ആ ഷോട്ട് കണ്ട് മോഹന്‍ലാല്‍ സാര്‍ അടുത്തേക്ക് വിളിച്ച് അഭിനന്ദിച്ചപ്പോഴാണ് എനിക്ക് കോണ്‍ഫിഡന്‍സ് കൂടിയത്: നെല്‍സണ്‍
Entertainment
ആ ഷോട്ട് കണ്ട് മോഹന്‍ലാല്‍ സാര്‍ അടുത്തേക്ക് വിളിച്ച് അഭിനന്ദിച്ചപ്പോഴാണ് എനിക്ക് കോണ്‍ഫിഡന്‍സ് കൂടിയത്: നെല്‍സണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th March 2024, 8:24 am

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു രജിനികാന്ത് നായകനായ ജയിലര്‍. ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രം ആദ്യദിനം മുതല്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 50 കോടിക്കടുത്ത് കളക്ഷന്‍ നേടിയ ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തില്‍ എത്തിയിരുന്നു. വെറും പത്ത് മിനിറ്റ് മാത്രമുള്ള മോഹന്‍ലാലിന്റെ അതിഥി വേഷം തിയേറ്ററുകളില്‍ വലിയ ഓളായിരുന്നു ഉണ്ടാക്കിയത്. കന്നഡ സൂപ്പര്‍സ്റ്റാര്‍ ശിവരാജ് കുമാറും അതിഥിവേഷത്തില്‍ എത്തിയിരുന്നു.

സിനിമയുടെ ക്ലൈമാക്‌സ് രംഗത്തില്‍ ഏറ്റവും കൈയടി കിട്ടിയ സീനുകളിലൊന്നായ മോഹന്‍ലാല്‍ സിഗാര്‍ വലിക്കുന്ന സീനിനെക്കുറിച്ച് പറയുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ നെല്‍സണ്‍. ആരാധകര്‍ക്ക് ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ സീനായിരുന്നു അത്. ആ സീനും ശിവരാജ് കുമാര്‍ ക്ലൈമാക്‌സില്‍ വരുന്ന സീനും ഷൂട്ട് ചെയ്യുന്ന സമയത്ത് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നും സീന്‍ കണ്ട ശേഷം മോഹന്‍ലാല്‍ അടുത്തേക്ക് വിളിച്ച് അഭിനന്ദിച്ചപ്പോഴാണ് കോണ്‍ഫിഡന്‍സ് വന്നതെന്നും നെല്‍സണ്‍ പറഞ്ഞു. ബിഹൈന്‍ഡ് വുഡ്‌സ് തമിഴിന്റെ അവാര്‍ഡ് വേദിയില്‍ വെച്ചാണ് നെല്‍സണ്‍ ഇക്കാര്യം പറഞ്ഞത്.

‘ആ സീന്‍ എടുക്കുമ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. കാരണം, വേറെ ഇന്‍ഡസ്ട്രിയില്‍ ഉള്ള രണ്ട് സൂപ്പര്‍സ്റ്റാറുകളെ വെച്ച് എടുക്കുന്ന സീനാണ്. നന്നായി വന്നില്ലെങ്കില്‍ ശരിയാവില്ല. ഷൂട്ട് ചെയ്ത് കഴിഞ്ഞ് ലാല്‍ സാര്‍ മോണിറ്ററില്‍ സീന്‍ ഒന്നുകൂടെ കണ്ടു. അടുത്തേക്ക് വിളിച്ച് അഭിനന്ദിച്ചപ്പോഴാണ് കോണ്‍ഫിഡന്‍സ് കൂടിയത്. ശിവരാജ് കുമാര്‍ സാറും എന്നെ അപ്പ്രിഷ്യേറ്റ് ചെയ്തു. ജീവിതത്തില്‍ വിലമതിക്കാനാവാത്ത നിമിഷമായിട്ടാണ് ഞാന്‍ അതിനെ കാണുന്നത്,’ നെല്‍സണ്‍ പറഞ്ഞു.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിച്ച ചിത്രം 600 കോടിയോളമാണ് കളക്ട് ചെയ്തത്. പേട്ടക്ക് ശേഷം വലിയ വിജയമില്ലാതിരുന്ന രജിനിയുടെയും ബീസ്റ്റ് എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യൂ വന്ന ശേഷം നെല്‍സന്റെയും തിരിച്ചുവരവുകൂടിയായിരുന്നു ജയിലര്‍. അനിരുദ്ധ് ഒരുക്കിയ ഗാനങ്ങളും കഴിഞ്ഞ വര്‍ഷം ഒരുപാട് പേരുടെ പ്ലേലിസ്റ്റ് ഭരിച്ചിരുന്നു.

Content Highlight: Nelson share the shooting experience with Mohanlal in Jailer movie