കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരെക്കുറിച്ച് ധാരാളം കുറിപ്പുകള്‍ കണ്ടു. കുഞ്ഞുങ്ങളെക്കുറിച്ച് ഓര്‍ത്ത് ഒരുപാട് പരിഭ്രമിക്കേണ്ട. ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക.
വെള്ളം കയറാനിടയുള്ളിടങ്ങളിലും ക്യാമ്പുകളിലും വച്ചാണെങ്കിലും പരിമിതമായ സൗകര്യത്തില്‍ നിന്നുകൊണ്ട് നമുക്കുതന്നെ ചെയ്യാവുന്നവയാണ്. ഏറ്റവും മിനിമം ശ്രദ്ധിക്കേണ്ടത് മൂന്ന് കാര്യങ്ങളാണ്. അതില്‍ മൂന്നാമത്തേത് കുഞ്ഞ് തനിയെ ചെയ്തുകൊള്ളും.
1. നവജാത ശിശുക്കള്‍ തൊട്ട് ഒന്നും രണ്ടും മാസമായ വാവകള്‍ വരെ നേരിടാന്‍ സാദ്ധ്യതയുള്ള ഒന്നാമത്തെ പ്രശ്‌നം ശരീര താപനില താഴ്ന്നുപോകാനിടയുണ്ടെന്നതാണ്. അല്പമൊന്ന് ശ്രദ്ധിച്ചാല്‍ ഇത് തടയാവുന്നതാണ്.
– കുഞ്ഞിന്റെ വസ്ത്രങ്ങള്‍ ഈര്‍പ്പമില്ലാത്തതാവണം ( മഴയത്ത് ഇത് സാധിക്കാനാണ് ഏറ്റവും പ്രയാസമെന്നറിയാം , എങ്കിലും ശ്രമിക്കുക.. പ്ലാസ്റ്റിക് കവറുകളിലോ മറ്റോ ഉണങ്ങിയവ ഭദ്രമായി സൂക്ഷിക്കാവുന്നതാണ്.)
കുഞ്ഞിനെ വസ്ത്രമിടുവിക്കുമ്പോള്‍ കൈകളും കാലുകളും കവര്‍ ചെയ്യുന്നത് ഉചിതമാണ് (നവജാതശിശുക്കളുടേത് പ്രത്യേകിച്ചും). ശരീരതാപനില നഷ്ടപ്പെടുന്നത് തടയാന്‍ കഴിയും.
– കംഗാരു മദര്‍ കെയര്‍ – അഥവാ കുഞ്ഞിനെ അമ്മയുടെ / പരിപാലിക്കുന്നവരുടെ നെഞ്ചോട് ചേര്‍ത്തുവച്ച് പരിചരിക്കുന്ന അവസ്ഥ. ഇതിന്റെ പ്രധാന ഘടകങ്ങള്‍ ഇവയാണ്.അമ്മയുടെ സ്തനങ്ങള്‍ക്കിടയിലായി കുഞ്ഞിനെ കമിഴ്ത്തി കിടത്തുന്നു. തല ഒരു വശത്തേക്കും അല്‍പ്പം മുകളിലേക്കും ചരിഞ്ഞിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് ശ്വാസനാളം തുറന്നിരിക്കാന്‍ സഹായിക്കും.
കുഞ്ഞിന്റെ കാലുകള്‍ ‘W’ ആകൃതിയില്‍ വളഞ്ഞ് അമ്മയുടെ ഉദരഭാഗത്ത് ഇരുവശത്തെക്കുമാണെന്ന് ഉറപ്പുവരുത്തണം. കുഞ്ഞിന്റെ അരമുതല്‍ കീഴോട്ട് വീതിയുള്ള ഒരു തുണികൊണ്ട് അമ്മയോടൊപ്പം ചുറ്റിവയ്ക്കുന്നത് നല്ലതാണ്. ഇതിനുശേഷം അമ്മയെയും കുഞ്ഞിനെയും ഒരുമിച്ച് മൂടുന്ന രീതിയിലെ വസ്ത്രം ധരിക്കാവുന്നതാണ്. കുഞ്ഞിന്റെ തലഭാഗം മൂടാതിരിക്കാന്‍ ശ്രദ്ധിക്കണം
2. ഭക്ഷണം – അമ്മിഞ്ഞപ്പാല്‍ തന്നെയാണ് കുഞ്ഞിന് ഏറ്റവും എളുപ്പം കിട്ടാവുന്ന ശുദ്ധമായ ഭക്ഷണം. അതിന് അമ്മയ്ക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കണം. അതായത് വീട്ടിലൊരു അമ്മയുണ്ടെങ്കില്‍, നവജാത ശിശുവുണ്ടെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തിന്റെ വീതം വയ്പില്‍ ആദ്യ പ്രയോറിറ്റി അമ്മയ്ക്കാണ് എന്ന് ചുരുക്കം.
