'ഹ്യൂസ് ആന്റ് വ്യൂസ്'; തീ പടരുന്ന വര്‍ണ്ണങ്ങള്‍, ഉറഞ്ഞിറങ്ങി വരുന്ന വാക്കുകള്‍
kERALA NEWS
'ഹ്യൂസ് ആന്റ് വ്യൂസ്'; തീ പടരുന്ന വര്‍ണ്ണങ്ങള്‍, ഉറഞ്ഞിറങ്ങി വരുന്ന വാക്കുകള്‍
എന്‍.വി ബാലകൃഷ്ണന്‍
Thursday, 14th March 2019, 10:56 pm

ഓര്‍ത്തുവെക്കലിന്റെ നിറ ചാരുതകളും ഭീതിയും തിരിച്ചറിവിന്റെ കാഴ്ച്ചയും കാഴ്ചപ്പാടും ഇടകലരുന്ന വര്‍ത്തമാനത്തെ, അധികാരത്തിന്റെ, കറുപ്പും ഇരുട്ടും പുതച്ചുവെച്ചിടത്ത്, എന്തോ അഴുകിയതിന്റെ ഗന്ധമുണ്ട്, എന്ന് നമ്മോട് പറയുകയാണ്, “ഹ്യൂസ് ആന്റ് വ്യൂസ്”
എന്ന് നാമകരണം ചെയ്ത, കോഴിക്കോട് ലളിതകലാ ആര്‍ട് ഗ്യാലറിയില്‍ ഏഴു ചിത്രകാരന്മാര്‍ ചേര്‍ന്നൊരുക്കിയ ചിത്രകലാ പ്രദര്‍ശനം.

പ്രശസ്ത ചിത്രകാരന്‍മാരായ സി.കെ.കുമാരന്‍, ദിനേശ് നക്ഷത്ര, നവീന്‍ കുമാര്‍, ബൈജാന്‍സ്, ബോബി മണിക്കോമ്പേല്‍, സന്തോഷ് കുമാര്‍, ആര്‍ബി എന്നിവരുടേതാണ് രചനകള്‍.

മനുഷ്യന്റെ എല്ലാ സര്‍ഗ്ഗസിദ്ധികളേയും ചൊടിപ്പിക്കുകയും മടുപ്പിക്കുകയും ചെയ്യുന്ന അധികാരത്തെ, കറുപ്പും ഇരുളും കൊണ്ട് അഭിസംബോധന ചെയ്യുന്നവയാണ് സി.കെ.കുമാരന്റെ രചനകള്‍. അധികാരത്തിന്റെ മത്തുപിടിച്ച മനുഷ്യര്‍ക്ക്, തങ്ങളുടെ ആകാരം തന്നെ നഷ്ടപ്പെടുന്നതും ആത്മാവ് നഷ്ടപ്പെട്ട അവ സ്വയം ജഡത്വം ബാധിച്ച അധികരക്കസേരകളായി പരകായപ്രവേശം നടത്തുന്നതും കറുത്ത മഷിയും ചാര്‍ക്കോളും ഉപയോഗിച്ച് അദ്ദേഹം നമുക്ക് മുമ്പില്‍ അനാവരണം ചെയ്യുന്നു.

 

മനുഷ്യന്‍ അവകാശപ്പെടുന്ന ഉള്ളു പൊള്ളയായ പ്രബുദ്ധതാ വാദത്തെ പൊളിച്ചടുക്കുകയാണ് ദിനേശ് നക്ഷത്ര. പ്രകൃതിയിലേയ്ക്കും കൃഷിയിലേക്കുമൊക്കെ തിരിച്ചു വെച്ച കാഴ്ചകള്‍, യുദ്ധം, ആര്‍ത്തി, എന്നിവയില്‍ തട്ടി ചിതറിത്തെറിക്കുമ്പോള്‍ നാമവകാശപ്പെടുന്ന പ്രബുദ്ധത സൗന്ദര്യമല്ല വൈരൂപ്യമാണ് എന്ന് കാണിച്ചു തരികയാണ് അവ.

