കൊടുങ്ങല്ലൂര്‍: കള്ളക്കേസില്‍കുടുങ്ങുകയും പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തിനിരയാവുകയും ചെയ്തതിനെത്തുടര്‍ന്ന് മാനസിക സമ്മര്‍ദത്തിലായിരുന്ന മകന്‍ ജീവനൊടുക്കിയതായി പിതാവിന്റെ വെളിപ്പെടുത്തല്‍. കൊടുങ്ങല്ലൂര്‍ പഴുപ്പറമ്പില്‍ നൗഷാദ് ആണ് ഫേസ്ബുക്കിലൂടെ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

കൊടുങ്ങല്ലൂര്‍ ജനമൈത്രി പൊലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബൈജു, സബ് ഇന്‍സ്‌പെക്ടര്‍ അതുല്‍ മോഹന്‍ എന്നിവര്‍ക്കെതിരെയാണ് നൗഷാദ് രംഗത്ത് വന്നിരിക്കുന്നത്. മൂന്ന് ദിവസം പൊലീസ് സ്റ്റേഷനില്‍ വെച്ച് തന്റെ രണ്ട് മക്കളെ പൊലീസ് മര്‍ദിച്ചുവെന്നാണ് കുറിപ്പില്‍ പറയുന്നത്. കുറ്റമേറ്റെടുത്ത മൂത്തമകന്‍ ഇപ്പോഴും ജയിലിലാണെന്നും നൗഷാദ് പറയുന്നു.

സെപ്റ്റംബര്‍ 27ന് വൈകുന്നേരം 6.45ന് സി.ഐ ആണെന്ന് സ്വയം പരിചയപ്പെടുത്തിയ ആളില്‍ നിന്നും ഫോണ്‍കോള്‍ വന്നെന്നും ഇളയ മകന്‍ അസ്‌ലം സ്‌റ്റേഷനിലുണ്ടെന്നും ഉടന്‍ എത്തണമെന്നും പറഞ്ഞുവെന്ന് നൗഷാദ് പറയുന്നു. ടാക്‌സി ഡ്രൈവറായ നൗഷാദ് ഓട്ടത്തിലായതിനാല്‍ മൂത്ത മകനെ പറഞ്ഞയച്ചു എന്ന് കുറിപ്പില്‍ പറയുന്നു.

രാത്രി പത്തരയ്ക്ക് ശേഷം പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ഇളയമകന്‍ ഒരു പെണ്‍കുട്ടിയെ ഫോണില്‍ ഭീഷണിപ്പെടുത്തി 20 പവനും 50,000 രൂപയും തട്ടിയെടുത്തെന്നും ഈ പണം കൊണ്ട് ഇന്നോവ കാര്‍ വാങ്ങിയെന്നും പൊലീസ് പറഞ്ഞുവെന്ന് നൗഷാദ് പറയുന്നു. ഇത് കേസ് ആക്കിയിട്ടുണ്ടെന്നും എഫ്.ഐ.ആര്‍ ഇട്ടിട്ടുണ്ടന്നും പൊലീസ് പറഞ്ഞതായും നൗഷാദ് പറഞ്ഞു.

‘ഞാന്‍ ഇളയ മകന്റെ അടുത്ത് ചെന്ന് കാര്യങ്ങള്‍ ചോദിച്ചു നീ ഒരു പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും 20 പവന്‍ സ്വര്‍ണ്ണവും 50000 രൂപയും വാങ്ങിയോ എന്ന് ചോദിച്ചു. അവന്‍ വാപ്പിച്ചി ഞാന്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ല ഞാന്‍ ഒരു പെണ്‍കുട്ടിയുമായി രണ്ട് വര്‍ഷത്തോളമായി ഇഷ്ടത്തില്‍ ആണ്. അവളുടെ വീട്ടുകാര്‍ ഈ വിവരം അറിഞ്ഞപ്പോള്‍ അവളുടെ ഫോണ്‍ വാങ്ങി വെക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങള്‍ ആയി അവളുമായി ബന്ധപെടാന്‍ സാധിക്കാത്തത് കൊണ്ട് അവളെ ഒരു നോക്ക് കാണാന്‍ ഞാന്‍ അവളുടെ വീട്ടില്‍ ഒരു ഗ്ലാസ് വെള്ളം ചോദിച്ചു ചെന്നു അപ്പോള്‍ അവളുടെ വീട്ടുകാര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി വെറുതെ പോലീസിനെ വിളിച്ചു വരുത്തി’, നൗഷാദ് പറഞ്ഞു.

മകനോട് സംസാരിക്കുമ്പോള്‍ പൊലീസുകാര്‍ വന്ന് അവിടെ നില്‍ക്കാന്‍ പറ്റില്ലെന്നും പുറത്തേക്ക് പോകാന്‍ പറഞ്ഞെന്നും നൗഷാദ് പറഞ്ഞു. പുറത്തിറങ്ങും മുന്‍പ് മൂത്ത മകനോട് സംസാരിച്ചപ്പോള്‍ അങ്ങനെ ഒരു പെണ്‍കുട്ടിയെപ്പറ്റി അറിയില്ലെന്നും സഹോദരനെ പൊലീസ് തന്റെ മുന്നിലിട്ട് ക്രൂരമായി മര്‍ദിക്കുന്നത് സഹിക്കാതെ കുറ്റങ്ങള്‍ താനാണ് ചെയ്തതെന്ന് മകന്‍ പറഞ്ഞെന്നും നൗഷാദ് വെളിപ്പെടുത്തുന്നു.

