തൃശൂര്‍: പി.എം ശ്രീയില്‍ ഒപ്പുവെച്ചത് തന്ത്രപരമായ നീക്കമാണെന്നും ഒരു രാഷ്ട്രീയ സമ്മര്‍ദത്തിനും വഴങ്ങില്ലെന്നും പ്രതികരിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ വിമര്‍ശിച്ച് എഴുത്തുകാരിയും അധ്യാപികയുമായ അനു പാപ്പച്ചന്‍.
കേന്ദ്ര സര്‍ക്കാരാണ് പി.എം ശ്രീയില്‍ തന്ത്രപരമായ നീക്കം നടത്തുന്നത്. രാജ്യത്തെ വിദ്യാഭ്യാസപദ്ധതി മൊത്തം ഒരു ചട്ടക്കൂടിലേക്ക് മാറ്റി, ഇതര ചട്ടക്കൂടില്‍ തുടരാന്‍ തീരുമാനിച്ചവരെ താമസിയാതെ ‘പൊതുഅംഗീകൃത ‘വ്യവസ്ഥയില്‍ നിന്ന് പുറന്തള്ളുമെന്ന് അനു പാപ്പച്ചന്‍ പറയുന്നു.
സര്‍ക്കാരുകളുടെ വിദ്യാഭ്യാസ സ്വയംഭരണത്തെ ദുര്‍ബലപ്പെടുത്തി പദ്ധതിയുടെ ചട്ടക്കൂടില്‍ താമസിയാതെ കേന്ദ്രീകൃത പാഠ്യപദ്ധതി അടിച്ചേല്‍പ്പിക്കുമെന്നും അവര്‍ നിരീക്ഷിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ അക്കമിട്ട് നിരത്തി കേന്ദ്രം ഉദ്ദേശിക്കുന്ന ലക്ഷ്യങ്ങളെ അനു പാപ്പച്ചന്‍ വിശദീകരിച്ചു.
നിയമപരമായി പ്രതിരോധിച്ചു നിന്നുകൊണ്ട് സംസ്ഥാനങ്ങള്‍ ന്യായമായ ഫണ്ട് ആവശ്യപ്പെട്ടാല്‍ പോലും അതെങ്ങനെ വിതരണം ചെയ്യണമെന്നതില്‍ കടുത്ത നിയന്ത്രണം ഏല്‍പിച്ചു കൊണ്ട് കേന്ദ്രം ഞെരിച്ചു കളയുമെന്നും അനു പാപ്പച്ചന്‍ പറഞ്ഞു. എന്‍.ഇ.പി നടപ്പാക്കിയ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ അനുഭവത്തിലാണ് അനു പാപ്പച്ചന്റെ കുറിപ്പ്.
ഒരു ചെറിയ വ്യത്യാസം ഉണ്ട്.തന്ത്രപരമായ നീക്കം നടത്തുന്നത് കേന്ദ്രമാണ്. NEP നടപ്പാക്കിയ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നില്ക്കുന്ന ഒരാള്‍ എന്ന നിലയില്‍ അനുഭവത്തില്‍ നിന്നു ചിലതുപറയാം.കേന്ദ്രത്തിന്റെ കു’തന്ത്രം’ എങ്ങനെയൊക്കെയാണ് പ്രവര്‍ത്തിക്കുകയെന്ന്. 1. രാജ്യത്തെ വിദ്യാഭ്യാസപദ്ധതി മൊത്തം ഒരു ചട്ടക്കൂടിലേക്ക് മാറ്റി, ഇതര ചട്ടക്കൂടില്‍ തുടരാന്‍ തീരുമാനിച്ചവരെ താമസിയാതെ ‘പൊതുഅംഗീകൃത ‘വ്യവസ്ഥയില്‍ നിന്ന് പുറന്തള്ളും.
2. സാമ്പ്രദായികരീതി തന്നെ പിന്തുടരുന്ന കുട്ടികള്‍ക്ക് ആദ്യവര്‍ഷങ്ങളില്‍ ചില നിയമ ഇളവുകള്‍ കിട്ടിയേക്കാം..എന്നാല്‍ പിന്നിട് അവര്‍ ബദല്‍ / കോമ്പന്‍സേഷന്‍ തേടേണ്ടി വരും. കാലക്രമേണ സര്‍ക്കാരിന്റെ നിലപാടോ നയമോ അതിന്റെ ഫലങ്ങളോ ഒന്നും കാത്തു നില്ക്കാതെ കുട്ടികളുടെ ഭാവി കണക്കാക്കി അവര്‍ അനിശ്ചിതാവസ്ഥകളില്‍ നിന്ന് നാടുവിടും.അക്കൂട്ടത്തില്‍ കക്ഷിഭേദമുണ്ടാവില്ല.!.
