ഒടിയന്‍ വീണ്ടുമെത്തും, ഏതുരൂപത്തിലെന്ന് പ്രേക്ഷകര്‍, വിവരം പങ്കുവെച്ച് തിരക്കഥാകൃത്ത്
Entertainment
ഒടിയന്‍ വീണ്ടുമെത്തും, ഏതുരൂപത്തിലെന്ന് പ്രേക്ഷകര്‍, വിവരം പങ്കുവെച്ച് തിരക്കഥാകൃത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 14th December 2020, 1:53 pm

മോഹന്‍ലാല്‍ മഞ്ജുവാര്യര്‍ പ്രകാശ് രാജ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വി.എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒടിയന്‍. ഒടിയന്‍ സിനിമ റിലീസ് ചെയ്തിട്ട് രണ്ടുവര്‍ഷം തികയുന്ന വേളയില്‍ മറ്റൊരു വിശേഷവുമായെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍.

ഒടിയന്റെ തിരക്കഥ പുസ്തകമായി ഇറക്കുന്നുവെന്ന വിവരമാണ് ഹരികൃഷ്ണന്‍ പുറത്തുവിട്ടത്. മഞ്ജുവാര്യരും ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.

ഒരു വലിയ വാണിജ്യ സിനിമയെ കലാംശം കുറയാതെയും നോണ്‍ ലീനിയര്‍ ആയും തിരക്കഥയിലൂടെ സമീപിക്കാനായതിന്റെ സന്തോഷം തനിക്കുണ്ടെന്നും ഹരികൃഷ്ണന്‍ പറഞ്ഞു. മടി കാരണമാണ് പുസ്തകമിറക്കാന്‍ ഇത്രയും വൈകിയതെന്നും ഹരികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഇന്ന് ‘ഒടിയന്‍’ റിലീസ് ചെയ്തിട്ടു രണ്ടു വര്‍ഷം. ഒരു വലിയ സിനിമയ്ക്ക് അര്‍ഹമായ വിധം വലിയ അഭിനന്ദനങ്ങളും വലിയ വിമര്‍ശനങ്ങളും ആ സിനിമ ഏറ്റുവാങ്ങി. എന്നെ സംബന്ധിച്ചിടത്തോളം നല്ല ഓര്‍മകളുടെ സുന്ദരസമാഹാരമാണ് ആ സിനിമ.
എന്റെ ചങ്ങാത്തങ്ങളുടെ ആഘോഷം കൂടിയായിരുന്നു, ഒടിയന്‍. പ്രിയപ്പെട്ടവരായ മോഹന്‍ലാല്‍, മഞ്ജു വാരിയര്‍, വി.എ. ശ്രീകുമാര്‍, ആന്റണി പെരുമ്പാവൂര്‍, പത്മകുമാര്‍, ഷാജി കുമാര്‍..

ഒടിയന്റെ തിരക്കഥയോട് വ്യക്തിപരമായി എനിക്ക് ഇഷ്ടമേറെയാണ്. ഒരു വലിയ വാണിജ്യസിനിമയെ കലാംശം കുറയാതെയും നോണ്‍ ലീനിയര്‍ ആയും തിരക്കഥയിലൂടെ സമീപിക്കാനായതിന്റെ സന്തോഷം.
സിനിമയ്ക്കുമുന്‍പേ തിരക്കഥ പ്രസാധനം ചെയ്യാന്‍ ആവശ്യങ്ങളുണ്ടായെങ്കിലും ഞാനതു വേണ്ടെന്നുവച്ചു. സിനിമ റിലീസ് ചെയ്തശേഷം, സ്‌ക്രിപ്റ്റിനും ഡയലോഗുകള്‍ക്കും ഏറെ ഇഷ്ടക്കാരുണ്ടായി. അപ്പോഴും പുസ്തകമാക്കുന്നത് എന്റെ ആലോചനയില്‍വന്നില്ല. സ്വാഭാവികമായ മടി വലിയ കാരണംതന്നെയാണ്. ( ദേശീയ അവാര്‍ഡ് വാങ്ങിത്തന്ന ‘കുട്ടിസ്രാങ്കി’ ന്റെ തിരക്കഥ ഇതുവരെ പുസ്തകമാകാത്തതിനും മറ്റൊരു കാരണമില്ല. )

ഇപ്പോഴിതാ , ഒടിയന്റെ ഈ രണ്ടാം പിറന്നാള്‍ദിനത്തില്‍, തിരക്കഥ പുസ്തകമായി വൈകാതെ ഇറങ്ങുന്ന സന്തോഷം അറിയിക്കുന്നു.
നല്ല പുസ്തകങ്ങളുടെ നിര്‍മിതിക്കും പ്രസാധനത്തിനും പേരെടുത്ത ഡോണ്‍ ബുക്‌സ് ആണു പ്രസാധകര്‍. അതിന്റെ അമരക്കാരനും പ്രിയ സുഹൃത്തുമായ അനില്‍ വേഗയുടെ പ്രസാധനമികവും ഡിസൈന്‍ വൈദഗ്ധ്യവും ഒടിയന്‍ പുസ്തകത്തെ മികവുറ്റതാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ പോസ്റ്റര്‍ അനിലിന്റെ വിരല്‍വരത്തിന്റെ മുദ്രയാണ്.
പുസ്തകത്തിന്റെ പ്രകാശനവിവരങ്ങള്‍ പിന്നീടറിയിക്കാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Odiyan movie script writter going to release book