ഹിജാബ്: ഭരണഘടനാ കോടതികള്‍ മത കോടതികളാകരുത്
Hijab ban
ഹിജാബ്: ഭരണഘടനാ കോടതികള്‍ മത കോടതികളാകരുത്
പി.ബി ജിജീഷ്
Monday, 28th March 2022, 3:44 pm

വസ്ത്രത്തിന്റെ പേരില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് ജനാധിപത്യത്തെ അവകാശാധിഷ്ഠിത രാഷ്ട്രീയ വ്യവസ്ഥിതിയായി മനസിലാക്കുന്നവര്‍ക്ക് നിരാശ നല്‍കുന്നതാണ്. ഇന്ത്യന്‍ നിയമവൈജ്ഞാനിക ചരിത്രത്തില്‍, അവകാശങ്ങളെ ഭരണഘടനാപരമായി എങ്ങനെയൊക്കെ പരിമിതപ്പെടുത്താനാകും എന്നത് സംബന്ധിച്ച ഗംഭീര രചനയായി ഈ വിധി പരിഗണിക്കപ്പെടുമെന്ന് തീര്‍ച്ച.

പ്രധാനവിഷയങ്ങളെ സൗകര്യാര്‍ത്ഥം ഒഴിവാക്കി, തികഞ്ഞ കൗശലത്തോടെ വിഷയം ഫ്രെയിം ചെയ്ത്, അനുയോജ്യമായ നിയമയുക്തികള്‍ നിരത്തി ആവശ്യമായ തീര്‍പ്പ് കല്‍പ്പിക്കുകയായിരുന്നു കോടതി.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍, ഹിജാബിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത് അതൊരു മതവസ്ത്രം ആയതുകൊണ്ടായിരുന്നുവെങ്കില്‍, അന്തിമ വിധിയിലേക്കെത്തുമ്പോള്‍ ഒരു മതാചാരമല്ല എന്ന കാരണം കൊണ്ട് ഹിജാബ് ധരിക്കാനാവില്ല എന്നുവരുന്നു!

എന്തുകൊണ്ട് ഇത്തരമൊരു വൈരുധ്യത്തിലേക്ക് കാര്യങ്ങളെത്തി എന്ന അന്വേഷണം കേവലം ഹൈക്കോടതി വിധിയുടെ വിമര്‍ശനത്തിനപ്പുറത്തേക്ക് നമ്മളെ നയിക്കേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ഈ വിധി നല്‍കുന്ന പ്രാഥമികപാഠം ‘മൗലികാവകാശങ്ങള്‍ സംബന്ധിച്ച വിഷയങ്ങളെ എങ്ങനെ സമീപിക്കരുത്’ എന്നാണ്.

പൗരസ്വാതന്ത്ര്യത്തിന്റെ വിശാലമാനങ്ങളില്‍ വിലയിരുത്തപ്പെടേണ്ടിയിരുന്ന വിഷയത്തെ പ്രാഥമികമായും മതാചാരത്തിന്റെ പ്രശ്‌നമായി അവതരിപ്പിച്ചിടത്ത് കേസിന്റെ ഭാഗധേയം നിര്‍ണയിക്കപ്പെട്ടിരുന്നു. സര്‍ക്കാര്‍ നയങ്ങള്‍ക്ക് അനുകൂലമായ രീതിയില്‍ വിഷയങ്ങള്‍ ഫ്രെയിം ചെയ്യാന്‍ കോടതിയെ അനുവദിച്ചത് ഹര്‍ജിക്കാരുടെ ഈ സമീപനമായിരുന്നു.

ഹിജാബ് ഇസ്‌ലാമിന്റെ അവശ്യ മതാചാരമാണോ എന്ന കാര്യത്തില്‍ സംശയം ഉന്നയിക്കുകയോ, അല്ല എന്ന് പ്രസ്താവിക്കുകയോ ചെയ്ത അരഡസന്‍ ഹൈക്കോടതി ഉത്തരവുകളെങ്കിലും ഉണ്ടായിരുന്നുവെന്നിരിക്കെ ഇത്തരമൊരു സമീപനം ആത്മഹത്യാപരമായിരുന്നു.

ഹിജാബ് ധരിച്ച കുട്ടികളെ പഠിക്കാന്‍ അനുവദിക്കാത്തത് ഒരു മതാചാരത്തിന്റെ പ്രശ്‌നമായി ചുരുക്കി കാണുമ്പോള്‍ ഈ കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്ന എല്ലാ അവകാശങ്ങളെയും നമ്മള്‍ അവഗണിക്കുകയാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കുക, വിദ്യാഭ്യാസം ലഭിക്കുക, സ്വയം നിര്‍ണയിക്കാനാവുക അങ്ങനെ ഭരണഘടന സംരക്ഷണം നല്‍കുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങളെല്ലാം കവര്‍ന്നെടുക്കപ്പെട്ടിരുന്നു.

വിദ്യാര്‍ഥികളുടേത് ആ അര്‍ത്ഥത്തില്‍ ഒരു സ്വാതന്ത്ര്യ പോരാട്ടമാണ്. അതിനെ കേവലം മതാചാരമായി ചുരുക്കുമ്പോള്‍  കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുകയാണ്, അത് അവരുടെ സ്വാതന്ത്ര്യ നിഷേധത്തിന്റെ നിയമവിചാരമായി മാറുന്നു. കാരണം ഹിജാബ് ഇസ്‌ലാമിന്റെ അവശ്യ- ആചാരമാണ് എന്നുവരുകില്‍ ഈ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് ധരിക്കാനുള്ള അവകാശം ലഭിക്കുകയല്ല, ഹിജാബ് ധരിക്കാതിരിക്കാനുള്ള അവകാശം നഷ്ടപ്പെടുകയാണ് ചെയ്യുക.

അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള നിയമപോരാട്ടത്തെ അവകാശനിഷേധത്തിന്റെ, മതം സൃഷ്ടിച്ച ആണ്‍കോയ്മാ വ്യവസ്ഥിതിയുടെ, സ്വാതന്ത്ര്യരാഹിത്യത്തിന്റെ, നിയമയുക്തിയാക്കിയിടത്ത് തന്നെ പ്രശ്‌നം വഴിതെറ്റിയിരുന്നു. ഒരു സ്വാതന്ത്ര്യ പോരാട്ടത്തെ സ്വാതന്ത്ര്യ നിഷേധത്തിന്റെ നിയമവ്യവഹാരമായി ചുരുക്കിയിടത്ത് കേസ് പരാജയപ്പെട്ടിരുന്നു.

ധൃതി പിടിച്ച് കേസ് ഫയല്‍ ചെയ്തപ്പോള്‍, ഈ കുട്ടികള്‍ എന്ന് മുതലാണ് ഹിജാബ് ധരിച്ചു തുടങ്ങിയത്, എന്നുപോലും കോടതിയെ ബോധിപ്പിച്ചില്ല ഇവര്‍.