3. ഭൂരിപക്ഷപദ്ധതിക്കനുസരിച്ചേ ഭാവി പഠന / തൊഴില്‍ മാനദണ്ഡങ്ങള്‍ ഇവിടെ നിശ്ചയിക്കപ്പെടൂ. NEP പ്രകാരം ഡിഗ്രി ഇപ്പോള്‍ 3+1-. ആക്കിയല്ലോ അതിനനുസരിച്ചായിരിക്കും അടുത്തഘട്ട വിദ്യാഭ്യാസം. അതുപോലെത്തന്നെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിന് സ്‌കൂളിലെ വിദ്യാഭ്യാസത്തില്‍ 5+3+3+4 യോഗ്യത നിര്‍ബന്ധമാക്കാന്‍ തുടങ്ങും. മറ്റ് വിദ്യാഭ്യാസം ചെയ്തവര്‍ തുല്യതക്കായി നിയമപരമായ മാര്‍ഗങ്ങളിലൂടെ പോകേണ്ടി വരും. വളരെക്കാലം ചുറ്റിവലച്ച് കുട്ടികളെ കഷ്ടപ്പെടുത്തുകയും ചെയ്യും.. അന്ന് ആരുമവരുടെ ദുരിതം ശ്രദ്ധിക്കാനേ പോകുകയില്ല
4. സര്‍ക്കാരുകള്‍ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൊടുക്കാനും ഉള്ളവ മെച്ചപ്പെടുത്താനും ബാധ്യസ്ഥരാണ്. അവര്‍ അതിനു പാങ്ങുനേടി വരുമ്പോഴേക്കും തങ്ങളുടെ ആശ്രിതസംസ്ഥാനങ്ങള്‍ക്ക് വലിയ ഫണ്ടുകള്‍ വിതരണം ചെയ്ത് അവരുടെ നിലവാരവുമായി അജഗജാന്തരമാക്കും. അതിലേക്ക് പൊരുതി ഒപ്പമെത്താന്‍ സമയമെടുക്കും.
5. ഇനി അഥവാ നിയമപരമായി പ്രതിരോധിച്ചു നിന്നുകൊണ്ട് സംസ്ഥാനങ്ങള്‍ ന്യായമായ ഫണ്ട് ആവശ്യപ്പെട്ടാല്‍ പോലും, അത് എങ്ങനെ വിതരണം ചെയ്യണം എന്നതില്‍ കടുത്ത നിയന്ത്രണം ഏല്‍പ്പിച്ചു കൊണ്ട് കേന്ദ്രം ഞെരിച്ചു കളയും. ഇതിനു പിന്നാലെയാണ് ആസൂതിത്രമായ മറ്റു തന്ത്രങ്ങളുടെ നീക്കം
1. സര്‍ക്കാരുകളുടെ വിദ്യാഭ്യാസ സ്വയംഭരണത്തെ ദുര്‍ബലപ്പെടുത്തി പദ്ധതിയുടെ ചട്ടക്കൂടില്‍ താമസിയാതെ കേന്ദ്രീകൃത പാഠ്യപദ്ധതി അടിച്ചേല്പിക്കുക.
2. കാവിവല്‍ക്കരണം ഉള്‍പ്പെടെയുള്ള പ്രത്യയശാസ്ത്രപരമായ പ്രത്യാഘാതങ്ങള്‍ ഏല്‍പ്പിച്ചു കൊടുക്കുക. സിലബസിലും പരിപാടികളിലും വിളയാട്ടങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 3. ചില തന്ത്രപരമായ കേന്ദ്രീകരണങ്ങളും ബോധപൂര്‍വമായ ഒഴിവാക്കലുകളും നടത്തി വിദ്യാഭ്യാസത്തിന്റെ കുത്തകവത്ക്കരണം പ്രായോഗികമാക്കുക.അങ്ങനെ കോണി കയറ്റി കയറ്റി ഒടുക്കം പാമ്പിന്റെ വായില്‍ വീഴ്ത്തുന്ന കളിയില്‍ ഇപ്പോള്‍ പയറ്റുന്ന തന്ത്രം പോരാതെ വരും നമ്മുടെ വിദ്യാഭ്യാസത്തിന്.
കഴിഞ്ഞദിവസമാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പി.എം ശ്രീയില്‍ ഒപ്പുവെച്ചതില്‍ വിശദീകരണം നല്‍കിയത്. നമ്മുടെ കുട്ടികള്‍ക്ക് അവകാശപ്പെട്ട തുക തടഞ്ഞുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കുവാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ മറികടക്കാനുള്ള കേരളത്തിന്റെ തന്ത്രപരമായ തീരുമാനമാണിത്. പാഠ്യപദ്ധതിയുടെ വര്‍ഗീയവത്കരണത്തിന് പൊതുവിദ്യാഭ്യാസ വകുപ്പ് നിന്നുകൊടുക്കില്ല. അന്തിമ തീരുമാനം സര്‍ക്കാരിന്റേതായിരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു.
അതേസമയം, പി.എം ശ്രീ നടപ്പാക്കുന്നത് സാവധാനത്തിലാക്കാന്‍ നീക്കം നടത്തുകയാണ് കേരളമെന്നാണ് സൂചന. കേന്ദ്രത്തിന് സമര്‍പ്പിക്കാനുള്ള സ്‌കൂളുകളുടെ പട്ടിക തയ്യാറാക്കുന്നത് നിര്‍ത്തിവെച്ചു. പകരം അര്‍ഹതപ്പെട്ട എസ്.എസ്.കെയുടെ ഫണ്ടിനായി പ്രൊപ്പോസല്‍ സമര്‍പ്പിക്കാനുള്ള നീക്കം ആരംഭിച്ചു.
Content Highlight: PM Shri, The Central Govt is making a strategic move Anu Pappachan Writes