“ഒരു ഗാനം ആലപിക്കുന്നതുകൊണ്ട് മാത്രം ഒരാളുടെ രാജ്യസ്‌നേഹം അളക്കാനാകുമോ? വരികള്‍ ഉറക്കെ പാടാത്ത ഒരാള്‍ക്ക് രാജ്യത്തോട് സ്‌നേഹമില്ലെന്ന് വിധിക്കാന്‍ ഇവിടെ ആര്‍ക്കാണ് അവകാശമുള്ളത്? | നുബ്‌സൺ തോട്ടത്തിൽ എഴുതുന്നു
സ്വാതന്ത്ര്യം ഒരു മതത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടെയോ മാത്രം സംഭാവനയല്ല; അനേകം മനുഷ്യരുടെ കൂട്ടായ ത്യാഗത്തിന്റെ ഫലമാണ്. എന്നാല്‍ ഇന്ന്, അതേ സ്വാതന്ത്ര്യത്തിന്റെ ചരിത്രത്തില്‍ ഒരിക്കല്‍ മനുഷ്യരെ ഒന്നിപ്പിച്ച ഒരു ഗാനം തന്നെ രാഷ്ട്രീയ വാദപ്രതിവാദങ്ങളുടെ കേന്ദ്രമായി മാറുകയാണ്.
‘വന്ദേമാതരം’ആലപിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ബി.ജെ.പി സര്‍ക്കാരും കോണ്‍ഗ്രസും തമ്മില്‍ ദശാബ്ദങ്ങളായുള്ള രാഷ്ട്രീയ സംവാദ വിഷയമാണ്. എന്നാല്‍ 2026ല്‍ ഈ വിവാദത്തിന് പുതിയൊരു പശ്ചാത്തലം കൂടി വന്നിരിക്കുന്നു.
Photo: ChatGPT
ജനുവരി 28ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ പ്രോട്ടോക്കോളില്‍ ഔദ്യോഗിക ചടങ്ങുകളില്‍ ‘വന്ദേമാതര’ത്തിന്റെ ആറ് പദ്യങ്ങളുള്ള പൂര്‍ണരൂപം ആലപിക്കണമെന്ന് നിര്‍ദേശിക്കുകയും, അത് ദേശീയഗാനമായ ‘ജനഗണമന’യോടൊപ്പം ആലപിക്കുന്ന സാഹചര്യത്തില്‍ ‘വന്ദേമാതരം’ ആദ്യം ആലപിക്കണമെന്നും വ്യക്തമാക്കുകയും ചെയ്തു.
ജൂലൈ 9ന് ആഭ്യന്തര മന്ത്രാലയം ദേശീയഗാനത്തെയും ദേശീയഗീതത്തെയും സംബന്ധിച്ച പുതുക്കിയ നിര്‍ദേശങ്ങള്‍ കൂടി പുറത്തിറക്കിയതോടെ, സ്വാതന്ത്ര്യദിനം അടുത്തെത്തുന്ന ഈ വേളയില്‍ ‘വന്ദേമാതരം’ സംബന്ധിച്ച രാഷ്ട്രീയ സംവാദവും വീണ്ടും ചൂടുപിടിക്കുകയാണ്.
ദേശീയത എന്നത് മനുഷ്യരെ പരസ്പരം ഒന്നിപ്പിക്കാനുള്ള പശയാകേണ്ടതിന് പകരം, മനുഷ്യര്‍ക്കിടയില്‍ വേര്‍തിരിവുകള്‍ സൃഷ്ടിക്കാനുള്ള ആയുധമായി മാറുന്നുവോ എന്ന ആശങ്കാകുലമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
ഈ സാഹചര്യത്തില്‍, ചരിത്രത്തെയും സാഹിത്യത്തെയും കേവലം രാഷ്ട്രീയ ലാഭങ്ങള്‍ക്കപ്പുറം കൂടുതല്‍ ബഹുസ്വരവും മാനവികവുമായി വായിക്കാന്‍ തയ്യാറാകുകയാണ് നാം ചെയ്യേണ്ടത്.’
1947ല്‍ നമുക്ക് അടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ച് സ്വാതന്ത്ര്യം നല്‍കിത്തന്നത് മതങ്ങള്‍ക്കും രാഷ്ട്രീയത്തിനുമപ്പുറം, നമ്മുടെ പൂര്‍വികരായ ‘മനുഷ്യര്‍’ എന്ന വര്‍ഗമാണ്. അത് കാലങ്ങള്‍ക്കപ്പുറമുള്ള വരുംതലമുറകള്‍ക്ക് കൂടിയുള്ള മനുഷ്യസ്‌നേഹത്തിന്റെ പ്രതീകമാണ്.
