റിയോ: ഒളിമ്പിക്‌സ് വില്ലേജില്‍ താരങ്ങള്‍ക്കായൊരുക്കിയ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് പരാതികള്‍ ഉയരുന്നതിനിടെ അതൃപ്തി പ്രകടമാക്കി ഇന്ത്യന്‍ ഹോക്കി ടീം കോച്ച് റോളണ്ട് ഓള്‍ട്ട്മാനും രംഗത്ത്. ഇന്ത്യയുടെ ഹോക്കി ടീമിന് താമസസൗകര്യമൊരുക്കിയിടത്ത് വേണ്ടത്ര ഫര്‍ണ്ണിച്ചറുകളും ടി.വി സെറ്റുകളും ലഭ്യമാക്കിയിട്ടില്ലെന്ന് കാണിച്ച ഓള്‍ട്ട്മാന്‍ അധികൃതര്‍ക്ക് കത്തയച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഢത്തിന്റെ ചുമതലയുളള ചെഫ് ദ മിഷന്‍ രാകേഷ് ഗുപ്തയ്ക്കാണ് ഓള്‍ട്ടമാന്‍ കത്ത് കൈമാറിയത്. ഇന്ത്യയുടെ പുരുഷവനിതാ ടീമുകള്‍ തമാസിക്കുന്ന അപ്പാര്‍ട്ട്‌മെന്റുകളില്‍ വേണ്ടത്ര സൗകര്യമൊരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്.

“റിയോ ഒളിമ്പിക്‌സ് വില്ലേജിലെ അപ്പാര്‍ട്ടുമെന്റുകളില്‍ വേണ്ടത്ര ഫര്‍ണ്ണിച്ചര്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല. ആറ് പേര്‍ക്കെങ്കിലുമുള്ള കസേരകളും മേശകളും ഓരോ അപ്പാര്‍ട്ടുമെന്റിലും അത്യാവശ്യമാണ്. എന്നാല്‍ രണ്ട് കസേരകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. പുരുഷവനിതാ ടീമുകള്‍ക്കായി 9 അപ്പാര്‍ട്ട്‌മെന്റുകളാണ് ഉപയോഗിക്കുന്നത്. അവിടേക്ക് ചുരുങ്ങിയത് 28 കസേരകളുടെ കുറവെങ്കിലുമുണ്ട്, കൂടാതെ ഏഴ് അപ്പാര്‍ട്ടുമെന്റുകളില്‍ ചുരുങ്ങിയത് ഒരു ടേബിളെങ്കിലും ആവശ്യമാണ്.” ഓള്‍ട്ട്മാന്‍ കത്തില്‍ എഴുതുന്നു.

കളിക്കാര്‍ക്ക് ഒളിമ്പിക്‌സിനിടെ എതിര്‍ ടീമിന്റെ മത്സരങ്ങള്‍ കാണാനായി റൂമുകളില്‍ ടി.വി സെറ്റുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ഓള്‍ട്ട്മാന്‍ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. താരങ്ങള്‍ക്കായി ഒളിമ്പിക്‌സ് വില്ലേജില്‍ ഒരുക്കിയ അപ്പാര്‍ട്ടുമെന്റുകളില്‍ വേണ്ടത്ര സൗകര്യങ്ങളില്ലെന്ന് ആസ്‌ട്രേലിയ അടക്കം പല രാജ്യങ്ങളും ഇതിനകം പരാതികള്‍ ഉയര്‍ത്തിയിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഓസ്‌ട്രേലിയന്‍ ടീമംഗങ്ങള്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ താഴെ ഭാഗത്ത് നിന്ന തീ പടര്‍ന്നത് വാര്‍ത്തയായിരുന്നു.