ഓഗസ്റ്റ് 21ന് ഓണം റിലീസായി പുറത്തിറങ്ങിയ ചിത്രമായിരുന്നു നിവിന്‍ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്‌ലഹേം കുടുംബ യൂണിറ്റ്. ഒരു സാധാരണ റൊമാന്‍സ് കോമഡി ചിത്രം എന്ന ലേബിലില്‍ പുറത്തിറങ്ങിയ ചിത്രം പ്രായഭേദമന്യേ സകല മലയാളി പ്രേക്ഷകരുടെയും മനം കവര്‍ന്നായിരുന്നു തിയേറ്റര്‍ വിട്ടത്. മലയാളത്തിന് ഒട്ടനവധി റിപ്പീറ്റ് വാല്യൂവുള്ള ചിത്രങ്ങള്‍ സമ്മാനിച്ച ഗിരീഷ് എ.ഡിയുടെ മറ്റൊരു മാസ്റ്റര്‍ പീസ് രണ്ടും മൂന്നും തവണയാണ് പലരും തിയേറ്ററില്‍ പോയി കണ്ടത്. ഇതോടെ പല റെക്കോര്‍ഡുകളും ചിത്രം സ്വന്തം പേരില്‍ കുറിക്കുകയായിരുന്നു.
റിലീസ് ദിനം മുതല്‍ തന്നെ മികച്ച പ്രതികരണവുമായി ബെത്‌ലഹേം വമ്പന്‍ കുതിപ്പ് നടത്തിയപ്പോള്‍ ഒപ്പം റിലീസിനെത്തിയ ചിത്രങ്ങളെയെല്ലാം ഇത് കാര്യമായി ബാധിച്ചിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഖലീഫ, ഐ ആം ഗെയിം, പ്രഥമാ ദൃഷ്ട്യാ കുറ്റക്കാര്‍, ആശ തുടങ്ങിയവക്കെല്ലാം തന്നെ ഇത്തരത്തില്‍ ബെത്‌ലഹേമിന്റെ വിജയക്കുതിപ്പില്‍ അടി പതറിയിരുന്നു. ഇപ്പോഴിതാ ഈ കൂട്ടത്തില്‍ പല ചിത്രങ്ങളും ഒ.ടി.ടിയിലെത്തുന്നു എന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഖലീഫ. Photo: X.com
മോഹന്‍ലാലിന്റെ കാമിയോ റോളടക്കം വമ്പന്‍ ഹൈപ്പിലെത്തിയ ഖലീഫയാണ് ഒ.ടി.ടി റിലീസിനെത്തുന്നവരുടെ കൂട്ടത്തില്‍ പ്രധാനി. പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും ചിത്രത്തില്‍ സര്‍പ്രൈസ് കാമിയോ ആയി എത്തിയെങ്കിലും ബെത്‌ലഹേമിന്റെ ഓളത്തില്‍ ഖലീഫ സൈഡായി പോകുകയായിരുന്നു. ഒക്ടോബര്‍ 9 മുതല്‍ ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിക്കുക.

Photo: District
പാര്‍വതി, മാത്യു തോമസ്, വിജയരാഘവന്‍, ഉണ്ണിമായ പ്രസാദ്, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരെ പ്രധാനവേഷത്തിലെത്തിച്ച് ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത പ്രഥമാ ദൃഷ്ട്യാ കുറ്റക്കാരാണ് മറ്റൊരു ചിത്രം. മികച്ച പ്രതികരണം നേടിയ ക്രൈം ത്രില്ലര്‍ ഒക്ടോബര്‍ 9 മുതല്‍ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് സ്ട്രീം ചെയ്യുക.

Photo: District
കുറഞ്ഞകാലം കൊണ്ട് മലയാളികള്‍ക്ക് സുപരിചിതനമായ സംഗീത് പ്രതാപ് ആദ്യമായി നായകനായ ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിളാണ് ഈ മാസം ഒ.ടി.ടിയിലെത്തുന്ന മറ്റൊരു മലയാള ചിത്രം. സൂപ്പര്‍ സോണിക് പവര്‍ കിട്ടുന്ന നായകന്റെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ശ്യാമിന്‍ ഗിരീഷാണ്. ബോക്‌സ് ഓഫീസില്‍ പരാജയമായി മാറിയ ചിത്രം ഒക്ടോബര്‍ 15ന് മനോരമ മാക്‌സിലൂടെയാണ് പുറത്തിറങ്ങുക.
Content Highlight: New OTT releases of Malayalam cinema