മറ്റ് വിഷയങ്ങള്‍ കോടതിയില്‍ ഉന്നയിച്ചില്ലെന്നല്ല, പക്ഷേ, പ്രധാനവാദം മതസ്വാതന്ത്ര്യമായിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ സിംഹഭാഗവും ഈ വിഷയത്തിന്റെ അപഗ്രഥനമാണ്. നിഷേധിക്കാന്‍ വളരെ എളുപ്പമുള്ള വാദമായിരുന്നുവത്. ഹിജാബ് അവശ്യ മതാചാരമല്ല എന്നുവരികില്‍ പിന്നെ അനുച്ഛേദം 25ന്റെ സംരക്ഷണം ലഭിക്കുകയില്ല. കേസ് അവിടെ അവസാനിച്ചു.

ഇത്രയും പറഞ്ഞത് കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ പിന്തുണക്കുന്നത് കൊണ്ടല്ല, ഇത്തരമൊരു ഉത്തരവിലേക്കുള്ള എളുപ്പമാര്‍ഗം തുറന്നിട്ടത് മതവാദമാണ് എന്ന് ചൂണ്ടിക്കാണിക്കാന്‍ വേണ്ടി മാത്രമാണ്.

കര്‍ണാടക ഹൈക്കോടതിയുടെ ഹിജാബ് വിധിക്കെതിരെ വിവിധ മതസംഘടനകള്‍ സുപ്രീംകോടതിയിലേക്ക് പോയിട്ടുണ്ടെന്ന വാര്‍ത്ത കണ്ടു. ഹിജാബ് അവശ്യ മാതാചാരമാണ് എന്ന വാദവുമായാണ് പോകുന്നത്. എന്നാല്‍ കേസ് കോടതി എടുത്ത് ചവറ്റുകൊട്ടയില്‍ ഇടാനാണ് പോകുന്നത്.

കേസിലെ പരിഗണനാവിഷയങ്ങളുടെ സൗകര്യപ്രദമായ തെരഞ്ഞെടുപ്പാണ് കര്‍ണാടക ഹൈക്കോടതിയുടെ വിധിന്യായത്തിന്റെയും പിന്‍ബലം. ഏതുരീതിയിലാണ് കോടതി പ്രശ്‌നത്തെ സമീപിച്ചത് എന്നുനോക്കാം. നാല് നിയമസമസ്യകളാണ് വിധിയില്‍ ഫ്രെയിം ചെയ്തത്.

ഭരണഘടനയുടെ അനുച്ഛേദം 25ന്റെ സംരക്ഷണം അര്‍ഹിക്കുംവിധം ഹിജാബ് ഇസ്‌ലാമിന്റെ അവശ്യ മതാചാരമാണോ?

സ്‌കൂള്‍ യൂണിഫോം നിര്‍ബന്ധമാക്കുന്നത് നിയമപരമാണോ? അത് ഭരണഘടനയുടെ അനുച്ഛേദം 19(1) [അഭിപ്രായ സ്വാതന്ത്ര്യം], അനുച്ഛേദം 21 [സ്വകാര്യത] എന്നിവയുടെ ലംഘനമാകുന്നുണ്ടോ?

05/02/22ലെ ഗവണ്‍മെന്റ് ഉത്തരവ് നിയമപരമാണോ? അത് സ്വേച്ഛാപരവും അതുവഴി അനുച്ഛേദം 14, 15 എന്നിവയുടെ ലംഘനവുമാണോ?

ഹര്‍ജിയില്‍ ആവശ്യപ്പെടും പ്രകാരം അധികൃതര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടോ?

അവശ്യ മതാചാരം സംബന്ധിച്ച ആദ്യ ചോദ്യത്തെപ്രതി ഒരുപാട് വിശകലനങ്ങള്‍ക്ക് പ്രസക്തിയൊന്നുമില്ല. അവശ്യ-മതാചാരം (essential religious practice) എന്ന നിയമവിചാരം തന്നെ അസംബന്ധമാണ്.

ഒരു ആചാരം മതത്തിന്റെ അവശ്യഘടകമാണോ എന്ന കാര്യത്തില്‍ അന്തിമ വിധി പറയാനുള്ള കഴിവോ വൈദഗ്ധ്യമോ കോടതികള്‍ക്കില്ല. ഈ ആചാരങ്ങള്‍ ഭരണഘടന അനുശാസിക്കും വിധം ഒരു ജനാധിപത്യ സമൂഹത്തിന് അനുയോജ്യമാണോ എന്ന പരിശോധന മാത്രമായിരിക്കണം കോടതികള്‍ ഏറ്റെടുക്കേണ്ട ദൗത്യം. ഭരണഘടനാ കോടതികള്‍ പൗരോഹിത്യകോടതികളുടെ ചുമതല ഏറ്റെടുക്കുന്നത് മതേതര ജനാധിപത്യസമൂഹത്തിന് ഭൂഷണമല്ല.

ഒരാളുടെ മതവും ആചാരവും തികച്ചും വ്യക്തിപരമായ കാര്യമാണ്, കോടതികള്‍ തീര്‍പ്പുകല്പിക്കേണ്ട കാര്യമല്ല. അത് വ്യക്തിയുടെ വിശ്വാസത്തിന്റെയും മനഃസാക്ഷിയുടെയും തെരഞ്ഞെടുപ്പിന്റെയും സാംസ്‌കാരിക ബോധ്യങ്ങളുടെയും കാര്യമാണ്. കോടതിയോ സ്റ്റേറ്റോ അല്ല അവയില്‍ തീര്‍പ്പു കല്പിക്കേണ്ടത്.

ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്, മധ്യകാലഘട്ടത്തിലെ പൗരോഹിത്യ കോടതികളുടെ പണി ഭരണഘടനാ കോടതികള്‍ ഏറ്റെടുക്കേണ്ടതില്ല. എന്നാല്‍ ആചാരങ്ങള്‍ പൊതുസമാധാനത്തിനോ ആരോഗ്യത്തിനോ ധാര്‍മികതയ്‌ക്കോ വിരുദ്ധമാകുന്നിടത്ത് ഭരണഘടനയുടെ അനുച്ഛേദം 25(1) അനുശാസിക്കും വിധമുള്ള ഇടപെടലുകള്‍ ഉണ്ടാവുകയും വേണം. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ സുപ്രീംകോടതി 1954-ലെ ശിരൂര്‍ മഠ കേസ് (The Commissioner, Hindu Religious Endowments, Madras v Shri Lakshmindar Tirtha Swamiyar of Shri Shirur Mutt) മുതല്‍ ഇങ്ങോട്ട് അവശ്യ മതാചാര പരിശോധന നടത്തിവരുന്നു.

ആവശ്യമതാചാര പരിശോധനയുടെ തുടക്കം ഡോ. അംബേദ്കറുടെ തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമവും നടത്തുന്നുണ്ട് കര്‍ണാടക ഹൈക്കോടതി. ഭരണഘടനാ നിര്‍മാണ സഭയിലെ അദ്ദേഹത്തിന്റെ പ്രസംഗം ഉദ്ധരിക്കുകയാണ് ഹൈക്കോടതി: ”ജനനം മുതല്‍ മരണം വരെ മതബന്ധിതമാണ് ഇന്ത്യന്‍ സമൂഹം.