ആക്രിലിക്കില്‍ തന്നെയാണ് ദിനേശും തന്റെരചനകള്‍ നിര്‍വഹിച്ചിട്ടുള്ളത്. ചുമര്‍ചിത്രരചനയുടെ ഘടനാ സവിശേഷതകളില്‍ നവീന്‍കുമാര്‍ രചിച്ച ബുദ്ധ ചിത്രങ്ങള്‍ പ്രതികരിക്കുന്നത് ഭൂതകാലപ്പഴമകളോടല്ല, ആസുരതയുടെ വര്‍ത്തമാനത്തോട് തന്നെയാണ്. അതീവ സൂഷ്മതയും ക്ഷമയും ആവശ്യപ്പെടുന്നവയാണ് നവീന്‍കുമാറിന്റെ രചനകള്‍. ആക്രിലിക്കിനെ തന്നെയാണ് നവീന്‍കുമാറും രചനാ മാധ്യമമായി ഉപയോഗിച്ചിട്ടുള്ളത്.

പ്രകൃതിയുടെ പച്ചയും രക്തത്തിന്റെ ചുവപ്പും നമുക്ക് വിരുദ്ധ ദ്വന്തങ്ങളായി തീരുന്നത് എവിടെ വെച്ചാണെന്ന അന്വേഷണമാണ് ബോബി മണിക്കൊമ്പേലിന്റെ രചനകള്‍. ആക്രിലിക്കിന്റെ നിറ തീഷ്ണതകള്‍ തന്നെയാണ് അദ്ദേഹവും മാധ്യമമായി സ്വീകരിച്ചത്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യ ജീവിതങ്ങളും അവരുടെ വിഹ്വലതകളും പകച്ചു നില്‍പ്പുകളുമൊക്കെയാണ് സന്തോഷ് കല്‍പ്പറ്റ തന്റെ രചനകള്‍ക്ക് വിഷയമാക്കുന്നത്.

ഓയില്‍ കളറിനെയാണ് തന്റെ തീഷ്ണഭാവങ്ങള്‍ പ്രകടമാക്കാന്‍ അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്. ആക്രിലിക്കില്‍ത്തന്നെയാണ് ആര്‍ബിയും തന്റെ രചനകള്‍ ഒരുക്കിയെടുത്തത്. മനുഷ്യന്റെ വികാരവിചാരങ്ങള്‍ പ്രകൃതിയിലെ മഞ്ഞിലും മണ്ണിലും പ്രതിബിംബിക്കുന്നതിന്റെ സൗന്ദര്യവിഷ്‌കാരങ്ങളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.

വാട്ടര്‍ കളറില്‍ ചാലിച്ചെഴുതിയ പ്രകൃതിയാണ് ബൈജാന്‍സിന്റെ രചനകള്‍. ക്യാന്‍വാസില്‍ പ്രകൃതിയുടെ മനോഹാരിത പ്രതിബിംബിപ്പിക്കാന്‍ അനുയോജ്യമായ രചനാ ചാതുര്യമാണ് അദ്ദേഹം അവലംബിച്ചത്.