ഇവിടെയാണ് മറ്റൊരു അടിസ്ഥാന ചോദ്യം ഉയരുന്നത്: വന്ദേമാതരം പാടണമോ വേണ്ടയോ എന്ന തര്‍ക്കത്തിനപ്പുറം, ഒരു ദേശീയഗീതത്തിന്റെ യഥാര്‍ത്ഥ ശക്തി മനുഷ്യരെ ഒന്നിപ്പിക്കുന്നതിലല്ലേ?
‘ആനന്ദമഠം’, വന്ദേ മാതരം: സാഹിത്യവും ചരിത്രവും
പ്രശസ്ത നോവലിസ്റ്റും കവിയുമായ ബങ്കിം ചന്ദ്ര ചാറ്റര്‍ജി രചിച്ച ‘ആനന്ദമഠം’ എന്ന രാഷ്ട്രീയ നോവലിലൂടെയാണ് ‘വന്ദേമാതരം’ എന്ന ഗാനം വ്യാപകമായി അറിയപ്പെടുന്നത്. മാതൃരാജ്യത്തെ പ്രകൃതിഭംഗിയുള്ള ഒരമ്മയായി സങ്കല്‍പ്പിച്ച് 1875ല്‍ അദ്ദേഹം സ്വതന്ത്രമായി രചിച്ച കവിതയായിരുന്നു ഇത്.
ബങ്കിം ചന്ദ്ര ചാറ്റര്‍ജി. Photo: Wikipedia
വര്‍ഷങ്ങള്‍ക്ക് ശേഷം, അദ്ദേഹം തന്നെ സ്ഥാപിച്ച ‘ബംഗദര്‍ശന്‍’ എന്ന പ്രമുഖ ബംഗാളി സാഹിത്യ മാസികയിലൂടെയാണ് ഈ കൃതി ജനങ്ങളിലേക്ക് എത്തുന്നത്. 1770കളിലെ പശ്ചാത്തലത്തെ ആസ്പദമാക്കിയുള്ള ഈ നോവല്‍ 1881-1882 കാലഘട്ടത്തില്‍ ആ മാസികയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കപ്പെട്ടു.
ആനന്ദമഠം
അന്ന് കഥയുടെ ഭാഗമായാണ് ഏഴ് വര്‍ഷം മുന്‍പ് എഴുതിയ ‘വന്ദേമാതരം’ എന്ന കവിത അദ്ദേഹം ഇതില്‍ ഉള്‍പ്പെടുത്തിയത്. 19ാം നൂറ്റാണ്ടിലെ ജനങ്ങളില്‍ രാജ്യസ്‌നേഹവും ദേശീയബോധവും ഉണര്‍ത്തുന്നതില്‍ ഈ കൃതി നിര്‍ണായക പങ്കുവഹിച്ചു.
‘ആനന്ദമഠം’ ബംഗദര്‍ശന്‍ മാസികയില്‍ പ്രസിദ്ധീകരിച്ച പതിപ്പില്‍ നിന്ന് 1882ല്‍ പുറത്തിറങ്ങിയ പുസ്തകരൂപത്തിലേക്ക് എത്തിയപ്പോള്‍ അതിന്റെ പാഠത്തിലും രാഷ്ട്രീയസ്വരത്തിലും ചില പ്രധാന മാറ്റങ്ങള്‍ വന്നിരുന്നു.
ഒരു ബ്രിട്ടീഷ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന ബങ്കിം ചന്ദ്ര ചാറ്റര്‍ജിക്ക്, തന്റെ രചനയെ ചുറ്റിപ്പറ്റി രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നുവെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.
പുസ്തകരൂപത്തില്‍ വന്ന പതിപ്പിന്റെ അവസാന ഭാഗത്ത് ബ്രിട്ടീഷ് ഭരണം ഇന്ത്യയ്ക്ക് ഒരു ഘട്ടത്തില്‍ പ്രയോജനകരമാകാമെന്ന ആശയം പ്രത്യക്ഷപ്പെടുന്നതും ഈ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാണ്.
നോവലിന്റെ വിവിധ പതിപ്പുകളില്‍ സന്യാസിമാരുടെ പോരാട്ടം, ബ്രിട്ടീഷ് അധികാരം, മുസ്‌ലിം ഭരണാധികാരികള്‍ എന്നിവരെ അവതരിപ്പിച്ച രീതിയെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ വ്യത്യസ്തമായ വായനകളും സംവാദങ്ങളും നിലനില്‍ക്കുന്നുണ്ട്.
കഥയിലെ ശത്രുപക്ഷത്തിന്റെ ചിത്രീകരണത്തെ കേവലം ഒരു താത്കാലിക രാഷ്ട്രീയ മാറ്റമായി കാണാതെ, 1770കളിലെ ബംഗാളിന്റെ സങ്കീര്‍ണമായ ചരിത്രപശ്ചാത്തലവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നികുതിപിരിവും പ്രാദേശിക ഭരണകൂടങ്ങളുടെ പങ്കും ഉള്‍പ്പെടെ ബങ്കിം തന്റെ ദേശീയചിന്തയ്ക്കനുസരിച്ച് ചരിത്രത്തെ സാഹിത്യത്തിലൂടെ പുനര്‍സൃഷ്ടിച്ച രീതിയുമായി ബന്ധപ്പെടുത്തി വേണം വിലയിരുത്താന്‍.
