മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലെ മാതാവിന്റെ വേഷം ചെയ്ത് കൊണ്ട് നമിത തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് അമ്മേ ദേവി, എന്റെ മാനസപുത്രി എന്നീ സീരിയലുകളിലും നമിത ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു.
രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. എന്നാൽ നമിതക്ക് ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെയാണ്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമാകാൻ നടിക്ക് സാധിച്ചിരുന്നു.

ട്രാഫിക്,നമിത. Photo. IMDb. Screen Grab/ Youtube
ഇപ്പോഴിതാ സിനിമയിൽ നിന്ന് മനപൂർവം ഇടവേള എടുത്തതല്ലെന്ന് പറയുകയാണ് നടി നമിത പ്രമോദ്. നിരവധി തിരക്കഥകൾ കേൾക്കുന്നുണ്ടെങ്കിലും, ‘ഈ റോൾ ചെയ്യണം’ എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള എക്സൈറ്റ്മെന്റ് ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടാണ് സിനിമകളുടെ എണ്ണം കുറഞ്ഞതെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ നമിത പറഞ്ഞു.
‘മനപൂർവം ബ്രേക്ക് എടുത്തിട്ടില്ല. കുറേ തിരക്കഥകൾ കേൾക്കുന്നുണ്ട്. പക്ഷേ, ‘ഈ റോൾ ചെയ്യണം’ എന്നൊരു എക്സൈറ്റ്മെന്റ് കേട്ട കഥകളിൽ നിന്നൊന്നും കിട്ടിയില്ല. കുറേ വർഷമായല്ലോ സിനിമയിൽ. ഇനി ചെയ്യുന്ന സിനിമകൾ കരിയറിലെ പുതിയൊരു ചാപ്റ്റർ തന്നെയാകണമെന്ന് ആഗ്രഹമുണ്ട്. ബ്രേക്ക് വരുന്നു എന്നൊന്നും ഞാൻ അധികം കാര്യമായി ചിന്തിച്ചില്ല എന്നുള്ളതാണ് സത്യം. വെറുതേ കുറേ സിനിമകൾ ചെയ്യുന്നതിനേക്കാൾ, എനിക്ക് പെർഫോം ചെയ്യാൻ കൂടുതൽ സാധ്യതകളുള്ള റോളാണ് തേടുന്നത്,’ നമിത പറഞ്ഞു.
അടുത്ത മാസം ഒരു തമിഴ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും പ്രോജക്ട് ഔദ്യോഗികമായി പ്രഖ്യാപിച്ചശേഷം കൂടുതൽ വിവരങ്ങൾ പങ്കുവെക്കാമെന്നും നമിത വ്യക്തമാക്കി.
അതേ സമയം സിനിമയ്ക്കൊപ്പം ബിസിനസിലും സജീവമാണ് നമിത. ഷൂട്ടിങ് വരുന്ന സമയത്ത് ബിസിനസ് മാനേജ് ചെയ്യുന്നതിൽ വലിയ ബുദ്ധിമുട്ട് നേരിടേണ്ടി വരാറില്ലെന്നും, താൻ ഇല്ലാത്തപ്പോഴും ബിസിനസ് മുന്നോട്ട് പോകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നും നമിത പറഞ്ഞു.

നമിത പ്രമോദ്. Photo. Screen Grab/ Youtube
‘പനമ്പിള്ളി നഗറിലാണെങ്കിലും കാക്കനാടാണെങ്കിലും ഞങ്ങളിൽ ഒരാൾ എപ്പോഴുമുണ്ടാകും. സാരി ബ്രാൻഡിൽ സ്റ്റൈലിസ്റ്റ് കൂടിയായ രശ്മി പാർട്‌ണറാണ്. വർഷങ്ങളുടെ പരിചയം ഞങ്ങൾ തമ്മിലുണ്ട്. ഞാനില്ലെങ്കിലും ബിസിനസ് നടന്നുപോകുന്ന രീതിയിലാണ് പ്ലാൻ ചെയ്തിട്ടുള്ളത്. അതുകൊണ്ട് ഷൂട്ടിങ് തുടങ്ങുമ്പോഴും ടെൻഷനില്ല,’ നമിത പറഞ്ഞു.
Content Highlight: Now, actress Namitha Pramod says that she did not take a break from films intentionally