മുലപ്പാല്‍ മാത്രം കുടിക്കുന്ന കുഞ്ഞിന് വെള്ളം വഴി പകരാന്‍ സാദ്ധ്യതയുള്ള ഒട്ടുമിക്ക രോഗങ്ങളും ഒഴിവാക്കാനാവുമെന്നത് പ്രത്യേകം ശ്രദ്ധിക്കുക. അപ്പോള്‍ വയറിളക്ക രോഗങ്ങളും അതുമൂലമുണ്ടാവുന്ന പ്രശ്‌നങ്ങളുമൊക്കെ ഒഴിച്ചുനിര്‍ത്താം
മുന്‍പ് പറഞ്ഞ കംഗാരു മദര്‍ കെയറിന്റെ സമയത്തും മുലയൂട്ടലിന്റെ സമയത്തും ആവശ്യമായ സ്വകാര്യത ഉറപ്പ് വരുത്താനും അമ്മയെയും കുഞ്ഞിനെയും കംഫര്‍ട്ട് നല്‍കി ഇരുത്താനും ഉള്ള ഉത്തരവാദിത്വം കൂടെയുള്ളവര്‍ക്കാണ്.
3. ഉറക്കം – വയറ് നിറഞ്ഞാല്‍ ഈ വികൃതികള്‍ അമ്മയുടെ നെഞ്ചിനോട് ചേര്‍ന്നുകിടന്ന് ഉറങ്ങിക്കൊള്ളും. കുഞ്ഞ് ഉണര്‍ന്ന് കരയുന്നതെല്ലാം അസുഖത്തിനാണെന്ന് കരുതേണ്ട. ശരീരം നനയുന്നതും തണുപ്പടിക്കുന്നതുമെല്ലാം അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കാം. ശാന്തമായ അമ്മയുടെ ഗര്‍ഭപാത്രമല്ലല്ലോ പുറത്ത്…
മുലയൂട്ടിയാല്‍ തോളത്തിട്ട് നന്നായി തട്ടി (അമ്മയ്ക്ക് നഴ്‌സുമാരോ പ്രസവമെടുത്ത ഡോക്ടറോ പറഞ്ഞുകൊടുത്തിട്ടുണ്ടാവും) ഗ്യാസ് കളയാന്‍ മറക്കരുത്. അതുകൊണ്ടുതന്നെ കുറെയധികം കരച്ചിലുകള്‍ കുറഞ്ഞുകിട്ടും.
ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുന്നവര്‍ നവജാതശിശുക്കളെയും കൈക്കുഞ്ഞുങ്ങളെയും കൊഞ്ചിക്കുന്നതില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും വിട്ടുനില്‍ക്കുന്നത് ഉചിതമാണ്. കാരണം അറിയാമല്ലോ. ഇന്‍ഫെക്ഷനുകള്‍ കുഞ്ഞിനു ലഭിക്കാതിരിക്കാന്‍ തന്നെ..
അല്പം ബുദ്ധിമുട്ടാണെങ്കിലും നമുക്ക് ഒന്നിച്ച് ആഞ്ഞുപിടിച്ച് മുന്നോട്ട് പോകാം. മഴ മാറും, മാനം തെളിയും. അതുവരെയേ ഈ കഷ്ടപ്പാടുള്ളൂ..