ഇത് ഒരു പ്രധാന ചോദ്യത്തിലേക്ക് നമ്മെ നയിക്കുന്നു:
‘ബ്രിട്ടീഷ് ഭരണകാലത്ത് പ്രസിദ്ധീകരിച്ച ഒരു ദേശീയതാവാദ നോവലിന്റെ രാഷ്ട്രീയസ്വരം അതിന്റെ പ്രസിദ്ധീകരണ സാഹചര്യങ്ങളാല്‍ എത്രത്തോളം സ്വാധീനിക്കപ്പെട്ടിരുന്നു? അത്, അല്ലെങ്കില്‍, ബങ്കിം തന്റെ കാലഘട്ടത്തിന്റെ ചരിത്രത്തെ സ്വന്തം ദേശീയചിന്തയ്ക്ക് അനുസരിച്ച് സാഹിത്യത്തിലൂടെ പുനര്‍സൃഷ്ടിക്കുകയായിരുന്നോ?’
ആനന്ദമഠം: രണ്ടാം എഡിഷൻ. Photo: Wikipedia
വന്ദേമാതരത്തിന്റെ രചയിതാവായ ബങ്കിം ചന്ദ്ര ചാറ്റര്‍ജി നേരിട്ട് തെരുവിലിറങ്ങി സമരം ചെയ്ത ഒരു സ്വാതന്ത്ര്യസമര പോരാളിയായിരുന്നില്ല; ചരിത്രരേഖകള്‍ വ്യക്തമാക്കുന്നത് പോലെ, ബങ്കിം നേരിട്ട് ഒരു വിപ്ലവകാരിയായി പ്രവര്‍ത്തിച്ചിരുന്നില്ല.
മറിച്ച് ബ്രിട്ടീഷ് ഭരണകാലത്ത് ഡെപ്യൂട്ടി മജിസ്‌ട്രേറ്റായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമരം അതിന്റെ സജീവമായ ജനകീയ ഘട്ടങ്ങളിലേക്ക് കടക്കുന്നതിന് വളരെ മുമ്പ്, 1894ല്‍ അദ്ദേഹം അന്തരിക്കുകയും ചെയ്തു.
സാഹിത്യചര്‍ച്ചകളില്‍ അദ്ദേഹത്തിന്റെ രചനകളെ ‘എഴുത്തിന്റെ കരുത്ത്’ എന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും, ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പശ്ചാത്തലം പൂര്‍ണമായും ബ്രിട്ടീഷ് ഭരണകൂടത്തിന് കീഴിലായിരുന്നു.
എന്നാല്‍, പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ ശേഷം 1905ലെ ബംഗാള്‍ വിഭജന വിരുദ്ധ പ്രസ്ഥാനത്തിന്റെ സ്വദേശി മൂവേമെന്റ് സമയത്ത് ബിപിന്‍ ചന്ദ്ര പാല്‍, അരവിന്ദ ഘോഷ് തുടങ്ങിയ ദേശീയ നേതാക്കള്‍ ബങ്കിമിന്റെ ‘വന്ദേമാതരം’ എന്ന ഗാനത്തെ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ പ്രധാന പ്രതീകമായി ഉയര്‍ത്തിക്കാട്ടുകയുണ്ടായി.
അരവിന്ദ ഘോഷ് | ബിപിന്‍ ചന്ദ്ര പാല്‍
ഇവിടെ മറ്റൊരു പ്രധാന ചരിത്രവസ്തുത സാഹിത്യവും ചരിത്രവും തമ്മിലുള്ള വ്യത്യാസം നാം സൂക്ഷ്മമായി തിരിച്ചറിയേണ്ടതുണ്ട്.
‘ആനന്ദമഠം’ എന്ന നോവലില്‍ പ്രധാനമായും നാല് തലങ്ങളിലുള്ള ജനവിഭാഗങ്ങളെയാണ് ബങ്കിം ചിത്രീകരിക്കുന്നത്. ഒന്നാമതായി, മാതൃരാജ്യത്തെ ഭാരതമാതാവായി കണ്ട് വിപ്ലവത്തിനിറങ്ങിയ നായകന്മാരായ ‘ഹൈന്ദവ സന്യാസിമാര്‍’. രണ്ടാമതായി, ജനങ്ങളെ പട്ടിണിക്കിട്ടവരും അഴിമതിക്കാരുമായി നോവലില്‍ ചിത്രീകരിക്കപ്പെടുന്ന ‘മുസ്‌ലിം ഭരണാധികാരികള്‍’.
