ന്യൂദല്‍ഹി: സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ദിമാഗി നക്‌സല്‍’ (നക്‌സല്‍ ചിന്താഗതിയുള്ളവര്‍) എന്ന പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ കക്ഷികള്‍.
പ്രതിപക്ഷ നേതാക്കളെയും ചിന്തകരെയും വിമര്‍ശകരെയും അധിക്ഷേപിക്കാനും രാജ്യത്തെ വിയോജിപ്പുകളെ കരിവാരിത്തേക്കാനും സ്വാതന്ത്ര്യദിന പ്രസംഗത്തെ പ്രധാനമന്ത്രി ദുരുപയോഗം ചെയ്തതെന്ന് പ്രതിപക്ഷം ആരോപിച്ചു.
‘കാടുകളില്‍ ആയുധമേന്തിയ നക്‌സലിസത്തെ ഇല്ലാതാക്കാനും ഈ ഭീഷണിയില്‍ നിന്ന് രാജ്യത്തെ മുക്തമാക്കാനും നമുക്ക് സാധിച്ചു. ആയുധമേന്തിയ നക്‌സലുകള്‍ ഇല്ലാതായെങ്കിലും ‘ദിമാഗി നക്‌സലുകള്‍’ (മാവോയിസ്റ്റ് ചിന്താഗതിക്കാരായ ബുദ്ധിജീവികള്‍) ബാക്കിയാണ്.
ഈ ദിമാഗി നക്‌സലുകള്‍ അവസരത്തിനായി കാത്തിരിക്കുകയാണ്. അക്രമത്തിന്റെയും അരാജകത്വത്തിന്റെയും വഴികളാണ് അവര്‍ തിരയുന്നത്. സമൂഹത്തെ തെറ്റായ വഴിയിലേക്ക് നയിക്കാന്‍ അവര്‍ വിവിധ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നു. ഇത്തരം മാനസിക നക്‌സലുകളെ നാം തിരിച്ചറിയുകയും അവരെ ഒറ്റപ്പെടുത്തുകയും വേണം,’ എന്നായിരുന്നു പ്രസംഗത്തില്‍ മോദി പറഞ്ഞത്.
‘ആദ്യം അദ്ദേഹം തന്റെ എതിരാളികളെ അര്‍ബന്‍ നക്‌സലുകള്‍ എന്ന് വിളിച്ചു. ഇപ്പോള്‍ അവരെ ദിമാഗി നക്‌സലുകള്‍ എന്ന് വിളിക്കുന്നു. ഇത് അദ്ദേഹത്തിന്റെ നിരാശയുടെ വ്യക്തമായ ലക്ഷണമാണ്. ഈ പറയപ്പെടുന്ന അര്‍ബന്‍ നക്‌സലുകളോ ദിമാഗി നക്‌സലുകളോ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ തന്നെ ഒടുവില്‍ അദ്ദേഹത്തിന് ചെയ്യേണ്ടി വരുന്നു എന്നത് വേറൊരു കാര്യം.
വെറുതെയല്ല, എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ‘മാസ്റ്റര്‍ അബ്യൂസര്‍’ (Master Abuser in Entire Political Science) ആയി പ്രധാനമന്ത്രിക്ക് ഒരു എം.എ ബിരുദമുള്ളത്,’ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വിമര്‍ശിച്ചു.
വനിതാ സംവരണത്തെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വ്യാജമായ നിലപാട് എന്ന് വിശേഷിപ്പിച്ച ജയ്‌റാം രമേശ്, നാരീശക്തി വന്ദന്‍ അധീനിയം 2023 സെപ്റ്റംബറില്‍ പാസാക്കിയിട്ടും ബി.ജെ.പി സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് കാരണം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് നടപ്പിലാക്കിയില്ലെന്നും ചൂണ്ടിക്കാട്ടി.
‘പ്രധാനമന്ത്രി ഒരു പുതിയ അധിക്ഷേപ വാക്ക് കൂടി നിര്‍മിച്ചിരിക്കുന്നു. മെന്റല്‍ നക്‌സല്‍. വിയോജിപ്പുള്ള ബുദ്ധിജീവികള്‍, എഴുത്തുകാര്‍, അധ്യാപകര്‍, ഗവേഷകര്‍ തുടങ്ങിയവരെ അര്‍ബന്‍ നക്‌സലുകള്‍ എന്ന് അധിക്ഷേപിച്ചതിന്റെ പുതിയ പതിപ്പാണിത്.
