ന്യൂദല്‍ഹി: മുഴുവന്‍ പൈലറ്റ് മാരെയും നിര്‍ബന്ധിത ലഹരി പരിശോധനയ്ക്ക് വിധേയമാക്കാനുള്ള നിര്‍ണ്ണായക തീരുമാനവുമായി എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് കമ്പനികള്‍ക്ക് കീഴിലുള്ള മുഴുവന്‍ പൈലറ്റുമാര്‍ക്കും ലഹരി മരുന്ന് ഉപയോഗം കണ്ടെത്താനുള്ള പരിശോധന നിര്‍ബന്ധിതമാക്കാനാണ് തീരുമാനം.
ഫുക്കറ്റില്‍ നിന്ന് ദല്‍ഹിയിലേക്ക് പറന്ന വിമാനം സഞ്ചാരപതത്തില്‍ നിന്ന് 300 അടിയോളം താഴേക്ക് പതിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി. അപകടത്തില്‍പെട്ട വിമാനത്തിന്റെ പൈലറ്റ് ലഹരി ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കയച്ച നിര്‍ദേശപ്രകാരം വ്യാഴാഴ്ച മുതല്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്.
രണ്ട് എയര്‍ലൈനുകളിലുമായി അയ്യായിരത്തിലധികം പൈലറ്റുമാരാണ് സേവനമനുഷ്ഠിക്കുന്നത്. നിലവിലെ വ്യോമയാന നിയമങ്ങള്‍ അനുസരിച്ച് എയര്‍ലൈന്‍ ക്രൂ അംഗങ്ങളില്‍ 10 ശതമാനം പേര്‍ക്ക് മാത്രമാണ് ഒരു വര്‍ഷം ലഹരി പരിശോധന നടത്തേണ്ടതുള്ളത്. എന്നാല്‍ ഈ നിയമം മറികടന്ന് തങ്ങളുടെ മുഴുവന്‍ പൈലറ്റുമാരെയും സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കാനാണ് എയര്‍ ഇന്ത്യയുടെ തീരുമാനം.
നിലവിലെ ഡി.ജി.സി.ഐ നിയമപ്രകാരം പരിശോധന ഫലം പോസറ്റീവായാല്‍ അവരെ ലഹരി മുക്ത ചികിത്സയ്ക്ക് വിധേയരാക്കും. രണ്ടാം തവണയും ഉപയോഗിച്ചാല്‍ ലൈസന്‍സ് മൂന്ന് വര്‍ഷത്തേക്ക് റദ്ദാക്കും. വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും.
ഓഗസ്റ്റ് നാലിന് ഫൂക്കറ്റില്‍ നിന്ന് 137 യാത്രക്കാരും എട്ട് ജീവനക്കാരുമായി ദല്‍ഹിയിലേക്ക് വന്ന എ.ഐ2379 എയര്‍ബസ് എ320 വിമാനം പറക്കലിനിടെ പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിച്ചിരുന്നു.
സംഭവത്തിന് ശേഷം നടത്തിയ ലഹരി പരിശോധനയിലാണ് വിമാനത്തിലെ പൈലറ്റ് ഇന്‍ കമാന്‍ഡര്‍ ലഹരിമരുന്ന് ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തുകയും പിന്നീട് കഞ്ചാവാണെന്ന് ഉറപ്പിക്കുകയും ചെയ്തത്.
എന്നാല്‍ യാത്രക്കിടെ കോക്പിറ്റിനുള്ളില്‍ 35 മിനിറ്റോളം ഉറങ്ങിയതായി ക്യാപ്റ്റന്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഉറക്കമില്ലായ്മക്ക് ഡോക്ടര്‍ നിര്‍ദേശിച്ച മരുന്ന് കഴിച്ചിരുന്നുവെന്നും വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ലേഓവര്‍ സമയത്തത് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും പൈലറ്റ് വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ പൈലറ്റ് ലഹരി ഉപയോഗിച്ചത് മാത്രമല്ല വിമാനം അപകടാവസ്ഥയിലായതിന്റെ കാരണമെന്നാണ് വിവരം. രണ്ടോ മൂന്നോ മിനിറ്റുകള്‍ക്കുള്ളില്‍ 11 സാങ്കേതിക തകരാറുകള്‍ വിമാനത്തിനുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Phuket plane crash: Captain found to have used cannabis; Air India makes drug testing mandatory for all pilots.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.