മൂന്നാമതായി, മുസ്‌ലിം ഭരണത്തില്‍ നിന്ന് താത്കാലിക മോചനം നല്‍കാന്‍ സഹായിക്കുന്ന ‘ബ്രിട്ടീഷുകാര്‍’. നാലാമതായി, 1770കളിലെ ആ ദാരുണമായ ബംഗാള്‍ ക്ഷാമത്തില്‍ ഇരകളാകേണ്ടി വന്ന ‘സാധാരണ ജനങ്ങള്‍’.
എന്നാല്‍ ഈ സാഹിത്യസൃഷ്ടിക്കപ്പുറം ചരിത്രത്തിലേക്ക് നോക്കിയാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. 1770കളിലെ യഥാര്‍ത്ഥ സന്യാസി-ഫക്കീര്‍ ലഹള എന്നത് ഇന്നത്തെ അര്‍ത്ഥത്തിലുള്ള ഒരു ‘ഇന്ത്യന്‍ സ്വാതന്ത്ര്യസമര’മായിരുന്നില്ല; മറിച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ക്രൂരമായ ചൂഷണത്തിനും നികുതിപിരിവിനുമെതിരെ പ്രാദേശിക സന്യാസിമാരും മുസ്‌ലിം ഫക്കീറുകളും കര്‍ഷകരും ഒത്തുചേര്‍ന്ന് നടത്തിയ ഒരു സായുധ പ്രതിരോധം മാത്രമായിരുന്നു.
നോവലില്‍ ചരിത്രപരമായ വലിയ വൈരുദ്ധ്യങ്ങളും കാണാം. നോവലിന്റെ പശ്ചാത്തല കാലഘട്ടത്തില്‍ ബംഗാള്‍ ഭരിക്കുന്നതായി ചിത്രീകരിക്കുന്ന മിര്‍ ജാഫര്‍ യഥാര്‍ത്ഥത്തില്‍ 1765ല്‍ തന്നെ മരണപ്പെട്ടിരുന്നു.
മിര്‍ ജാഫര്‍
ഇന്ത്യന്‍ ചരിത്രത്തിലെ ‘വഞ്ചനയുടെ പ്രതീകം’ എന്ന നിലയില്‍ ആ ഭരണകൂടത്തിന്റെ തകര്‍ച്ചയെ വായനക്കാരിലേക്ക് എത്തിക്കാന്‍ ബങ്കിം ഉപയോഗിച്ച ഒരു സാഹിത്യ രൂപകം മാത്രമായിരുന്നു അത്.
മാത്രമല്ല, മാതൃഭൂമിയെ ദുര്‍ഗയായും ലക്ഷ്മിയായും ചിത്രീകരിക്കുന്ന ഗാനത്തിലെ വരികള്‍ നോവലിന്റെ ഹൈന്ദവ പുനരുത്ഥാന പശ്ചാത്തലവുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു.
മാതൃഭൂമിയെ ദുര്‍ഗയായും ലക്ഷ്മിയായും ചിത്രീകരിക്കുന്ന വരികള്‍ കേവലമൊരു കാവ്യസങ്കല്‍പ്പം മാത്രമാണെന്ന് പറഞ്ഞ് ഈ വിഷയം അവസാനിപ്പിക്കാനാവില്ല. ആനന്ദമഠം മുന്നോട്ടുവയ്ക്കുന്ന ഹിന്ദു സാംസ്‌കാരികമതപരമായ പശ്ചാത്തലവുമായി ഈ പ്രതീകങ്ങള്‍ക്ക് ആഴത്തിലുള്ള ബന്ധമുണ്ട്.
വന്ദേമാതരത്തിന്റെ പൂര്‍ണരൂപത്തില്‍ മാതൃഭൂമിയെ ദുര്‍ഗയുടെയും ലക്ഷ്മിയുടെയും രൂപങ്ങളുമായി ബന്ധിപ്പിക്കുന്ന വരികളുണ്ട്.
അതിനാല്‍, ഈ വരികളോട് ചില മുസ്‌ലിം വിഭാഗങ്ങള്‍ക്ക് മതപരമായ ആശങ്ക ഉണ്ടായത് മനസ്സിലാക്കേണ്ട ഒരു ചരിത്രസത്യമാണ്. പ്രത്യേകിച്ച്, ഏകദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ മതവിശ്വാസമുള്ള ഒരാള്‍ക്ക് ഒരു ദേവതാരൂപത്തെ മാതൃഭൂമിയുമായി ഏകീകരിച്ച് വണങ്ങുന്ന ഭാഷ സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം.