എന്നാല്‍ ഇനി, മതത്തിന്റെ നിര്‍വചനം, അവശ്യമായും (essential) മതപരമായ ആചാരാനുഷ്ടാനങ്ങളിലേക്കും വിശ്വാസത്തിലേക്കും മാത്രമായി പരിമിതപ്പെടുത്താന്‍ നമ്മള്‍ ശ്രമിക്കേണ്ടിയിരിക്കുന്നു.” ഇവിടെ essentially religious practice (അടിസ്ഥാനപരമായി മതപരമായ ആചാരങ്ങള്‍), essential religious practice (അവശ്യ മതാചാരങ്ങള്‍) എന്നിവയെ കൂട്ടിക്കുഴക്കുകയാണ് കോടതി. രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്.

Essentially religious practice എന്ന് വച്ചാല്‍ അടിസ്ഥാനപരമായി മതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നാണര്‍ത്ഥം; ആര്‍ട്ടിക്കിള്‍ 25 (2) (എ)യില്‍ പറയുന്ന പോലെ സാമ്പത്തികവും, ധനപരവും, രാഷ്ട്രീയവും മറ്റു മതേതരവുമായ പ്രവര്‍ത്തികളില്‍ പെടാത്ത മത സംബന്ധിയായ കാര്യങ്ങള്‍. അത്തരം കാര്യങ്ങളില്‍, അവ പൊതുസമാധാനത്തിനോ ധാര്മികതയ്‌ക്കോ, ആരോഗ്യത്തിനോ വിരുദ്ധമാകാത്തിടത്തോളം കാലം, സ്റ്റേറ്റിന് ഇടപെടാന്‍ കഴിയില്ല എന്നാണ് അനുച്ഛേദം 25-ന്റെ നേര്‍വായനയില്‍നിന്നും നമുക്ക് മനസിലാവുക.

എന്നാല്‍ നമ്മുടെ ഭരണഘടനാകോടതികള്‍ essential religious practice  (അവശ്യ മതാചാരങ്ങള്‍) എന്ന ഒരു സംജ്ഞ കൊണ്ടുവന്നു. മതത്തിന്റെ അവശ്യ ആചാരമേത് എന്ന് കോടതികള്‍ തീരുമാനിക്കുമെന്ന് വന്നു. ഈ ജുഡീഷ്യല്‍ അസംബന്ധം ഇന്നും തുടരുന്നു. ശബരിമല കേസില്‍ ജസ്റ്റിസ്. ഇന്ദു മല്‍ഹോത്രയുടെയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെയും വിധിന്യായങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നുണ്ട്. ‘അടിസ്ഥാനപരമായി മതപരമായ ആചാരങ്ങളും’ ‘അവശ്യ മതാചാരങ്ങളും’ തമ്മിലുള്ള അന്തരം വിധിയില്‍ പരാമര്‍ശവിഷയമാണ്. ഹിജാബ് നിരോധനത്തെ ന്യായീകരിക്കുവാന്‍ ശബരിമല വിധിയെ ആവര്‍ത്തിച്ച് ആശ്രയിക്കുന്ന ഹൈക്കോടതി പക്ഷേ, ഈ ഭാഗം കണ്ടില്ലെന്നു നടിക്കുന്നു.

രണ്ടാമത്തെ ചോദ്യമാണ് യഥാര്‍ത്ഥത്തില്‍ വിധിന്യായത്തിന്റെ ആന്തരിക ചോദനയുടെ ബഹിര്‍സ്ഫുരണമാകുന്നത്. ‘യൂണിഫോം ഏര്‍പ്പെടുത്തുന്നത് നിയമപരമാണോ’ എന്നാണ് ചോദ്യം- അത് ഭരണഘടന അനുവദിക്കുന്ന യുക്തിസഹമായ നിയന്ത്രണങ്ങളുടെ പരിധിയില്‍ പെടുമോ എന്ന്. സ്‌കൂളുകളില്‍ യൂണിഫോം നിഷ്‌കര്‍ഷിക്കുന്നതിനെ ഇവിടെ ആരും എതിര്‍ത്തിട്ടില്ല. യൂണിഫോം അവകാശ ലംഘനമാണ് എന്ന് സമര്‍ത്ഥിക്കാനും ശ്രമിച്ചിട്ടില്ല.

സത്യം അതായിരിക്കെ ഇങ്ങനെയൊരു സാങ്കല്‍പ്പിക ചോദ്യം ഉന്നയിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നത് യഥാര്‍ത്ഥ നിയമപ്രശ്‌നത്തെ ഒഴിവാക്കിയെടുക്കാനാണ് എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയാനാകില്ല. യഥാര്‍ത്ഥത്തില്‍ കോടതി അഭിസംബോധന ചെയ്യേണ്ടിയിരുന്നത് യൂണിഫോമിനൊപ്പം അതേ നിറത്തിലുള്ള ഹിജാബ് കൂടി അണിയുന്നത് അനുവദനീയമാണോ എന്നായിരുന്നു. ചോദ്യം അതായിരുന്നെങ്കില്‍ ഉത്തരവും മറ്റൊന്നായിരിക്കുമെന്ന് ആരാണ് ഭയപ്പെട്ടത്?

വിധിയുടെ 105ാം പേജ് നോക്കുക: ”സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിപരമായി അവര്‍ക്കിഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശം വേണം എന്ന തരത്തിലുള്ള തീവ്രമായ വാദങ്ങള്‍ ക്യാംപസിനും പുറത്തും അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാവുന്ന അച്ചടക്കരാഹിത്യത്തിലേക്കാവും നയിക്കുക.” വളരെ ശരിയായ നിരീക്ഷണമാണ്. പക്ഷേ അത്തരമൊരു വാദം ഇവിടെ ആരും ഉന്നയിച്ചിട്ടില്ല എന്ന് മാത്രം.

ഇല്ലാത്ത വാദങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്, അതിനെ ഖണ്ഡിച്ച്, ഈ പ്രശ്‌നത്തെ സാധൂകരിക്കാന്‍ ശ്രമിക്കുകയാണ് കോടതി. വിധി തുടര്‍ന്ന് വായിക്കുക: ”സ്‌കൂളിലെ ഡ്രസ്സ് കോഡ് മൗലികാവകാശവിരുദ്ധമാണ് എന്ന് ആരോപിച്ചുകൊണ്ട് ഒറ്റയടിക്ക് അതെല്ലാം നിരോധിക്കണമെന്ന വാദം വിചിത്രമാണ്.” ഈ വിചിത്ര വാദം കോടതി തന്നെ സങ്കല്പിച്ചെടുത്തതാണെന്നു മാത്രം!

യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തത് മൗലികാവകാശ ലംഘനമല്ല എന്ന് കാണിക്കാന്‍ ഹൈക്കോടതി സ്വീകരിക്കുന്ന മറ്റൊരു മാര്‍ഗം ക്ലാസ്സ് മുറി ഒരു ‘നിയന്ത്രിത പൊതു ഇടം’ (Qualified Public Space) ആണെന്ന് സ്ഥാപിക്കുകയാണ്. നിയന്ത്രിത പൊതു ഇടങ്ങളില്‍ മൗലിക അവകാശങ്ങള്‍ക്ക് മറ്റുള്ള ഇടങ്ങളിലെ അത്ര പ്രാമാണിത്തമില്ലത്രേ! എന്താണ് ഈ ‘നിയന്ത്രിത പൊതു ഇടം’? കോടതിയ്ക്ക് സംശയമൊന്നുമില്ല: ”സ്‌കൂളുകള്‍, കോടതികള്‍, വാര്‍-റൂമുകള്‍, ഡിഫെന്‍സ് ക്യാമ്പുകള്‍” എന്നിവയൊക്കെ നിയന്ത്രിത പൊതു ഇടമാണെന്നാണ് പറയുന്നത്.

