രണ്ടായിരങ്ങളുടെ ആരംഭത്തില്‍ മലയാള സിനിമയില്‍ ചോക്ലേറ്റ് ബോയ് എന്ന പേരിന് ഉടമയായ നായകനടനാണ് കുഞ്ചാക്കോ ബോബന്‍. 1981ല്‍ പുറത്തിറങ്ങിയ ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായാണ് കുഞ്ചാക്കോ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചതെങ്കിലും നായകനായുള്ള താരത്തിന്റെ ആദ്യ ചിത്രം ഫാസില്‍ സംവിധാനം ചെയ്ത് 1997ല്‍ പുറത്തിറങ്ങിയ അനിയത്തിപ്രാവാണ്. ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്‍-ശാലിനി കൂട്ടുകെട്ടിന് കേരളത്തില്‍ വലിയ ആരാധക പിന്തുണ ലഭിക്കുകയും ചിത്രം കേരളത്തിലെ ട്രെന്‍ഡ് സെറ്ററായി മാറുകയും ചെയ്യുകയായിരുന്നു.
സമീപകാലത്തായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം കുഞ്ചാക്കോ ബോബന്‍ എന്ന നടന്റെ പൊട്ടന്‍ഷ്യല്‍ തെളിയിക്കുന്നതായിരുന്നു. ന്നാ താന്‍ കേസ് കൊട്, നായാട്ട്, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, തുടങ്ങിയ ചിത്രങ്ങളെല്ലാം തന്നെ വലിയ നിരൂപക പ്രശംസയായിരുന്നു താരത്തിന് നേടി കൊടുത്തത്. ഇപ്പോഴിതാ കുഞ്ചാക്കോ ബോബനെയും പങ്കാളി പ്രിയ ആന്‍ സാമുവലിനെയും കുറിച്ച് താരത്തിന്റെ പേഴ്‌സണല്‍ ജിം ട്രെയിനറായ ഷൈജന്‍ അഗസ്റ്റിന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
വീണ മുകുന്ദന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് വാഗമണ്ണില്‍ വെച്ചുണ്ടായ അനുഭവത്തെ കുറിച്ച് ഷൈജന്‍ സംസാരിച്ചത്. വാലന്റൈന്‍സ് ഡേയില്‍ സര്‍പ്രൈസായി പങ്കാളി പ്രിയയെ കാണാനായി കുഞ്ചാക്കോ പോയ അനുഭവമാണ് ട്രെയ്‌നര്‍ പങ്കുവെച്ചത്.
‘ഒരു ദിവസം വാഗമണ്ണില്‍ ഷൂട്ട് നടക്കുന്ന സമയമായിരുന്നു. ചാക്കോച്ചന്റെ ഒപ്പം ഞാനും അവിടെ സ്റ്റേ ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഒപ്പം നില്‍ക്കുമ്പോഴുള്ള പ്രത്യേകത എന്താണെന്ന് വെച്ചാല്‍ ചാക്കോച്ചന്‍ താമസിക്കുന്ന അതേ ഫെസിലിറ്റി ഉള്ള റൂം തന്നെയായിരിക്കും നമുക്കും തരിക. ആ കാര്യം ചാക്കോച്ചനെ പോലെ തന്നെ പ്രിയ ചേച്ചിയ്ക്കും നിര്‍ബന്ധമുള്ള കാര്യമാണ്. അവരുടെ കുക്ക് തന്നെ നമുക്കും ഫുഡ് ഉണ്ടാക്കി തരും.
ഒരു ദിവസം രാത്രി പത്തരയായപ്പോള്‍ എന്റെ വാതിലില്‍ ഒരു മുട്ട് കേട്ടു. വാഗമണ്ണില്‍ നല്ല തണുപ്പായത് കൊണ്ട് ഞാന്‍ നേരത്തേ കയറി കിടക്കുകയായിരുന്നു. പിറ്റേ ദിവസം അദ്ദേഹത്തെ നേരത്തേ എഴുന്നേല്‍പ്പിച്ച് വര്‍ക്കൗട്ടിന് കൊണ്ടുപോകേണ്ടതാണ്. ചെന്ന് നോക്കിയപ്പോള്‍ ചാക്കോച്ചനാണ്. എന്നോട് പറഞ്ഞു വാ വീട്ടില്‍ പോകാം എന്ന്. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ വൈഫിനെ പോയി വിഷ് ചെയ്തിട്ട് വരാം എന്ന് പറഞ്ഞു.
അവിടെ നിന്ന് രാത്രിയ്ക്ക് രാത്രി വണ്ടിയില്‍ വിളിച്ച് കയറ്റി വാഗമണ്ണിലെ കണ്ണ് പോലും കാണാത്ത കോട മഞ്ഞിലൂടെ വണ്ടി വെച്ച് കാച്ചി. പതിനൊന്നേ മുക്കാലിന് എടപ്പള്ളി എത്തിയപ്പോള്‍ ഞാനവിടെ ഇറങ്ങിക്കോളാം എന്ന് പറഞ്ഞു. കാരണം അദ്ദേഹത്തിന് പന്ത്രണ്ട് ആവുമ്പോഴേക്ക് വീട്ടിലെത്തേണ്ടതാണ്. അങ്ങനെ ഞാനവിടെ നിന്ന് വണ്ടി വിളിച്ച് പോയി. അതുപോലെ ഒരു ഫാമിലിയെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. നമ്മളൊക്കെ ഫോണ്‍ ചെയ്താണ് വിഷ് ചെയ്യാറുള്ളത്. സത്യം പറഞ്ഞാല്‍ ഞാന്‍ ഫോണ്‍ പോലും ചെയ്യാറില്ല,’ ഷൈജന്‍ പറഞ്ഞു.
Content Highlight: Personal trainer of Kunchako Boban shares his experience with actor
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.