അവിടെ ഈ ചോദ്യം ഉയരുന്നു, ഒരു വിഭാഗത്തിന് അത് മാതൃഭൂമിയോടുള്ള പരമമായ സ്‌നേഹത്തിന്റെ കാവ്യപ്രകടനമാകുമ്പോള്‍, മറ്റൊരു വിഭാഗത്തിന് അത് സ്വന്തം മതവിശ്വാസവുമായി പൊരുത്തപ്പെടാത്ത ഒരു പ്രതീകമായി തോന്നുന്നുവെങ്കില്‍, ജനാധിപത്യത്തില്‍ നാം ആരുടെ വികാരത്തെ ‘മാത്രമാണ്’ പരിഗണിക്കേണ്ടത്?
സ്വാതന്ത്ര്യസമരവും ബഹുസ്വരതയും
വന്ദേമാതരം ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല. നേതാജി സുഭാഷ് ചന്ദ്രബോസും മഹാത്മാഗാന്ധിയും ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് സ്വാതന്ത്ര്യസമര പോരാളികള്‍ക്ക് ആവേശം നല്‍കിയ ഗാനമാണിത്. അതിനാല്‍ ഈ ഗാനത്തോടും അതിന്റെ ചരിത്രത്തോടും പൂര്‍ണമായ ബഹുമാനം പുലര്‍ത്തണം എന്നതില്‍ തര്‍ക്കമില്ല.
ഗാന്ധി | സുഭാഷ് ചന്ദ്ര ബോസ്
എന്നാല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ഇന്ത്യ ഒന്നടങ്കം പോരാടിയപ്പോള്‍ അതിന്റെ മുന്‍നിരയില്‍ നിരവധി മുസ്‌ലിം നേതാക്കളുണ്ടായിരുന്നു എന്നത് നമുക്ക് വിസ്മരിക്കാനാവില്ല.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റും മഹാത്മാ ഗാന്ധിയുടെ ഏറ്റവും അടുത്ത അനുയായിയുമായിരുന്ന മൗലാനാ അബുല്‍ കലാം ആസാദ്, അഹിംസാ മാര്‍ഗ്ഗത്തിലൂടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ വിറപ്പിച്ച ‘അതിര്‍ത്തി ഗാന്ധി’ ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍, മാതൃരാജ്യത്തിന്റെ മോചനത്തിന് വേണ്ടി ഇരുപത്തിയേഴാം വയസ്സില്‍ ചിരിച്ചുകൊണ്ട് തൂക്കുമരത്തിലേറിയ ധീര വിപ്ലവകാരി അഷ്ഫാഖുള്ള ഖാന്‍ എന്നിവരുടെ ത്യാഗം ഈ രാജ്യത്തിന്റെ മണ്ണില്‍ ആഴത്തില്‍ പതിഞ്ഞതാണ്.
Photo: ChatGPT
തീരുന്നില്ല , സ്വാതന്ത്ര്യസമരത്തിന് ആവേശം പകര്‍ന്ന ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ എന്ന വിഖ്യാത മുദ്രാവാക്യം ആദ്യമായി രാജ്യത്തിന് സമ്മാനിച്ച കവിയും പത്രപ്രവര്‍ത്തകനും രാഷ്ട്രീയപ്രവര്‍ത്തകനുമായ മൗലാനാ ഹസ്രത് മൊഹാനിയും, 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ലഖ്‌നൗവില്‍ നേരിട്ട് വിപ്ലവം നയിച്ച വീരവനിത ബീഗം ഹസ്രത് മഹലും ഈ പോരാട്ട ചരിത്രത്തിലെ ജ്വലിക്കുന്ന നക്ഷത്രമാണ്.
അംബേദ്കറിനൊപ്പം ഹസ്രത് മൊഹാനി. Photo: Wikipedia
ബീഗം ഹസ്രത് മഹൽ. Photo: Wikipedia
ഇതിനോടൊപ്പം തന്നെ, പിംഗലി വെങ്കയ്യ രൂപകല്‍പ്പന ചെയ്ത ഇന്ത്യയുടെ ദേശീയ പതാകയിലെ ചര്‍ക്കയ്ക്ക് പകരം അശോകചക്രം ഉള്‍പ്പെടുത്തി അതിന് ഇന്നത്തെ അന്തിമ രൂപം നല്‍കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സുരയ്യ ത്യാബ്ജിയെപ്പോലുള്ളവരുടെ സംഭാവനകളും ചരിത്രത്തില്‍ സജീവമായ ചര്‍ച്ചാവിഷയമാണ്.
സുരയ്യ ത്യാബ്ജി
ഇന്ത്യയുടെ മോചനത്തിന് വേണ്ടി ജീവന്‍ നല്‍കിയ ഒരു ജനവിഭാഗത്തിന്, തങ്ങളുടെ രാജ്യസ്‌നേഹം തെളിയിക്കാന്‍ ഒരു പ്രത്യേക ഗാനത്തിന്റെ വരികള്‍ നിര്‍ബന്ധമായി പാടേണ്ടതില്ല എന്ന് ഈ ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു.