യുദ്ധമുറികളും, ക്യാമ്പുകളും സ്‌കൂളുകളും തമ്മിലെന്ത് എന്ന് അത്ഭുതം കൂറുന്നവര്‍ക്ക് എന്തുകൊണ്ട് സ്‌കൂളുകളില്‍ മൗലികാവകാശങ്ങള്‍ അത്രകണ്ട് ബാധകമല്ല എന്ന വിശദീകരണം കൂടി വായിച്ചാല്‍ തൃപ്തിയാകും. ”ഇത്തരമിടങ്ങളില്‍ മുഖ്യമായ അവകാശങ്ങള്‍ പോലും ആനുമാനിക അവകാശങ്ങളായി രൂപാന്തരം പ്രാപിക്കും.

ഉദാഹരണത്തിന് സാധാരണ പൗരനേക്കാള്‍ അവകാശങ്ങള്‍ കുറവായിരിക്കും ഒരു വിചാരണ തടവുകാരന്. വിചാരണ തടവുകാരനെക്കാള്‍ കുറഞ്ഞ അവകാശങ്ങള്‍ മാത്രമായിരിക്കും കുറ്റവാളിക്ക്.” സ്‌കൂളുകളിലും ജയിലുകളിലെന്നപോലെ അവകാശങ്ങള്‍ നിയന്ത്രിതമായിരിക്കുമെന്നര്‍ഥം. ഇക്കാര്യംകൊണ്ടു തന്നെ പൊതു ഇടങ്ങളില്‍ ബാധകമായ കണിശമായ ഭരണഘടനാപരിശോധനകള്‍ ഇവിടെ ബാധകമല്ല.

അങ്ങനെയാണ് വസ്ത്രധാരണം അനുച്ഛേദം 19 ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അനുച്ഛേദം 21 അനുസരിച്ച് സ്വകാര്യതയുടെയും ഭാഗമാണെന്ന വാദത്തെ കോടതി മറികടന്നത്. അല്ലാത്തപക്ഷം കര്‍ശനമായ നിയമപരിശോധന അനിവാര്യമായി വരും. ഗവണ്മെന്റ് നിര്‍ദ്ദേശിക്കുന്ന നിയന്ത്രണം ആനുപാതികമാണ് എന്ന് തെളിയിക്കണം.

അതായത്, ഗവണ്മെന്റ് നടപടിക്ക് നീതിയുക്തമായ ലക്ഷ്യമുണ്ടാകണം, ലക്ഷ്യവുമായി യുക്തിപരമായ ഒരു ബന്ധമുണ്ടാകണം, നടപടി അനിവാര്യമായിരിക്കണം (കുറഞ്ഞ അളവില്‍ മാത്രം അവകാശങ്ങളെ ഹനിക്കുന്ന മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലെന്നു തെളിയിക്കണം), പൗരാവകാശത്തെ ക്രമാതീതമായ തരത്തില്‍ ഹനിക്കാതെ അവകാശങ്ങളുമായി തുലനപ്പെടുത്തുന്നതായിരിക്കണം എന്നിങ്ങനെ. ഇവിടെ ആ പരിശോധനകളൊക്കെ ഒഴിവാക്കിയിരിക്കുന്നു. ”മനുഷ്യാവകാശങ്ങള്‍ സാര്‍വലൗകികമാണ്, എന്നാല്‍ അവയുടെ നിയന്ത്രണം ഒരു ഭരണഘടനാ യാഥാര്‍ഥ്യമാണ്” എന്നാണ് കോടതിയുടെ വെളിപാട്.

ഇതിന് മുന്‍പ് സ്‌കൂളുകളെ ജയിലുകളോട് ഉപമിച്ചത് ജര്‍മന്‍ തത്വചിന്തകനായിരുന്ന ഇവാന്‍ ഡൊമിനിക് ഇല്ലിച്ചിന്റെ ‘ഡീസ്‌കൂളിങ് സൊസൈറ്റി’ എന്ന പ്രസിദ്ധമായ പുസ്തകത്തിലാണ്. ഏകാധിപത്യപരമായ അധികാരഘടനയും, അച്ചടക്കവും, സ്വാതന്ത്ര്യ രാഹിത്യവും നിലനില്‍ക്കുന്ന സ്‌കൂളിങ് സംവിധാനത്തെക്കുറിച്ചുള്ള വിമര്‍ശനമായിരുന്നു അത്. സ്‌കൂളും ജയിലും തമ്മിലുള്ള ഘടനാപരമായ സാമ്യത്തെക്കുറിച്ച് ഫൂക്കോയും പ്രതിപാദിക്കുന്നുണ്ട്. ഇല്ലിച്ചിനും ഫുക്കോയ്ക്കും ശേഷം ഇതാ കര്‍ണാടക ഹൈക്കോടതി സ്‌കൂളും ജയിലും തമ്മിലുള്ള നിഗൂഢ വ്യാമം അളന്നു തീര്‍ക്കുകയാണ്.

യൂണിഫോമിന്റെ മാഹാത്മ്യത്തെക്കുറിച്ച് ദീര്‍ഘമായി ഉപന്യസിച്ചിട്ടുണ്ട് കോടതി. പൗരാണിക കാലംമുതല്‍ യൂണിഫോം ഉണ്ടായിരുന്നുവെന്നും ഗുരുകുല സമ്പ്രദായത്തില്‍ യൂണിഫോം അനിവാര്യമായിരുന്നുവെന്നും ”യൂണിഫോമില്ലാത്ത സ്‌കൂളിനെക്കുറിച്ച് സാമാന്യബോധമുള്ള ആര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയില്ല” എന്നുവരെ പറഞ്ഞുവയ്ക്കുന്നു. ”ഏകാത്മകമായ ക്ലാസ്സ്മുറികള്‍ സൃഷ്ടിക്കുന്നതിലൂടെ, യൂണിഫോം, ഭരണഘടനാപരമായ മതേതരത്വത്തിന് ഊര്‍ജം പകരുന്നു.” ഏകാത്മകത എന്തോ മഹത്തരമായ നന്മയാണെന്നാണ് കോടതി പറയുന്നത്.

വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുക എന്നത് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണെന്ന വാദത്തെ കോടതി തള്ളിക്കളയുന്നുണ്ട് (പേജ് 97). മറ്റൊരിടത്ത് ”ക്ളാസ്സ് മുറി സമൂഹത്തിലെ വൈവിധ്യങ്ങളെ അംഗീകരിക്കുകയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ഇടമാകണം, സാമൂഹികമായും ധാര്‍മികമായും സമൂഹത്തിന്റെ പ്രതിബിംബമായിരിക്കണം” എന്ന ഹര്‍ജിക്കാരുടെ വാദത്തെ ‘പൊള്ളയായ വാചാടോപം’ എന്ന് പരിഹസിക്കുന്നു (പേജ് 101).