ചിത്രസംവേദനത്തിനുള്ള “ബൗദ്ധിക” ശേഷിയില്ല, ചിത്രഭാഷയറിയില്ല എന്നൊക്കെ തെല്ലൊരഭിമാനത്തോടെ പറയുന്ന അരാഷ്ടീയ ബുദ്ധിജീവികള്‍ ധാരാളമുള്ള ഒരിടമാണ് കേരളം. കോഴിക്കോട് ഇക്കാര്യത്തില്‍ തെല്ല് വ്യത്യസ്ഥമായിരിക്കുമ്പോഴും. പക്ഷേ അപ്പോഴും വര്‍ത്തമാനകാല രാഷ്ടീയ സങ്കീര്‍ണ്ണതകളെ അകത്തു നിന്നും പുറത്തു നിന്നും ജനാധിപത്യപരമായി വായിച്ചെടുക്കേണ്ടത് അനിവാര്യം തന്നെയാണ്. ഇത്തരം ഒരു ചുമതലയില്‍ നിന്ന് കലാകാരന്മാര്‍ക്ക് മാത്രമായി മാറി നില്‍ക്കാനാവില്ല എന്ന് ഓര്‍മ്മിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് ഈ പ്രദര്‍ശനം. ലളിതകലാ അക്കാദമി ഹാളിലേയ്ക്ക് കടന്നു വരുന്ന പുതു തലമുറയുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന, ശുഭസൂചകമായ എന്തിനേയൊക്കയോ നമ്മോട് ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്നുണ്ട്.

ഭാഗവതരുടെ കച്ചേരി കേട്ടപ്പോള്‍, ചുറ്റും കൂടിയവര്‍ തലയാട്ടുകയും താളം പിടിക്കുകയുമൊക്കെ ചെയ്യുന്നത് കണ്ട് നാടുവാഴിയായ നമ്പൂതിരിക്ക് ഒരു കൗതുകം തോന്നി. അദ്ദേഹവും താളം പിടിച്ചു. ചുമ്മാ തലയാട്ടി. അയാള്‍ ഭാഗവതര ആളയച്ചു വരുത്തി. തനിയ്ക്കും സംഗീതം പഠിക്കണം എന്ന “ഭ്രമം” അറിയിച്ചു. ഈ പ്രായത്തില്‍ ബുദ്ധിമുട്ടാണ്, എന്നൊകെ ഭാഗവതര്‍ പറഞ്ഞു നോക്കിയെങ്കിലും ഭ്രമം കയറിയ നമ്പൂതിരി വിട്ടില്ല. പഠിച്ചേ ഒക്കൂ എന്ന് വാശിയായി.

പഠനമുറി തയാറായി. ഗുരുവിനിരിക്കാന്‍ തയാറാക്കിയ പീഠത്തില്‍, ഉയരത്തില്‍, നമ്പൂതിരിയിരുന്നു. ഭാഗവതര്‍ക് മുമ്പിലെ ചമുക്കാളത്തില്‍ ഇരിക്കേണ്ടിവന്നു. ഏഴു സ്വരങ്ങള്‍ പാടിയുറയ്ക്കണം എന്ന് ഭാഗവതര്‍, “ആയിക്കോട്ടെ” എന്ന് നമ്പൂതിരി തിടുക്കപ്പെട്ടു. ഭാഗവതര്‍ സാ……. നീട്ടി ചൊല്ലി. നമ്പൂതിരി പറഞ്ഞു. ആയിക്കോട്ടെ “സാ….. ” അടുത്തതു പറയൂ. ഭാഗവര്‍ “രീ…….” യെന്നസ്വരം പാടി. നമ്പൂതിരി അടുത്തതിന് തിടുക്കപ്പെട്ടു.

അങ്ങിനെ ഏഴു സ്വരങ്ങളും “ഹൃദിസ്ഥമാക്കാന്‍” നമ്പൂതിരിക്ക് പത്ത് നിമിഷം തികച്ചും വേണ്ടി വന്നില്ല. എന്നിട്ട് അദ്ദേഹം ഗുരുവിനോട് ചോദിച്ചു; ഇതാണോ ഇത്ര വലിയ കാര്യം? ചിത്രകലയെ ഇമ്മട്ടില്‍ സമീപികുന്നവര്‍ ധാരാളമുണ്ട് നമുക്ക് ചുറ്റും. ഇനിയുള്ള ചിലരുണ്ട്. അവരുടെ കഥ നമുക്ക് മറ്റൊരു നമ്പൂതിരി കഥയിലൂടെ പറയാം.