‘ഒരു രാജ്യം അതിന്റെ പൗരന്മാരോട് ഒരേ രീതിയില്‍ ദേശസ്‌നേഹം പ്രകടിപ്പിക്കാന്‍ ആവശ്യപ്പെടുന്നതിലാണോ ശക്തമാകുന്നത്, അതോ വ്യത്യസ്ത മനസാക്ഷികള്‍ക്കും ഒരുപോലെ ഇടം നല്‍കുന്നതിലാണോ?’
ഇവിടെയാണ് ബഹുസ്വരതയുടെ യഥാര്‍ത്ഥ പരീക്ഷണം തുടങ്ങുന്നത്. വന്ദേമാതരത്തിന്റെ ചരിത്രത്തിലും ഈ വൈവിധ്യമാര്‍ന്ന നിലപാടുകള്‍ കാണാം.
രബീന്ദ്രനാഥ ടാഗോര്‍ വന്ദേമാതരത്തിന് എതിരായിരുന്നില്ല. 1896ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ അദ്ദേഹം തന്നെ ഈ ഗാനം ആലപിച്ചിരുന്നു. എന്നാല്‍ 1937ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനും സുഭാഷ് ചന്ദ്രബോസിനുമൊപ്പമുള്ള കത്തിടപാടുകളില്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.
രബീന്ദ്രനാഥ ടാഗോര്‍
ഗാനത്തിന്റെ ആദ്യ രണ്ട് പദ്യങ്ങളോട് തനിക്ക് യോജിപ്പുണ്ടെന്നും, മുഴുവന്‍ കവിതയെയും ‘ആനന്ദമഠം’ എന്ന നോവലിന്റെ പശ്ചാത്തലത്തെയും ചേര്‍ത്തുവായിക്കുമ്പോള്‍ പിന്നീടുള്ള ഭാഗങ്ങളിലെ മതപരമായ പ്രതീകങ്ങള്‍ ചില മുസ്‌ലിം വിഭാഗങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഇടയാക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതുകൊണ്ടുതന്നെ, ദേശീയ സാഹചര്യത്തില്‍ ആദ്യ രണ്ട് പദ്യങ്ങള്‍ മാത്രം ഉപയോഗിക്കുന്നതിനെ അദ്ദേഹം പിന്തുണച്ചു. ഈ നിലപാടിന്റെ പേരില്‍ അക്കാലത്ത് ടാഗോറിന് ശക്തമായ വിമര്‍ശനം നേരിടേണ്ടിവന്നു.
അങ്ങനെ, 1937ല്‍ തന്നെ കോണ്‍ഗ്രസ് ഈ ഗാനത്തിന്റെ ആദ്യ രണ്ട് പദ്യങ്ങള്‍ മാത്രം ഔദ്യോഗികമായി സ്വീകരിച്ചു. ഗാനത്തിലെ ചില ഭാഗങ്ങള്‍ ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് യോജിച്ചതല്ലെന്ന ചില വിഭാഗങ്ങളുടെ ആശങ്ക കണക്കിലെടുത്തായിരുന്നു ഈ മധ്യവര്‍ത്തി തീരുമാനം.
നമ്മുടെ ഭരണഘടനാ നിര്‍മാണ സഭയും ഇതേ ദീര്‍ഘവീക്ഷണത്തോടെയാണ് തീരുമാനമെടുത്തത്. പലരും കരുതുന്നതുപോലെ, ‘ജനഗണമന’യെ ദേശീയഗാനമായോ ‘വന്ദേമാതര’ത്തെ ദേശീയഗീതമായോ ഇന്ത്യന്‍ ഭരണഘടനയുടെ യഥാര്‍ത്ഥ പാഠത്തില്‍ നേരിട്ട് എഴുതിച്ചേര്‍ത്തിട്ടില്ല.
പകരം, 1950 ജനുവരി 24ന് ഭരണഘടനാ നിര്‍മാണ സഭയുടെ അവസാന യോഗത്തില്‍ പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദ് നടത്തിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് രബീന്ദ്രനാഥ ടാഗോര്‍ രചിച്ച ‘ജനഗണമന’യ്ക്ക് ദേശീയഗാനത്തിന്റെ പദവിയും ‘വന്ദേമാതര’ത്തിന് അതിനോടു തുല്യമായ ആദരവും സ്ഥാനവും ഉണ്ടായിരിക്കുമെന്നും പ്രഖ്യാപിച്ചത്.