ഹിജാബ് ധരിക്കുന്നത് യൂണിഫോമിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തും എന്നാണ് വിധിയുടെ 107-ആം പേജില്‍ പ്രസ്താവിച്ചിരിക്കുന്നത്. യൂണിഫോമിനൊപ്പം അതേ നിറത്തിലുള്ള തട്ടം കൂടി ധരിച്ചാല്‍ യൂണിഫോം ഇല്ലാതാകും എന്ന് പറയുന്നത് ഏത് സാമാന്യബോധത്തിന്റെ അടിസ്ഥാനത്തിലാണാവോ. വിധി വായിച്ചവസാനിപ്പിക്കുമ്പോള്‍ സ്‌കൂളില്‍ പോകുന്നത് പഠിക്കാനാണോ അതോ യൂണിഫോം ധരിക്കാനാണോ എന്ന സംശയമാണ് മനസില്‍ ബാക്കിയാവുക.

യൂണിഫോം നിഷ്‌കര്‍ഷിക്കാനുള്ള അധികാരം സ്ഥാപിച്ചെടുക്കാന്‍ സിഗരറ്റ് വലിച്ച കുറ്റത്തിന് വിദ്യാര്‍ത്ഥിയെ ചൂരലിനു വീക്കിയ പ്രധാനാധ്യാപകന്റെ അധികാരം സംബന്ധിച്ച പഴയൊരു ബ്രിട്ടീഷ് കേസ് വരെ ഉദ്ധരിക്കുന്നുണ്ട്. യൂണിഫോം ധരിക്കലാണ് ആത്യന്തികമായ ലക്ഷ്യവും മാര്‍ഗവും എന്ന് ഹൈക്കോടതി തെറ്റിദ്ധരിച്ചതുപോലെ. അതുകൊണ്ടുതന്നെ ഏതുവിധേനയും യൂണിഫോം നിലനിര്‍ത്തുക എന്നതാണ് വിധിയുടെ അടിസ്ഥാനവിചാരമെന്നു കാണാം. യുക്തിപരമായ ഒരു ഒത്തുതീര്‍പ്പിലേക്ക് (Reasonable Accommodation) എത്തിച്ചേരാന്‍ കോടതി വിസമ്മതിക്കുന്നതിന്റെ കാരണവും അത് തന്നെയാണ്.

ആധുനിക ജനാധിപത്യ സമൂഹങ്ങളിലെല്ലാം തന്നെ യൂണിഫോമിനൊപ്പം ധരിക്കാവുന്ന മത ചിഹ്നങ്ങളോ മറ്റു സംഗതികളോ അനുവദനീയമാണ്. ഹിജാബോ, സിഖ് ലോഹ വളയോ, തലപ്പാവോ, അല്ലെങ്കില്‍ ആം ബാന്‍ഡ് പോലുള്ള മറ്റ് ആഭരണങ്ങളോ യൂണിഫോമിനൊപ്പം ധരിക്കാറുണ്ട്.

ഇന്ത്യയില്‍ ഇപ്പോള്‍ സംഭവിച്ചതിനു സമാനമായ തരത്തില്‍ സിഖ് പെണ്‍കുട്ടികള്‍ക്ക് ‘കര'(മതാചാരപ്രകാരമുള്ള ലോഹ വള) ധരിച്ചുകൊണ്ട് സ്‌കൂളില്‍ വരാനുള്ള അവകാശം നിഷേധിക്കപ്പെട്ടപ്പോള്‍ ഇംഗ്ലീഷ് ഹൈക്കോടതി അതിനെതിരെ നിലപാടെടുത്തിരുന്നു. ദക്ഷിണാഫ്രിക്കന്‍ സുപ്രീംകോടതിയുടെ 2007-ലെ നവനീതം പിള്ള (KwaZulu-Natal and Others v Navaneethum Pillay (2007)) കേസില്‍ യൂണിഫോമിനൊപ്പം ഹിന്ദു സംസ്‌കാരമനുസരിച്ചുള്ള മൂക്കുത്തി ഇടാന്‍ വിദ്യാര്‍ത്ഥിയെ അനുവദിച്ചുകൊണ്ട് ഉത്തരവിട്ടു.

മുക്കൂത്തി ഇടാന്‍ അനുവദിക്കാത്തത് സാംസ്‌കാരിക ന്യൂനപക്ഷങ്ങളോടുള്ള പരോക്ഷ വിവേചനമാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. കര്‍ണാടക ഹൈക്കോടതി പക്ഷേ ഈ കേസ് ഇവിടെ സ്വീകാര്യമാവില്ല എന്ന് പ്രസ്താവിച്ചു. മുക്കൂത്തിയ്ക്ക് കണ്ണില്‍ പെടാന്‍ മാത്രമുള്ള വലുപ്പമില്ല, ഹിജാബ് അങ്ങനെയല്ല എന്നാണ് ന്യായം.

ഇതോടൊപ്പം ഹൗസ് ഓഫ് ലോര്‍ഡ്‌സിന്റെ ഒരു വിധികൂടി ഉദ്ധരിക്കുന്നുണ്ട് (REGINA vs. GOVERNORS OF DENBIGH HIGH SCHOOL). പ്രസ്തുത വിധിയില്‍ യൂണിഫോമിനെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഒരു ഭാഗമാണ് ഹൈക്കോടതി ഉത്തരവില്‍ ചേര്‍ത്തിരിക്കുന്നത്: ‘… മത, വംശ, സാംസ്‌കാരിക ഭേദമന്യേ എല്ലാവര്‍ക്കും ഒരുമിച്ചു മമതയോടെ കഴിയുവാനുള്ള കഴിവിനെ പ്രോത്സാഹിപ്പിക്കുക എന്നതുകൂടി സ്‌കൂളിന്റെ കര്‍ത്തവ്യമാണ്.

അതിനുവേണ്ടി സ്‌കൂളിനകത്ത് ഒരു സാമൂഹിക ബോധവും ഒത്തൊരുമയും വളര്‍ത്തുക എന്നത് പ്രധാനമാണ്. സാമൂഹികവും മതപരവും വംശീയവുമായ വേര്‍തിരിവുകളെ ലഘൂകരിക്കാന്‍ യൂണിഫോമിന് കഴിയും…’ എന്നാല്‍ ഇതേ വിധിയുടെ അടുത്ത ഖണ്ഡിക നമ്മുടെ ഹൈക്കോടതി വായിച്ചു നോക്കിയില്ല. അവിടെ ഹിജാബിന്റെ തന്നെ കാര്യം ചര്‍ച്ച ചെയ്യപ്പെടുന്നത് കാണാം.

ഒരുപക്ഷേ ഹിജാബ് നിരോധിച്ചാല്‍ പല യാഥാസ്ഥിതിക കുടുംബങ്ങളും കുട്ടികളെ സ്‌കൂളില്‍ അയക്കാതിരുന്നേക്കാം. അത് സ്ത്രീകളുടെ ഉന്നമനത്തിന് വിഘാതമാവുകയേ ഉള്ളൂ. സവിശേഷമായ സാമൂഹിക പശ്ചാത്തലത്തില്‍ വിവിധ അവകാശങ്ങളുടെ നീതിപൂര്‍വകമായ തുലനംചെയ്യലാണ് പരിഹാരം.

