ഇനി പോരാട്ടം; കേന്ദ്രസര്‍ക്കാരിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍
Opposition Unity
ഇനി പോരാട്ടം; കേന്ദ്രസര്‍ക്കാരിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് പ്രതിപക്ഷ പാര്‍ട്ടികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th August 2021, 9:40 pm

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ ഒരുമിച്ച് പരസ്യപ്രതിഷേധത്തിനൊരുങ്ങി പ്രതിപക്ഷ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേര്‍ത്ത വെര്‍ച്വല്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

സെപ്റ്റംബര്‍ 20 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ചായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുകയെന്ന് പ്രതിപക്ഷം ഒന്നിച്ചിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഓരോ പാര്‍ട്ടികളുടേയും സംസ്ഥാന ഘടകങ്ങളായിരിക്കും പ്രതിഷേധത്തിന്റ ശൈലി തീരുമാനിക്കുക. ഹര്‍ത്താല്‍, ധര്‍ണ്ണകള്‍ തുടങ്ങിയ പ്രതിഷേധപരിപാടികള്‍ക്കാണ് യോഗം തീരുമാനത്തിലെത്തിയിരിക്കുന്നത്.

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ ഒരേ മനസ്സോടെ നേരിടുക എന്നതായിരിക്കണം പ്രതിപക്ഷ ഐക്യത്തിന്റെ ആത്യന്തിക ലക്ഷ്യമെന്നും അതിനായി സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മൂല്യങ്ങളിലും ഭരണഘടനയുടെ തത്വങ്ങളിലും വ്യവസ്ഥകളിലും വിശ്വസിക്കുന്ന ഒരു ഗവണ്‍മെന്റ് രാജ്യത്തിന് നല്‍കണം എന്ന ലക്ഷ്യത്തോടെ ഏകമനസ്സോടെ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ആരംഭിക്കേണ്ടതുണ്ടെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

”ഇത് ഒരു വെല്ലുവിളിയാണ്, എന്നാല്‍ നമുക്ക് ഒരുമിച്ച് അതിലേക്ക് ഉയരാം, കാരണം ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നതിന് ഒരു ബദലും ഇല്ല. നമുക്കെല്ലാവര്‍ക്കും പല നിര്‍ബന്ധങ്ങളുണ്ട്, പക്ഷേ നമ്മുടെ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി നാം അവയെ മറികടക്കേണ്ട
സമയം വന്നിരിക്കുന്നു,” സോണിയാ ഗാന്ധി പറഞ്ഞു.

ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവര്‍ ഒത്തുചേര്‍ന്ന് ഒരു ‘സമയബന്ധിതമായ പ്രവര്‍ത്തന പരിപാടി’ ആവിഷ്‌കരിക്കണമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു. ഇന്ത്യയിലെ നിലവിലെ സാഹചര്യം വളരെ ഇരുണ്ടതാണെന്നും നിരവധി പ്രശ്നങ്ങള്‍ രാജ്യം നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിനെക്കൂടാതെ എന്‍.സി.പി, സി.പി.ഐ.എം, സി.പി.ഐ, തൃണമൂല്‍ കോണ്‍ഗ്രസ്, ഡി.എം.കെ, ശിവസേന, ജെ.എം.എം, നാഷണല്‍ കോണ്‍ഫറന്‍സ്, ആര്‍.ജെ.ഡി, എ.ഐ.യു.ഡി.എഫ്, വി.സി.കെ, ലോക് താന്ത്രിക് ജനതാദള്‍, ജെ.ഡി.എസ്, ആര്‍.എല്‍.ഡി, ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് എം, പി.ഡി.പി, മുസ്‌ലിം ലീഗ് തുടങ്ങിയ പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Opposition meet jointly organise protests all over the country