ഡോ. രാജേന്ദ്ര പ്രസാദ്. Photo: Wikipedia
ഭരണഘടനാ ശില്പികളുടെ ഈ കാലാതീതമായ കാഴ്ചപ്പാട് ഇന്നും രാജ്യത്ത് പ്രകടമാണ്. വന്ദേമാതരത്തെച്ചൊല്ലി രാഷ്ട്രീയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും, ഇന്ത്യയിലെ മുസ്‌ലിം ജനവിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ പൗരന്മാരും യാതൊരു ഭേദവുമില്ലാതെ ഒരേ ആവേശത്തോടെ നെഞ്ചേറ്റുന്നതും പാടുന്നതും നമ്മുടെ ദേശീയഗാനമായ ജനഗണമനയാണ്. ഒരു ദേശീയ പ്രതീകത്തിന് എങ്ങനെയാണ് രാജ്യത്തെ മുഴുവന്‍ മനുഷ്യരെയും ഒരുമിപ്പിക്കാന്‍ കഴിയുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്.
യഥാര്‍ത്ഥ ദേശസ്‌നേഹം എന്താണ്?
ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടം ഒരു മതത്തിന്റെയോ സമൂഹത്തിന്റെയോ മാത്രം പോരാട്ടമായിരുന്നില്ല; സാധാരണക്കാരായ കര്‍ഷകരും നെയ്ത്തുകാരും ശിപായിമാരും അടങ്ങുന്ന ഹിന്ദുക്കളും മുസ്‌ലിങ്ങളും സിഖുകാരും പാഴ്‌സികളും ക്രിസ്ത്യാനികളും ഉള്‍പ്പെടെ വിവിധ വിശ്വാസങ്ങളില്‍പ്പെട്ട മനുഷ്യര്‍ ഒരേ മണ്ണിനും ഒരേ സ്വാതന്ത്ര്യത്തിനുമായി തോളോടുതോള്‍ ചേര്‍ന്ന് പോരാടിയ ചരിത്രമാണ് ഇന്ത്യയുടേത്. ഈ കൂട്ടായ പോരാട്ടം ചരിത്രപരമായി സത്യമാണ്.
ഇതിനിടയില്‍ ചരിത്രത്തെ വളച്ചൊടിക്കുന്ന വ്യാജപ്രചാരണങ്ങളും കുറവല്ല. ദല്‍ഹിയിലെ ഇന്ത്യ ഗേറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന 95,300 സ്വാതന്ത്ര്യസമര പോരാളികളുടെ പേരില്‍ 61,945 പേരും മുസ്‌ലിങ്ങളാണ് എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ തെറ്റായ പ്രചാരണങ്ങള്‍ നടക്കാറുണ്ട്.
ഇന്ത്യ ഗേറ്റ്
യഥാര്‍ത്ഥത്തില്‍ ഇന്ത്യ ഗേറ്റ് എന്നത് ഒന്നാം ലോകമഹായുദ്ധത്തില്‍ മരിച്ച ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലെ സൈനികരുടെ സ്മാരകമാണ്; അത് സ്വാതന്ത്ര്യസമര പോരാളികളുടേതല്ല. അതില്‍ ആകെയുള്ളത് 13,216 പേരുകള്‍ മാത്രമാണ്, അതില്‍ മതപരമായ യാതൊരു തരംതിരിവുകളുമില്ല.
എന്നാല്‍ ഈ വ്യാജ കഥകള്‍ക്കപ്പുറം നില്‍ക്കുന്ന തികച്ചും ആധികാരികമായ ഒരു ഔദ്യോഗിക രേഖ നമുക്ക് മുന്നിലുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയം കമ്മീഷന്‍ ചെയ്ത്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ‘Dictionary of Martyrs: India’s Freedom Struggle (1857–1947)‘ എന്ന ഔദ്യോഗിക ബഹുവാല്യ കൃതി 2019 മാര്‍ച്ച് 7ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കിയത്.
ശ്രദ്ധിക്കേണ്ട കാര്യം, ഈ ഔദ്യോഗിക രേഖയില്‍ രക്തസാക്ഷികളെ മതത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിച്ചിട്ടില്ല എന്നതാണ്.
ഈ രേഖ നമ്മെ ഓര്‍മിപ്പിക്കുന്ന മറ്റൊരു പ്രധാന യാഥാര്‍ഥ്യം ഇതാണ്: ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ഒരു മതത്തിന്റെയോ സമൂഹത്തിന്റെയോ മാത്രം പോരാട്ടമായിരുന്നില്ല; വിവിധ വിശ്വാസങ്ങളില്‍പ്പെട്ട മനുഷ്യരുടെ കൂട്ടായ പോരാട്ടമായിരുന്നു അത്.
എന്നാല്‍, അതിലെ പേരുകളും വിവരങ്ങളും വിശകലനം ചെയ്തുകൊണ്ടുള്ള ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്, രേഖപ്പെടുത്തിയ സ്വാതന്ത്ര്യസമര രക്തസാക്ഷികളില്‍ ഏകദേശം 30 ശതമാനത്തോളം പേര്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളവരാണെന്നാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലിം സമൂഹം നല്‍കിയ വലിയ സംഭാവനകളിലേക്ക് ഈ പഠനങ്ങള്‍ ശ്രദ്ധ ക്ഷണിക്കുന്നു.
