അദ്ദേഹം ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ്: ഡിബാല
Football
അദ്ദേഹം ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ്: ഡിബാല
സുദേവ് എ
Saturday, 29th August 2026, 2:15 pm

ഫുട്ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മറ്റ് താരങ്ങള്‍ക്കൊന്നും ഒരു അവസരവും നല്‍കാതെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ച താരം ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

ഗോട്ട് ഡിബേറ്റില്‍ അര്‍ജന്റൈന്‍ സൂപ്പര്‍താരം പൗലോ ഡിബാലയും തന്റെ അഭിപ്രായം രേഖപ്പെടുത്തിയുന്നു. റൊണാള്‍ഡോയെ മറികടന്നുകൊണ്ട് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി മെസിയെയാണ് ഡിബാല തെരഞ്ഞെടുത്തത്. ഓള്‍ എബൗട്ട് അര്‍ജന്റീനക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഡിബാല മെസിയെക്കുറിച്ച് സംസാരിച്ചിരുന്നത്.

മെസിക്കൊപ്പവും റൊണാള്‍ഡോക്കുമൊപ്പം പന്തുതട്ടാന്‍ അവസരം ലഭിച്ച ചുരുക്കം ചില താരങ്ങളെ ഫുട്‌ബോളില്‍ ഉണ്ടായിട്ടുള്ളൂ. ഇത്തരത്തില്‍ രണ്ട് ഇതിഹാസ താരങ്ങള്‍ക്കൊപ്പവും കളിക്കാന്‍ അവസരം ലഭിച്ച താരങ്ങളില്‍ ഒരാളാണ് ഡിബാല.

സിരി എയില്‍ യുവന്റസില്‍ കളിക്കുന്ന സമയത്ത് റൊണാള്‍ഡോക്കൊപ്പവും അര്‍ജന്റീനയില്‍ മെസിക്കൊപ്പവുമാണ് ഡിബാല കളിക്കളത്തില്‍ ഒരുമിച്ച് കളിച്ചത്. അതുകൊണ്ട് തന്നെ ഡിബാലയുടെ വാക്കുകള്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്.

‘മെസി വ്യത്യസ്തമായ ഫുട്‌ബോള്‍ കളിക്കുന്നു. മെസി ബാലണ്‍ ഡി ഓര്‍ നേടാത്ത വര്‍ഷങ്ങളില്‍ പോലും അദ്ദേഹത്തിന് ആ അവാര്‍ഡ് നല്‍കാതിരിക്കുക എന്നത് പ്രയാസകരമാണ്. കാരണം മെസി കളി തുടങ്ങിയ കാലം മുതലേ മികച്ച പ്രകടനമാണ് നടത്തുന്നത്.ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് മെസി,’ ഡിബാല പറഞ്ഞു.

ഫുട്‌ബോളില്‍ ഐതിഹാസികമായ ഒരു കരിയറാണ് മെസി പടുത്തുയര്‍ത്തിയത്. സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌ന് വേണ്ടിയും മെസി പന്തുതട്ടി. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്.

അതേസമയം റൊണാള്‍ഡോ നിലവില്‍ സൗദി വമ്പന്മാരായ അല്‍ നസറിന് വേണ്ടിയാണ് കളിക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ടീമുകളാക്കായി ഐതിഹാസികമായ നേട്ടങ്ങളാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്.

 

 

Content Highlight: Paulo Dybala Talks About Lionel Messi

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.