തുടര്‍ന്ന് വിധി വായിക്കുക: ”യൂണിഫോമിന്റെ ഭാഗമായ ഷര്‍ട്ടും ടൈയും ജമ്പറും ഒരേ നിറമുള്ള മറ്റു മേല്‍വസ്ത്രങ്ങളും സാമൂഹിക ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നു. അതുപോലെതന്നെ പെണ്‍കുട്ടികളെ പാവാടയോ, ട്രൗസറോ, സല്‍വാര്‍ കമ്മീസോ, ആഗ്രഹാനുസരണം ഹിജാബോ ധരിക്കാന്‍ അനുമതി നല്‍കുക വഴി സാംസ്‌കാരികവും മതപരവുമായ വൈവിധ്യത്തെ ആദരിക്കുകയും ചെയ്യുന്നു.” ഇതാണ് സ്വതന്ത്ര ജനാധിപത്യ സമൂഹങ്ങള്‍ സ്വീകരിക്കുന്ന നിലപാട്. എന്തിനാണ് കര്‍ണാടക കോടതി ഈ ഭാഗം മറച്ചു വച്ചത് എന്നത് ചിന്തനീയമാണ്.

വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്കന്‍ ഗവണ്മെന്റിന്റെ നയത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാന്‍ യൂണിഫോമിനൊപ്പം കറുത്ത കൈപ്പട്ട ധരിച്ചു സ്‌കൂളില്‍ എത്തിയ വിദ്യാര്‍ത്ഥികളുടെ പക്ഷം ഉയര്‍ത്തിപ്പിടിച്ച അമേരിക്കന്‍ സുപ്രീംകോടതിയുടെ വിധിയും വിപരീതാര്‍ത്ഥത്തില്‍ ഉദ്ധരിക്കുന്നുണ്ട് കര്‍ണാടക ഹൈക്കോടതി (Tinker v Des Moines Independent School District).

‘ക്ലാസ്സ് തടസ്സപ്പെടുത്തുകയോ ക്രമരാഹിത്യം സൃഷ്ടിക്കുകയോ, മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുകയോ ചെയ്യുന്ന പ്രവര്‍ത്തികള്‍ക്ക് ജോണ്‍ എഫ് ടിങ്കര്‍ കേസില്‍ പറയുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭരണഘടനാപരമായ സംരക്ഷണം ലഭിക്കില്ല”. ഇവിടെ പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നത് പഠനത്തിനോ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കോ തടസം സൃഷ്ടിക്കുകയും ക്രമസമാധാന പ്രശ്‌നമുണ്ടാക്കുകയും മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുകയും ചെയ്യുമെന്നാണോ കോടതി ഉദ്ദേശിക്കുന്നത്?

അമേരിക്കന്‍ സുപ്രീംകോടതി വിധിയുടെ ബാക്കി ഭാഗങ്ങള്‍ കൂടി നമ്മള്‍ കാണേണ്ടതാണ്: ‘അസ്വാസ്ഥ്യം ഉണ്ടാക്കുമെന്ന വ്യതിരിക്തമല്ലാത്ത ഭയം, നമ്മുടെ വ്യവസ്ഥിതിയില്‍, ഒന്നാം ഭേദഗതി ഉറപ്പു നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ മറികടക്കുന്നതിനുള്ള ന്യായീകരണമാകുന്നില്ല… അഭിപ്രായ വ്യത്യാസങ്ങളും ഭൂരിപക്ഷ ബോധത്തിന് വിരുദ്ധമായ അഭിപ്രായങ്ങളും അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയേക്കാം, എന്നാല്‍ അത്തരത്തിലുള്ള വിയോജിപ്പുകളാണ് നമ്മുടെ ദേശീയതയുടെയും സ്വാതന്ത്ര്യത്തിന്റെയും ശക്തി… അധ്യാപകരോ വിദ്യാര്‍ത്ഥികളോ അവരുടെ അഭിപ്രായ സ്വാതന്ത്ര്യം സ്‌കൂള്‍ ഗേറ്റിനു പുറത്തു വച്ചിട്ട് വരണമെന്നു പറയാനാകില്ല.

ഈ കുട്ടികള്‍ സ്‌കൂളിന്റെ പ്രവര്‍ത്തനത്തെയോ അധ്യയനത്തെയോ ഏതെങ്കിലും തരത്തില്‍ തടസ്സപ്പെടുത്തിയെന്നു പറയാനാകില്ല. യൂണിഫോമിനൊപ്പം കറുത്ത കൈപ്പട്ട ധരിച്ചു എന്നത് മാത്രമാണ് കുറ്റം. അതിന്റെ പേരില്‍ അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിഷേധിക്കുവാന്‍ നമ്മുടെ ഭരണഘടന അധികൃതര്‍ക്ക് അധികാരം നല്‍കുന്നില്ല.” ഈ വാചകങ്ങളും നമ്മുടെ കോടതിയുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. അഭിപ്രായ സ്വാതന്ത്ര്യം ഗേറ്റിനു വെളിയില്‍ വച്ചിട്ട് വരാന്‍ നിര്‍ദ്ദേശിക്കാനാവില്ല എന്നു പറഞ്ഞ വിധി എടുത്തിട്ടാണ് അവകാശങ്ങള്‍ നിഷേധിക്കാനാവും എന്നു സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്.

നമ്മുടെ രാജ്യത്തു തന്നെ ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും യൂണിഫോമിനൊപ്പം അതേ നിറത്തിലുള്ള ഹിജാബ് അനുവദനീയമാണ്. കേന്ദ്രീയ വിദ്യാലയങ്ങളിലുമതേ. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പരിഗണിക്കപ്പെടേണ്ടതാണെന്നു പോലും കര്‍ണാടക ഹൈക്കോടതിയ്ക്കു തോന്നിയില്ല. കേന്ദ്രീയ വിദ്യാലയങ്ങളിലേത് കേന്ദ്ര സര്‍ക്കാരിന്റെ നയമാണ്. ഇന്ത്യ ഒരു ഫെഡറല്‍ രാജ്യമാണ്, സംസ്ഥാനങ്ങള്‍ അതെ നയം പിന്തുടരണമെന്നു പറയാനാകില്ല. അവര്‍ക്ക് സ്വന്തമായ നയതീരുമാനങ്ങള്‍ എടുക്കാവുന്നതാണ് എന്നാണ് വിധിയിലെ നിരീക്ഷണം.

ഭരണഘടനയുടെ അനുച്ഛേദം 25-ന്റെ ഭാഗമായ മനഃസാക്ഷിക്കുള്ള അവകാശം സംബന്ധിച്ച സുപ്രധാനമായ നീതിവിചാരം നടത്തുന്നുണ്ട് കര്‍ണാടക ഹൈക്കോടതി. ‘ഹിജാബ് എങ്ങനെയാണ് മന:സാക്ഷിയുടെ ഭാഗമാകുന്നത്?’ എന്നാണ് കോടതി ചോദിക്കുന്നത്. അതിനു കൃത്യമായ മറുപടി നല്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞിട്ടുമില്ല. അവര്‍ ഉയര്‍ത്തിക്കാട്ടിയ ബിജോയ് ഇമ്മാനുവല്‍ കേസിലെ അടിസ്ഥാന വിഷയം മത വിശ്വാസമായിരുന്നുവെന്നും ഇവിടെയും അതാണോ ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നത് എന്ന് കോടതി ആരായുന്നു.