ഇന്ത്യയുടെ മോചനത്തിനായി ജീവന്‍ നല്‍കിയ ഒരു ജനവിഭാഗത്തിന്, തങ്ങളുടെ ദേശസ്‌നേഹം തെളിയിക്കാന്‍ ഒരു പ്രത്യേക ഗാനത്തിന്റെ വരികള്‍ നിര്‍ബന്ധമായി പാടേണ്ടതില്ലെന്ന് ഈ ചരിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
എന്നാല്‍ ഇന്ന്, ഈ ചരിത്രബോധമെല്ലാം വിസ്മരിച്ചുകൊണ്ടുള്ള രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. വന്ദേമാതരം മുഴുവനായി പാടുന്നതാണ് ദേശസ്‌നേഹത്തിന്റെ തെളിവെന്ന നിലപാടുകള്‍ ഉയരുമ്പോള്‍ ചില അടിസ്ഥാനപരമായ ചോദ്യങ്ങള്‍ പ്രസക്തമാകുന്നു: ഒരു ഗാനം ആലപിക്കുന്നതുകൊണ്ട് മാത്രം ഒരാളുടെ രാജ്യസ്‌നേഹം അളക്കാനാകുമോ? വരികള്‍ ഉറക്കെ പാടാത്ത ഒരാള്‍ക്ക് രാജ്യത്തോട് സ്‌നേഹമില്ലെന്ന് വിധിക്കാന്‍ ഇവിടെ ആര്‍ക്കാണ് അവകാശമുള്ളത്?
ഏറ്റവും പ്രധാനമായി, നമ്മള്‍ ആദ്യം ഇന്ത്യക്കാരാണോ, അതോ മനുഷ്യരാണോ? മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ തല്ലുകൂടാനാണോ നമ്മുടെ പൂര്‍വികര്‍ നമുക്ക് ഈ സ്വാതന്ത്ര്യം തന്നത്? അതോ, പരസ്പരം വേര്‍തിരിയാനോ, ഒരുമിച്ച് ജീവിക്കാനായിരുന്നോ അവര്‍ ചോരചിന്തി ഈ സ്വാതന്ത്ര്യം നേടിത്തന്നത്?
അപ്പോള്‍ ഇവിടെയാണ് ‘വന്ദേമാതരം ആരുടേതാണ്?’ എന്ന ചോദ്യം മുഴച്ചുനില്‍ക്കുന്നത്.
കോണ്‍ഗ്രസിന്റെയോ, ബി.ജെ.പിയുടെയോ? അല്ലെങ്കില്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുമ്പേ ഇന്ത്യയുടേതായിരുന്ന ഒരു സ്വാതന്ത്ര്യസമര ശബ്ദമോ?
ഒരു ദേശീയ പ്രതീകത്തെ സംരക്ഷിക്കുന്നതിന്റെ പേരില്‍ ഒരു മനുഷ്യന്റെ മനസ്സില്‍ ഭയം സൃഷ്ടിക്കേണ്ടിവന്നാല്‍, അവിടെ നമ്മള്‍ സംരക്ഷിക്കുന്നത് ദേശീയതയെയാണോ, അതോ അതിന്റെ ഒരു പുറംപ്രകടനത്തെയാണോ? വന്ദേമാതരം ഈ രാജ്യത്തിന്റെ പൊതുസ്വത്തല്ലേ?
അങ്ങനെയെങ്കില്‍, അതിന്മേല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് മാത്രം ഉടമസ്ഥാവകാശം അവകാശപ്പെടാനാവില്ല. അതിന്റെ പേരില്‍ പൗരന്മാരെ ദേശസ്‌നേഹികളെന്നും രാജ്യദ്രോഹികളെന്നും വേര്‍തിരിക്കുന്നത് ജനാധിപത്യത്തിന്റെ ആത്മാവിനോട് നീതി പുലര്‍ത്തുന്നതല്ല.
സാഹിത്യത്തെയും ചരിത്രത്തെയും ഏകപക്ഷീയമായ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കപ്പുറം, കൂടുതല്‍ ബഹുസ്വരവും നിഷ്പക്ഷവുമായ കാഴ്ചപ്പാടിലൂടെ വായിക്കേണ്ടതുണ്ട് എന്ന പാഠമാണ് ഈ സംവാദങ്ങള്‍ നമുക്ക് നല്‍കുന്നത്. ദേശീയതയും രാജ്യസ്‌നേഹവും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാനുള്ളതല്ല.
വന്ദേമാതരത്തെ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ആയുധമാക്കാതെ, അതിന്റെ ചരിത്രപരമായ മഹിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു സമീപനമാണ് ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്തിന് ആവശ്യം.