പരന്ദൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചു; ചെന്നൈയുടെ രണ്ടാം വിമാനത്താവളത്തിന് പുതിയ സ്ഥലം തേടി തമിഴ്‌നാട്
India
പരന്ദൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചു; ചെന്നൈയുടെ രണ്ടാം വിമാനത്താവളത്തിന് പുതിയ സ്ഥലം തേടി തമിഴ്‌നാട്
അഞ്ജു ചന്ദ്രന്‍
Monday, 24th August 2026, 1:45 pm

ചെന്നൈ: കാഞ്ചീപുരം ജില്ലയിലെ പരന്ദൂരില്‍ നടപ്പാക്കാനിരുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതി ഉപേക്ഷിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. കര്‍ഷകരുടെയും പ്രദേശവാസികളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നടപടി റദ്ദാക്കിയതായി മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചു.

പരന്ദൂരിലെ വിമാനത്താവള പദ്ധതി നടപ്പാക്കുന്നത് വ്യാപകമായ കൃഷിഭൂമിയെയും ജനവാസകേന്ദ്രങ്ങളെയും ബാധിക്കുമെന്നും കര്‍ഷകരുടെ ഉപജീവനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ പദ്ധതിയില്‍നിന്ന് പിന്മാറിയത്. പദ്ധതിക്കെതിരെ പ്രദേശവാസികളും കര്‍ഷകരും ദീര്‍ഘകാലമായി പ്രതിഷേധം നടത്തിവരികയായിരുന്നു.

ചെന്നൈയില്‍ വര്‍ധിച്ചുവരുന്ന യാത്രക്കാരുടെ എണ്ണം, വ്യാവസായിക വളര്‍ച്ച, ചരക്ക് ഗതാഗതത്തിലെ വര്‍ധന എന്നിവ കണക്കിലെടുക്കുമ്പോള്‍ നഗരത്തിന് പുതിയൊരു വിമാനത്താവളം ആവശ്യമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ കൃഷിഭൂമിക്കും ജനവാസമേഖലകള്‍ക്കും പരമാവധി കുറവ് ആഘാതമുണ്ടാകുന്ന സ്ഥലത്തായിരിക്കണം പുതിയ വിമാനത്താവളം സ്ഥാപിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ ചെന്നൈയിലെ പരന്ദൂരില്‍ സ്ഥാപിക്കാന്‍ പോകുന്ന വിമാനത്താവളത്തിനെതിരെ പ്രതിഷേധിക്കുന്ന 12 ഗ്രാമങ്ങളിലെയും ജനങ്ങള്‍ക്കൊപ്പം ഞാന്‍ ഉറച്ചുനില്‍ക്കുന്നു,’ മുഖ്യമന്ത്രി പറഞ്ഞു.

ചെന്നൈയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള പരന്ദൂറില്‍ സ്റ്റാലിന്‍ സര്‍ക്കാറായിരുന്നു പദ്ധതി പ്രഖ്യാപിച്ചിരുന്നത്.

പുതിയ വിമാനത്താവളത്തിനായി വിവിധ സ്ഥലങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. സാങ്കേതിക പഠനങ്ങള്‍ക്കും വിശദമായ പരിശോധനകള്‍ക്കും ശേഷമായിരിക്കും പുതിയ സ്ഥലം അന്തിമമായി തീരുമാനിക്കുക. അതിനാല്‍ പരന്ദൂര്‍ പദ്ധതി മാത്രമാണ് ഉപേക്ഷിച്ചിരിക്കുന്നത്.

ചെന്നൈയ്ക്ക് രണ്ടാമത്തെ വിമാനത്താവളം വേണമെന്ന തീരുമാനം സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലവിലുള്ള മീനമ്പാക്കം വിമാനത്താവളത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. അഞ്ചാം ടെര്‍മിനല്‍ ഉള്‍പ്പെടെയുള്ള വികസന പദ്ധതികളിലൂടെ നിലവിലെ വിമാനത്താവളത്തിന്റെ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷി വര്‍ധിപ്പിക്കാനാണ് സര്‍ക്കാറിന്റെ നീക്കം.

Content Highlights: Parandur airport project abandoned; Tamil Nadu seeks new site for Chennai’s second airport.

അഞ്ജു ചന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.