ഇവിടെ നമ്പൂതിരിയ്ക്ക് പൂതിയുണ്ടായത് ഇംഗ്ലീഷ് ഭാഷ പഠിക്കാനാണ്. പക്ഷേ പഠനം തുടങ്ങിയ ആദ്യ ദിവസം തന്നെ അദ്ദേഹത്തിന് മടുത്തു. “സി.എ.റ്റി, എന്നാണെഴുതുക, വായിക്കുന്നതോ “കേറ്റ് എന്നും, ഇനി അര്‍ത്ഥമാണെങ്കിലോ, പൂച്ചാന്നും. ഒന്നിനും ഒരു വ്യവസ്ഥയുമില്ല. ഇതൊന്നും പഠിക്കാന്‍ കൊള്ളില്ല. എന്നൊക്കെയായി നമ്പൂതിരി. ഇതേപോലെ ചിത്രഭാഷ അവ്യവസ്ഥിതമാണ് അര്‍ത്ഥമില്ലാത്തതാണ് എന്നൊക്കെ കരുതുന്നവരാണ് മറ്റു ചിലര്‍.

പക്ഷേ ഭാരതീയ ചിത്രശില്പകലയുടെ ആഴവും, സര്‍വ തലസ്പര്‍ശിയായ അതിന്റെ പരപ്പുമൊക്കെ ചെറുതായെങ്കിലും അന്വേഷിക്കുന്നവര്‍ക്ക് ചരിത്രത്തില്‍ ഈ കലാസ്വരൂപങ്ങള്‍ നിര്‍വഹിച്ച രാഷ്ട്രീയ ദൗത്യത്തിന്റെ പ്രാധാന്യം മനസ്സിലാകും. “ജനപ്രിയത”യുടെ പിന്നാലെയോടി സംഗീതം, നൃത്തം, ചിത്രം, ചലചിത്രം സാഹിത്യം എന്നിങ്ങനെ സാന്ദ്രധ്വനികളുള്ള എല്ലാ സൗന്ദര്യ രൂപങ്ങളേയും പൈങ്കിളി വല്‍ക്കരിച്ചതാണല്ലോ; നാം മലയാളികളുടെ രാഷ്ട്രീയ പാരമ്പര്യം.

ഉത്തരമൊരു പരിസരത്ത് നിന്ന് വേണം ലളിതകലാ അക്കാദമിയുടെ കോഴിക്കോട് ആര്‍ട് ഗാലറിയില്‍ ഇപ്പോള്‍ നടുന്നു കൊണ്ടിരിക്കുന്ന ചിത്രപ്രദര്‍ശനം ജനശ്രദ്ധയാകര്‍ഷിക്കുന്നതിന്റെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടത്.

ചരിത്രത്തിലെ ഒരു പ്രത്യക മുഹുര്‍ത്തത്തില്‍ ഉരുകിയുറച്ച് പോയ മൃത രൂപങ്ങളായി ചിത്ര-ശില്പങ്ങളെ മനസ്സിലാക്കുന്ന ഒരു കാഴ്ചപ്പാടുണ്ട്. ഇത്തരത്തില്‍ ആരോപിതമായ ഒരു പരിമിതിയെ ചിത്രങ്ങള്‍ക്ക് എങ്ങിനെയൊക്കെ മറികടക്കാന്‍ കഴിയും എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണി പ്രദര്‍ശനം എന്നാണ് ഞാന്‍ പറയുക.

