[]ന്യൂദല്‍ഹി: പ്രതിമാസ തവണ വ്യവസ്ഥയില്‍് ഇനി നോക്കിയയുടെ പുതിയ സ്മാര്‍ട്ട് ഫോണായ ലൂമിയ 925 സ്വന്തമാക്കാം. 33,499 രൂപ വിലയുള്ള ഫോണ്‍ തവണ വ്യവസ്ഥയില്‍ സ്വന്തമാക്കാനുള്ള പദ്ധതിക്ക് നോക്കിയ ബുധനാഴ്ച തുടക്കം കുറിച്ചു.

ഇതനുസരിച്ച് ലൂമിയ 925 ന്റെ വില ആറ് മാസം കൊണ്ട്് തുല്യഗഡുക്കളായി നല്‍കിയാല്‍ മതി. ഇതിനായി സിറ്റിബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, എച്ച്. എസ്.ബി.സി, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുമായി കമ്പനി റ്റൈ അപ്പായിട്ടുണ്ട്.

ഈ ബാങ്കുകളുടെ ക്രഡിറ്റ് കാര്‍ഡ് ഉളളവര്‍ക്കേ ഈ സേവനം ലഭ്യമാവൂ. ഈ ബാങ്കുകള്‍ക്കെല്ലാമായി 16 മില്ല്യണ്‍ കസ്റ്റമേര്‍സ് ഉണ്ടെന്നാണ് കണക്കാക്കുന്നത്. പുതിയ പദ്ധതിയിലൂടെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഉല്‍പ്പന്നമെത്തിക്കുകയെന്ന ലക്ഷ്യവും കമ്പനിക്കുണ്ട്.

വിലക്കൂടുതല്‍ കാരണം സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കാന്‍ കഴിയാത്തവരെ ലക്ഷ്യമിട്ടാണ് നോക്കിയ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതനുസരിച്ച് പലിശ ഒട്ടുമില്ലാതെ തന്നെ ആറ് മാസം കൊണ്ട് സ്മാര്‍ട്ട് ഫോണ്‍ സ്വന്തമാക്കാം.