ആണെങ്കില്‍ അത് മന:സാക്ഷിക്കുള്ള അവകാശത്തിന്റെ ഭാഗമാകുകയില്ല എന്നാണ് കോടതിയുടെ പക്ഷം. സാംസ്‌കാരിക/രാഷ്ട്രീയ/പ്രാദേശിക മാനങ്ങള്‍ ഉള്ളതാണ് ‘മനഃസാക്ഷി’ എന്ന സംജ്ഞ. മതവിശ്വാസം വ്യതിരിക്തമായി ഇതേ അനുച്ഛേദത്തില്‍ പറഞ്ഞിട്ടുള്ള നിലയ്ക്ക് അത് വ്യത്യസ്തമായിരിക്കുമെന്നാണ് കോടതിയുടെ അനുമാനം.

സ്വേച്ഛതയും തുല്യതയും സംബന്ധിച്ച ആരോപണങ്ങളെ കോടതി നേരിട്ടത് ഈ മേഖലയിലെ സമീപകാല നിയമവൈജ്ഞാനിക വികാസങ്ങളെ അവഗണിച്ചുകൊണ്ടാണ്. ”പ്രസ്തുത സര്‍ക്കാരുത്തരവ് തുല്യതക്ക് എതിരല്ല. പ്രത്യേകിച്ച് ഏതെങ്കിലുമൊരു വിഭാഗത്തെ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല ഈ ഉത്തരവ്.” ഇത് തുല്യതയെക്കുറിച്ചുള്ള ഒരു മിഥ്യാധാരണ സൃഷ്ടിക്കലാണ്.

വിശ്വാസത്തിന്റെയോ സംസ്‌കാരത്തിന്റെയോ ഒക്കെ ഭാഗമായി ഹിജാബ് ധരിച്ച് ശീലിച്ചുപോന്നിരുന്ന, ഇന്നലെവരെ അത് തുടര്‍ന്നിരുന്നവരോട് നാളെ മുതല്‍ അത് പാടില്ല എന്ന് പറയുന്നതുപോലെയല്ല, ഹിജാബ് വിഷയം ഉയര്‍ന്നുവന്നപ്പോള്‍ അതിനെ വൈകാരിക-രാഷ്ട്രീയ പ്രശ്‌നമാക്കി ഉയര്‍ത്തുവാന്‍ വേണ്ടി കാവി ഷാള്‍ അണിഞ്ഞവര്‍. ഇന്നലെവരെ ഉപയോഗിക്കുന്നില്ലായിരുന്ന ഷാള്‍ ഇനിയും ഉപയോഗിക്കുന്നില്ല എന്ന് മാത്രമേ വരൂ.

മുസ്‌ലിം പെണ്‍കുട്ടികളെ സംബന്ധിച്ച് അതങ്ങനെയല്ല. യഥാതഥസമത്വം (substantial equality) എന്ന സങ്കല്‍പ്പത്തിന് വിരുദ്ധമാണ് ഹൈക്കോടതിയുടെ ഉത്തരവെന്ന് സ്പഷ്ടമാണ്. കാരണം ഈ ഉത്തരവ് ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ ഉണ്ടാക്കുന്ന ഫലം വളരെ വ്യത്യസ്തമാണ്. ഒരു വിഭാഗത്തിന് മൗലിക അവകാശങ്ങള്‍ നഷ്ടപ്പെടുന്നുവെങ്കില്‍ മറുവിഭാഗത്തിന് യാതൊരു പ്രശ്‌നവും ഉണ്ടാക്കുന്നുമില്ല. കേവല സമത്വവാദം പരോക്ഷ വിവേചനം (indirect discrimination) സൃഷ്ടിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ വിധി.

ഇന്ത്യന്‍ കോടതികളിലും പരോക്ഷ വിവേചനം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. നവതേജ് സിംഗ് ജോഹര്‍ കേസില്‍ സ്വവര്‍ഗാനുരാഗത്തെ ക്രിമിനല്‍വത്കരിക്കുന്ന ഐ.പി.സി. സെക്ഷന്‍ 377 റദ്ദ് ചെയ്യവേ, പ്രസ്തുത വകുപ്പ് പരോക്ഷ വിവേചനത്തിന് കാരണമാകുന്നുവെന്ന് പ്രസ്താവിച്ചിട്ടുണ്ട്.

എന്നാലും അതിന് കൃത്യമായ ഒരു നിയമവൈജ്ഞാനിക ചട്ടക്കൂടുണ്ടാകുന്നത് 2021-ലെ സ്ത്രീ സൈനികര്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട കേസിലാണ്.

2020-ല്‍ സുപ്രീംകോടതി, കരസേനയില്‍ വനിതാ ഓഫീസര്‍മാര്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ അനുവദിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു (Secretary, Ministry of Defence v Babita Puniya). ഇതനുസരിച്ച് പെര്‍മനന്റ് കമ്മീഷന്‍ അനുവദിക്കുന്നതിനുവേണ്ടി മെഡിക്കല്‍, ഫിസിക്കല്‍ ടെസ്റ്റുകള്‍ ഏര്‍പ്പെടുത്തി. പക്ഷെ, വളരെ ചെറിയ പ്രായത്തില്‍ പുരുഷന്മാര്‍ അഭിമുഖീകരിച്ച അതേ ടെസ്റ്റുകള്‍ തന്നെയായിരുന്നു നാല്പതുകളിലെത്തിയ സ്ത്രീകള്‍ക്കും നല്‍കിയത്.

ഇതിനെതിരെ അവര്‍ സുപ്രീംകോടതിയെ സമീപിച്ചു (Lt. Colonel Nitisha vs Union of India) . ജസ്റ്റിസ് ഡി. വൈ.ചന്ദ്രചൂഡ്, ജസ്റ്റിസ് എം. ആര്‍. ഷാ എന്നിവരുടെ ബഞ്ച് സ്ത്രീകള്‍ക്ക് അനുകൂലമായി വിധിയെഴുതി. ടെസ്റ്റുകള്‍ കേവല-സമത്വത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും എന്നാല്‍, പ്രായവ്യത്യാസം കണക്കിലെടുക്കാതിരിക്കുകവഴി അത് പരോക്ഷ വിവേചനത്തിന് വഴിയൊരുക്കുമെന്നും കോടതി പ്രസ്താവിച്ചു.