മലമ്പുഴ ഉദ്യാനത്തില്‍ അരനൂറ്റാണ്ട് പിന്നിട്ട കനായി കുഞ്ഞിരാമന്റെ യക്ഷി ശില്‍പ്പത്തെ ഞാനാദ്യമായി കണ്ടത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന നാളുകളിലാണ്.സ്‌കൂളില്‍ നിന്നുളള വിനോദ സഞ്ചാര സംഘത്തിലെ അംഗമായി മലമ്പുഴ ഡാമും ഉദ്യാനവുമൊക്കെ കാണാനെത്തിയതായിരുന്നു ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍. പാമ്പ് പടം പൊഴിക്കും പോലെ, ബാല്യം പൊഴിഞ്ഞടര്‍ന്നു പോയി, കൗമാരപ്പച്ചപ്പുകള്‍ വളര്‍ന്നുതുടങ്ങിയ കാലം. ഉദ്യാനത്തിലൊക്കെ മദിച്ച ശേഷമാണ് ഞങ്ങള്‍ യക്ഷിയെ കാണാനെത്തുന്നത്.ആദ്യ കാഴ്ചയില്‍ ഒരു വലിയ അത്ഭുതമായിരുന്നു എനിയ്ക്ക് യക്ഷി. നോക്കി നോക്കി നിന്നപ്പോള്‍ ഭയവും അറപ്പുമൊക്കെ അത്ഭുതത്തെ വകഞ്ഞു മാറ്റി. തുടുത്ത തുടകളും മുലകളുമൊക്കെ പ്രദര്‍ശിപ്പിച്ച് ഒരു മുഴുത്ത പെണ്ണ് കണ്ണുകളില്‍ കത്തുന്ന കാമവുമായി വിടര്‍ന്നു നില്‍ക്കുന്നു. ഇതില്‍പ്പരം “അശ്‌ളീലം” മറ്റെന്തുണ്ട്? അദ്ധ്യാപകരോടും സഹപാഠികളോടുമൊപ്പം ആശില്പം കാണേണ്ടി വന്നത് വലിയ കുറച്ചിലായാണ് എനിയ്ക്ക് തോന്നിയത്. എന്നിട്ടും അതീവ കൗതുകത്തോടെ ഞാന്‍ യക്ഷിയുടെ ഗുഹ്യഭാഗങ്ങളിലേയ്ക്ക് പാളി നോക്കി. യക്ഷിയെ ചുറ്റിനടന്ന് പിന്‍ഭാഗങ്ങളൊന്നും കാണാനുള്ള ധൈര്യം അന്നുണ്ടായിരുന്നില്ല.

പക്ഷേ അത് ചിത്രശില്പകലകളെ പിന്തുടരാനുള്ള ഊര്‍ജത്തിന്റെ ഉറവ തന്നെ എന്നാലുണ്ടാക്കിയിരുന്നിരിക്കണം. “അശ്‌ളീലം” എന്നു പറയുന്നത് എന്താണ് എന്ന ബോധമണ്ഡലത്തെയാകെ പിടിച്ചുകുലുക്കിയ ചോദ്യം ഒരു പക്ഷേ ആദ്യമെന്നോട് ചോദിച്ചത് കാനായി കുഞ്ഞിരാമന്റെ അരുമയായ ഈ യക്ഷിയായിരിക്കും. പിന്നീട് പലതവണ യക്ഷിയെ തേടി ഞാനവിടെ ചെന്നിട്ടുണ്ട്. സ്ത്രീയായി, കാമുകിയായി, ഉര്‍വര ദേവതയായി, “കാളീ കാളിമയാര്‍ന്നോളെ, എന്‍ കാമം തീര്‍ക്കാനുണരൂ നീ” എന്ന കടമ്മനിട്ട കവിതയായി, ശക്തിസ്വരൂപിണിയായി ഒക്കെ ആശില്പം, ഇന്നും പലതരം പരകായപ്രവേശങ്ങള്‍ എന്നില്‍ തീര്‍ത്തു കൊണ്ടിരിക്കുന്നു.