‘മൂന്ന് ദിവസമാണ് സി.ഐ ബൈജുവും എസ്.ഐ അതുല്‍ മോഹനും കൂടി എന്റെ മക്കളെ സ്‌റ്റേഷനില്‍ വെച്ച് പീഡിപ്പിച്ചത്.
പ്രായപൂര്‍ത്തി ആകാത്ത ഒരു പയ്യനെയും മറ്റൊരു മകനെയും കോടതിയില്‍ ഹാജര്‍ ആക്കിയത് മൂന്ന് ദിവസം കഴിഞ്ഞ് ആണ്. മൂന്നാം ദിവസം എന്നോട് ഒരു പേപ്പറില്‍ ഒപ്പിടാന്‍ പറഞ്ഞു. ഇവരെ കോടതിയില്‍ ഹാജരാക്കണം ഞാന്‍ ആ പേപ്പര്‍ വാങ്ങി വായിച്ച് നോക്കിയപ്പോള്‍ ഇന്നലെ ഉച്ചക്ക് ആണ് ഇവരുടെ അറസ്റ്റ് രേഖപെടുത്തിയിട്ടുള്ളതെന്ന് എഴുതിയിരിക്കുന്നു. ഞാന്‍ എന്റെ വക്കീലിനെ വിളിച്ച് ആ കാര്യം പറഞ്ഞു. അത് സാരമില്ല എന്നോട് ഒപ്പിട്ട് കൊടുക്ക് നമുക്ക് അവരെ ജാമ്യത്തില്‍ എടുക്കാമെന്നും പറഞ്ഞു’, നൗഷാദ് പറയുന്നു.

മൂത്തമകനെ സ്റ്റേഷനില്‍ വെച്ച് പൊലീസ് വീഡിയോ ചിത്രീകരിക്കുകയും അത് ഇന്‍സ്റ്റഗ്രാം വഴിയും മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിച്ചെന്നും നൗഷാദ് പറയുന്നു.

നൗഷാദും വക്കീലും രണ്ട് ആള്‍ജാമ്യക്കാരും ചേര്‍ന്ന് തൃശൂര്‍ രാമപുരത്തുള്ള ജുവനൈല്‍ ജസ്റ്റിസ് അംഗം വിനീതയുടെ വസതിയിലെത്തി അസ്്‌ലമിനായി ജാമ്യാപേക്ഷ നല്‍കിയെന്നും എന്നാല്‍ ജാമ്യം നല്‍കേണ്ടതില്ലെന്ന് അവര്‍ മുന്‍കൂട്ടി തീരുമാനിച്ചത് പോലെയാണ് പെരുമാറിയതെന്നും നൗഷാദ് പറയുന്നു. എസ്.ഐ ബിജു തലേദിവസം തന്നെ വിളിച്ചിരുന്നു എന്ന് അവര്‍ പറഞ്ഞത് പൊലീസുകാരന്റെ സ്വാധീനം മൂലമാണെന്ന് നൗഷാദ് സംശയം പ്രകടിപ്പിച്ചു.

നാല് ദിവസം ജുവനൈല്‍ കസ്റ്റഡിയില്‍ കഴിഞ്ഞ മകന് ചികിത്സ നിഷേധിച്ചതായും നൗഷാദ് പറയുന്നു. ജാമ്യത്തിലിറങ്ങിയ അസ്്‌ലം തന്റെ സഹോദരനെ കാണാന്‍ സബ് ജയിലില്‍ പോയി തിരികെ വീട്ടിലെത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

തന്റെ മക്കള്‍ക്കെതിരെ നടപടിയെടുക്കുന്നതിന് മുന്‍പ് പൊലീസ് യഥാര്‍ത്ഥ പരാതിയെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തിയിരുന്നോ എന്ന് നൗഷാദ് ചോദിക്കുന്നു. കേസുമായി ബന്ധപ്പെടുത്തി പറയുന്ന ഇന്നോവ കാറിന്റെ ഉടമസ്ഥാവകാശം എന്തുകൊണ്ട് പൊലീസ് പരിശോധിച്ചില്ലെന്നും അദ്ദേഹം ചോദിക്കുന്നു.

കൂടാതെ പരാതിക്കാരിയുമായി മൂത്ത മകന്‍ ഏതെങ്കിലും രീതിയില്‍, ചാറ്റ് ചെയ്യുകയോ വിളിക്കുകയോ, ബന്ധപ്പെട്ടിട്ടുള്ളതിന് തെളിവുണ്ടോ എന്നും നൗഷാദ് ചോദിക്കുന്നു.

പ്രായപൂര്‍ത്തിയാകാത്ത മകനെ ക്രൂരമായി തല്ലിച്ചതക്കാന്‍ പൊലീസിന് ആരാണ് അധികാരം കൊടുത്തതെന്ന് ചോദിക്കുന്ന നൗഷാദ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്ന രക്ഷിതാക്കളോട് മാന്യമായി പെരുമാറേണ്ടേ എന്നും ചോദിക്കുന്നു.

രണ്ട് പേര്‍ പരസ്പരം ഇഷ്ടപ്പെട്ടതിന്റെ പേരില്‍ ഒരു മകനെ കൊലയ്ക്ക് കൊടുക്കുകയും മറ്റൊരു മകനെ ജയിലില്‍ ആക്കുകയും ചെയ്ത സി.ഐ ബൈജുവിനെയും എസ്.ഐ അതുല്‍ മോഹനെയും നിയമത്തിന്റെ മുന്നില്‍ കൊണ്ട് വന്ന് തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കുവാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടുകൊണ്ടാണ് നൗഷാദ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

 

Content Highlight: “One son is gone, another is in jail”: Kerala father alleges police torture drove teenager to suicide.