്. അതിനുള്ളില്‍ മന്ത്രിസഭാ ഉപസമിതി തീരുമാനമെടുക്കുമോ എന്നതനുസരിച്ചായിരിക്കും വിദ്യാഭ്യാസ വകുപ്പിന്റെ തുടര്‍നീക്കങ്ങള്‍. തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് നീങ്ങുന്നതിനാല്‍ പി.എം ശ്രീയില്‍ നടപടി വേഗത്തിലാക്കാനും സര്‍ക്കാര്‍ ശ്രമിക്കില്ല.

Content Highlight: PM SHRI: There is no exemption for Kerala alone says Central Ministry of Education, State prepares letter