വമ്പന്‍ താരങ്ങളുടെ സിനിമകളെല്ലാം റിലീസിന് മുമ്പ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ഏറ്റെടുക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. വലിയ തുകക്ക് സൂപ്പര്‍സ്റ്റാര്‍ സിനിമകളെല്ലാം വിറ്റുപോകുന്നത് വലിയ വാര്‍ത്തയായ കാലം മാറിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തിയേറ്ററില്‍ ഭേദപ്പെട്ട വിജയം നേടിയാല്‍ മാത്രമേ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ഏറ്റെടുക്കുകയുള്ളൂ എന്ന നിലയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍.
മലയാളത്തിലെ മുന്‍നിര താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് എന്നിവരുടെ ബിഗ് ബജറ്റ് സിനിമകളാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ഏറ്റെടുക്കാതെ നില്‍ക്കുന്നത്. മൂന്ന് പേരുടെയും മുന്നത്തെ സിനിമകളെല്ലാം തിയേറ്ററില്‍ വിജയിച്ചിട്ടുണ്ടെങ്കിലും വലിയ ബജറ്റിലെത്തിയ സിനിമകള്‍ വിറ്റുപോകാത്തതാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
ബസൂക്ക Photo: Screen grab/ Saregama Malayalam
മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം ബസൂക്കയാണ് ഇതില്‍ ഏറ്റവും പഴക്കമുള്ള ചിത്രം. 2025 ഏപ്രിലില്‍ വിഷു റിലീസായെത്തിയ ബസൂക്ക പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നിരുന്നില്ല. റിലീസ് ചെയ്ത് ഒരു വര്‍ഷമാകാറായിട്ടും ഒ.ടി.ടിയിലെത്താത്ത ബസൂക്ക ട്രോള്‍ പേജുകളില്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്. നവാഗതനായ ഡിനോ ഡെന്നീസാണ് ബസൂക്കയുടെ സംവിധാനം.
മോഹന്‍ലാല്‍ നായകനായെത്തിയ പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭയെയും ഒറ്റ ഒ.ടി.ടി പ്ലാറ്റ്‌ഫോമും ഇതുവരെ ഏറ്റെടുത്തിട്ടില്ല. 70 കോടിയിലേറെ ബജറ്റിലൊരുങ്ങിയ വൃഷഭ ആകെ നേടിയത് രണ്ട് കോടി മാത്രമാണ്. ബാറോസിന് ശേഷം മോഹന്‍ലാലിന്റെ ഏറ്റവും വലിയ പരാജയം കൂടിയാണ് വൃഷഭ. ഒ.ടി.ടിയിലെത്തിയാല്‍ ട്രോളന്മാര്‍ക്ക് വലിച്ചുകീറാനുള്ള എല്ലാ വകുപ്പും വൃഷഭയിലുണ്ട്.
വൃഷഭ, വിലായത്ത് ബുദ്ധ Photo: IMDb
40 കോടിയോളം ബജറ്റിലൊരുങ്ങിയ പൃഥ്വിരാജ് ചിത്രം വിലായത്ത് ബുദ്ധയും ഇതുവരെ ഒ.ടി.ടിയിലെത്തിയിട്ടില്ല. ഇന്ദുഗോപന്റെ നോവലിനെ ആസ്പദമാക്കി നവാഗതനായ ജയന്‍ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്തത്. ബജറ്റിന്റെ പകുതി പോലും വിലായത്ത് ബുദ്ധ നേടിയിട്ടില്ല. 8.1 കോടിയാണ് ചിത്രം ആകെ നേടിയത്. അടുത്ത കാലത്ത് പൃഥ്വിരാജിന്റെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി വിലായത്ത് ബുദ്ധ മാറി.
ഈ മൂന്ന് സിനിമകളും അടുത്തൊന്നും ഒ.ടി.ടിയിലെത്തില്ല എന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്. മൂന്ന് സൂപ്പര്‍താരങ്ങളുടെ വമ്പന്‍ സിനിമകള്‍ തിയേറ്ററില്‍ പരാജയപ്പെട്ടതിനെക്കാള്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ഏറ്റെടുക്കാത്തതാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. സ്റ്റാര്‍ കാസ്റ്റിനേക്കാള്‍ കണ്ടന്റുണ്ടെങ്കില്‍ മാത്രമേ ഒ.ടി.ടി ഏറ്റെടുക്കുള്ളൂ എന്നതിന്റെ തെളിവാണ് ഈ ചിത്രങ്ങളെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
Content Highlight: OTT Platforms didn’t buy Bazooka Vrushabha and Vilayath Buddha