അമേരിക്കന്‍, കനേഡിയന്‍ സുപ്രീംകോടതിയുടെ വിധികളെ മുന്‍നിര്‍ത്തി ഇന്ത്യയിലും പരോക്ഷ വിവേചനത്തെക്കുറിച്ചുള്ള കൃത്യമായ നിയമതത്വം ആവിഷ്‌കരിച്ചു എന്നതാണ് ഈ വിധിയുടെ പ്രസക്തി. ഒരു നയത്തിന്റെ ഫലം ഒരു പ്രത്യേക വിഭാഗത്തെ ക്രമാതീതമായ തരത്തില്‍ ബാധിക്കുന്നുണ്ടോ? അതവര്‍ക്ക് പ്രതികൂലമായ ഫലമാണോ ഉണ്ടാക്കുന്നത്? എന്നീ കാര്യങ്ങളാണ് കോടതി നോക്കിയത്. പ്രതികൂല ഫലം ഉണ്ടെന്ന് സ്ഥാപിക്കാന്‍ സ്ഥിതിവിവരക്കണക്കുകളുടെ പിന്‍ബലമൊന്നുമില്ലെങ്കിലും കുഴപ്പമില്ല എന്ന് കോടതി നിലപാടെടുത്തു.

റെയില്‍വേയിലെ മെഡിക്കല്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട കേസിലെ ഡല്‍ഹി ഹൈക്കോടതി വിധിയും പരോക്ഷ വിവേചനത്തെ സംബന്ധിക്കുന്നതാണ്(Madhu vs Northern Railway). ഒരു ജീവനക്കാരന്‍ തന്റെ ഭാര്യയെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ആശ്രിതപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതിനെത്തുടര്‍ന്ന് അവര്‍ക്ക് ചികിത്സ ആനുകൂല്യം നിഷേധിക്കപ്പെടുന്നു. ഇതിനെതിരെയാണ് അവര്‍ കോടതിയെ സമീപിച്ചത്. നമ്മുടെ സമൂഹത്തില്‍ അധികവും ജോലിക്ക് പോകുന്നത് പുരുഷന്മാരാണ്. സ്ത്രീകള്‍ അവരുടെ ആശ്രിതരായിരിക്കും.

അങ്ങനെയൊരു സാഹചര്യത്തില്‍, പുരുഷന് തന്റെ തോന്ന്യാസത്തിന് ആശ്രിതപ്പട്ടികയില്‍ നിന്നും അവരെ നീക്കം ചെയ്യാന്‍ കഴിയുമെന്ന് വന്നാല്‍, ഇപ്പോഴേ അവശതയനുഭവിക്കുന്ന സ്ത്രീകളുടെ സ്ഥിതി ഇതിലും മോശമാവുകയാണ് ചെയ്യുക. ”ഇത് സ്ത്രീ നേരിടേണ്ടി വരുന്ന ഒരു ദൗര്‍ഭാഗ്യമല്ല, പരിഹരിക്കപ്പെടേണ്ടുന്ന ഒരു അനീതിയാണ്.” ഡല്‍ഹി ഹൈക്കോടതി പ്രസ്താവിച്ചു.

പ്രത്യക്ഷമായോ പരോക്ഷമായോ അനുഭവിക്കുന്ന വിവേചനങ്ങള്‍ക്കെതിരെ ഭരണഘടനാപരമായ പരിഹാരം തേടാന്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയിലും ഇന്ന് കഴിയുമെന്നാണ് മേല്‍പ്പറഞ്ഞ കോടതിവിധികള്‍ സൂചിപ്പിക്കുന്നത്. ചരിത്രപരമായ കാരണങ്ങള്‍ കൊണ്ട് ഇപ്പോഴേ പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന മുസ്‌ലിം സ്ത്രീ സമൂഹത്തിന് വിദ്യാഭ്യാസ അവകാശം നിഷേധിക്കുക വഴി വീണ്ടും പിന്നോട്ടടിക്കുന്ന ഈ യൂണിഫോം നയവും ഭരണഘടന വിഭാവനം ചെയ്യുന്ന യഥാതഥ സമത്വ സങ്കല്‍പ്പത്തിന് വിരുദ്ധമാണ്. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെ കേവല സമത്വത്തിന്റെ കാലഹരണപ്പെട്ട മാനദണ്ഡങ്ങള്‍ വച്ചുകൊണ്ട് ഗവണ്മെന്റ് ഉത്തരവ് ഭരണഘടനാപരമാണെന്നു വിധിക്കുകയായിരുന്നു ഹൈക്കോടതി.

എത്രയും വേഗം തിരുത്തപ്പെടേണ്ട വിധിയാണ് കര്‍ണാടക ഹൈക്കോടതിയുടേത്. പ്രധാനമായും നാല് കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാകും.

ഒന്ന്, അവശ്യ മതാചാരം സംബന്ധിച്ച നിയമവിചാരം അസംബന്ധമാണ്. ഇത് പക്ഷെ ഉടനെയൊന്നും പരിഹരിക്കപ്പെടാനുള്ള സാധ്യതയില്ല. സുപ്രീകോടതിയില്‍, ശബരിമല പുനഃപരിശോധനാ വിധിക്കൊപ്പം ടാഗ് ചെയ്ത് നീണ്ടുനീണ്ട് പോകാനാണ് സാധ്യത.

രണ്ട്, നടപടിയിലെ പരോക്ഷ വിവേചനം കോടതി അവഗണിച്ചിരിക്കുന്നു. ‘ നിയമം അതിന്റെ ഉജ്വലമായ സമത്വത്തിലൂടെ സമ്പന്നനെന്നോ ദരിദ്രനെന്നോ ഭേദമില്ലാതെ എല്ലാ മനുഷ്യരെയും, പാലത്തിനടിയില്‍ അന്തിയുറങ്ങുന്നതില്‍ നിന്നും തെരുവുകളില്‍ ഭിക്ഷ യാചിക്കുന്നതില്‍ നിന്നും അപ്പം മോഷ്ടിക്കുന്നതില്‍ നിന്നും ഒരുപോലെ വിലക്കുന്നു.” ഹിജാബ് വിഷയത്തെ കേവലസമത്വത്തിന്റെയും മതവിശ്വാസത്തിന്റെയും മാത്രം പ്രശ്‌നമായി ചുരുക്കിക്കണ്ട ഹൈക്കോടതി, ഫ്രാന്‍സ് അനറ്റലിയുടെ നിരീക്ഷണത്തെ അന്വര്‍ത്ഥമാക്കുകയാണ്.

മൂന്ന്, യൂണിഫോമിനൊപ്പം അതേ നിറത്തിലുള്ള തട്ടമിടുന്നത് യുക്തിസഹമായ ഇളവുകളുടെ പരിധിയില്‍ എന്തുകൊണ്ട് വരുന്നില്ല എന്ന കാര്യം വിധിയില്‍ വിശദീകരിക്കുന്നില്ല.

നാല്, ‘നിയന്ത്രിത പൊതുഇടങ്ങളി’ല്‍ മൗലിക അവകാശങ്ങളുടെ മൂല്യം കുറയുകയും അതുകൊണ്ട് അവിടെ ആനുപാതികത ഉള്‍പ്പെടെയുള്ള ഭരണഘടനാ പരിശോധനകള്‍ ആവശ്യമില്ല എന്നുമുള്ള വാദം പരമോന്നത നീതിപീഠം വിശദമായി പരിശോധിക്കേണ്ടതാണ്.

Content Highlight: PB Jijeesh on Karnataka High Court verdict on the hijab ban in schools