മുമ്പ് അവര്‍ ഉപയോഗിച്ച വാക്കുകള്‍ ഓര്‍ക്കുക രാജ്യദ്രോഹികള്‍, പാകിസ്ഥാന്‍ അനുകൂലികള്‍, ടുക്‌ഡെ ടൂുക്‌ഡെ ഗ്യാങ്, രാജ്യത്തിന്റെ ശത്രുക്കള്‍, ചാരന്മാര്‍… പ്രധാനമന്ത്രി പറയുന്നതുപോലെ ഈ മെന്റല്‍ നക്‌സലുകളെ ഇല്ലാതാക്കുകയാണെങ്കില്‍, അതിനര്‍ത്ഥം പ്രതിപക്ഷത്തെ ഇല്ലാതാക്കുക എന്നാണ്. ഇത് ഏകകക്ഷി ഭരണത്തിലേക്കും ഒടുവില്‍ സ്വേച്ഛാധിപത്യത്തിലേക്കും വഴിവെക്കും,’ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം വിമര്‍ശിച്ചു.
ചെങ്കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി നുണകള്‍ പ്രചരിപ്പിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിമര്‍ശനം.
സ്വാതന്ത്ര്യദിനം പോലെ പവിത്രമായ ഒരു ദേശീയ അവസരത്തില്‍ പോലും വിയോജിപ്പുള്ളവരെ ലക്ഷ്യമിടാന്‍ പ്രധാനമന്ത്രി സമയം കണ്ടെത്തിയിരിക്കുന്നുവെന്നും രാജ്യത്തെ ജനങ്ങള്‍ തന്നോടും തന്റെ സര്‍ക്കാറിനോടും ചോദിക്കുന്ന ചോദ്യങ്ങളെ അദ്ദേഹം സൗകര്യപൂര്‍വ്വം മറക്കുകയാണെന്നും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ കുറ്റപ്പെടുത്തി.
വിയോജിപ്പുകളെ അധിക്ഷേപിക്കാനും സര്‍ക്കാറിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നവരെ ഭയപ്പെടുത്താനുമുള്ള ശ്രമം മാത്രമാണിത്. വിദ്യാഭ്യാസത്തെക്കുറിച്ചും തൊഴിലിനെക്കുറിച്ചും യുവാക്കളും വിദ്യാര്‍ത്ഥികളും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാണ് പ്രധാനമന്ത്രി തയ്യാറാകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷത്തുള്ളവരെ രാജ്യദ്രോഹികളെന്ന് ആരോപിക്കാനാണ് അവര്‍ എപ്പോഴും ആഗ്രഹിക്കുന്നത്. മനസ്സില്‍ മാവോയിസ്റ്റുകളാണെന്ന് ആരോപിക്കുന്നത് വളരെ എളുപ്പമുള്ള കാര്യമാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ ബേബി വിമര്‍ശിച്ചു.
വനിതാ സംവരണത്തില്‍ മണ്ഡല പുനര്‍നിര്‍ണ്ണയത്തിനായി കാത്തുനില്‍ക്കാതെ നിലവിലുള്ള സീറ്റുകളില്‍ തന്നെ ഉടന്‍ സംവരണം നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യദിനത്തിന്റെ പ്രൗഢമായ വേദി സ്വന്തം വിമര്‍ശകര്‍ക്ക് നേരെ മ്ലേച്ഛമായ പരാമര്‍ശങ്ങള്‍ നടത്താന്‍ ഉപയോഗിച്ചത് കഷ്ടമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സാകേത് ഗോഖലെയും ചെങ്കോട്ട എന്നത് നുണകള്‍ പറയേണ്ട ഇടമല്ലെന്ന് സമാജ്‌വാദി പാര്‍ഡട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും വിമര്‍ശിച്ചു.
എന്നാല്‍, പ്രതിപക്ഷ വിമര്‍ശനങ്ങളെ തള്ളിക്കളഞ്ഞ ബി.ജെ.പി നേതൃത്വം, പ്രധാനമന്ത്രിയുടെ പ്രസംഗം വികസിത ഭാരതത്തിലേക്കുള്ള വ്യക്തമായ റോഡ് മാപ്പാണെന്ന് അവകാശപ്പെട്ടു. പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘സപ്തധാര’ രാജ്യത്തിന്റെ മുന്നേറ്റത്തിന് പുതിയ അടിത്തറയാകുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ പറഞ്ഞു.
യുവാക്കളെ ശാക്തീകരിക്കാനും രാജ്യത്തെ ആഗോള ശക്തിയാക്കാനുമുള്ള പ്രധാനമന്ത്രിയുടെ നിശ്ചയദാര്‍ഢ്യമാണ് പ്രസംഗത്തില്‍ പ്രതിഫലിച്ചതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും പ്രതികരിച്ചു.
Content Highlight: Opposition parties have sharply criticized Narendra Modi’s ‘Dimagi Naxal’ remark.