പാലക്കാട് വഴി പോകുമ്പോഴൊക്കെ യക്ഷിയെ ഒന്ന് കണ്ടു പോകണം എന്ന് മനസ്സ് ആഗ്രഹിക്കുന്നു. വിവാഹവും കുടുംബവുമൊക്കെ സംഭവിക്കുന്നതനുസരിച്ച് ഞങ്ങളൊരുമിച്ച് കാനായിയുടെ ശില്പങ്ങളെ തേടിപ്പോകുന്നു. മക്കള്‍ അവരുടെ പുതിയ കാലങ്ങളില്‍ പുതിയ യക്ഷികളെ കണ്ടെടുക്കുമ്പോള്‍ ഞാന്‍ അഭിമാനിയ്ക്കുന്നു. അപ്പോള്‍ എങ്ങിനെയാണ് ചരിത്രത്തിലെ ഒരു മുഹുര്‍ത്തത്തില്‍ മരവിച്ചു പോയവയാണ് ചിത്രങ്ങള്‍ എന്നൊരാള്‍ക്ക് പറയാനാവുക? എല്ലാ ചിത്രങ്ങളും ശില്പങ്ങളും നമുക്കീയനുഭൂതി സംവേദിയ്ക്കുന്നുണ്ട്.

മൊണാലിസ എന്ന ചിത്രത്തിന്റെ പ്രിന്റ് കാണുമ്പോള്‍ അതിന്റെ ഒറിജിനല്‍ പാരീസിലെത്തി കാണണം എന്ന ആഗ്രഹം എത്രയോ കാലമായി മനസ്സില്‍ ഉറങ്ങാതിരിക്കുന്നുണ്ട്. പല കാലങ്ങളില്‍ പലതായി മോണാലിസ എന്ന സുന്ദരി എന്നില്‍ വളര്‍ന്നുകൊണ്ടിരിക്കുക തന്നെയാണ്. ആ സുന്ദരമായ ചിരിയിലോ കരച്ചിലിലോ, ഒരു മുറിയന്‍ കോങ്കത്തി കയ്യില്‍ തന്ന് കര്‍ക്കിടത്തിമര്‍പ്പില്‍ വെള്ളം കോരാന്‍ പോയി കിണറ്റില്‍ വീണ്, എന്റെ ആയുസ്സിന് വേണ്ടി മാത്രം കയറി വന്ന എന്റെ അമ്മയുണ്ട്. ഒരിക്കലും ഞാന്‍ കണ്ടിട്ടില്ലാത്ത അതു കൊണ്ട് തന്നെ മറന്നിട്ടില്ലാത്ത കാമുകിയുണ്ട്. ഇപ്പോഴിപ്പോള്‍ ഞാനൊരു ഇന്ത്യക്കാരനായി ലോകം കണ്ടുമ്പോള്‍ മോണാലിസയുടെ സുന്ദരമായ അധര പുടങ്ങള്‍ക്കിടയിലൂടെ ഫാസിസത്തിന്റെ തോറ്റകള്‍ കിളിര്‍ക്കുന്നുണ്ടോ എന്ന് സംശയിച്ച് ഒരു പാട് നേരം ഞാനാ ചിത്രത്തെ നോക്കി നില്‍ക്കാറുമുണ്ട്. അത് കൊണ്ട് ഒരു ചിത്രവും ചരിത്രത്തിലെ ഏതെങ്കിലും ചതുപ്പില്‍ മരവിച്ചു നിന്നു പോകുന്ന ജഡ വസ്തു ആകുന്നില്ല.
മാര്‍ച്ച് 12ന് ആരംഭിച്ചതാണീ പ്രദര്‍ശനം, പ്രശസ്ത സാഹിത്യകാരന്‍ കല്പറ്റ നാരായണനാണ് ഉദ്ഘാടനം ചെയ്തത്.എന്‍.വി.ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, യൂണിവേഴ്‌സല്‍ ആര്‍ട്‌സ് പ്രിന്‍സിപ്പല്‍ കെ.എ.സബാസ്റ്റ്യന്‍, കാര്‍ടൂണിസ്റ്റ് കരുണാകരന്‍, ഷാജി കാവില്‍ എന്നിവര്‍ സംസാരിച്ചു. പ്രദര്‍ശനം 16 വരെ തുടരും.

എന്‍.വി ബാലകൃഷ്ണന്‍
രാഷ്ട്രീയ നിരീക്ഷകന്‍