വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും, സ്വാഭാവികമായ അഭിനയത്തിലൂടെയും, മാസ്മരികമായ സ്‌ക്രീൻ പ്രെസൻസിലൂടെയും മോഹൻലാൽ എന്ന നടൻ ഇന്ത്യൻ സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. കോടിക്കണക്കിന് ആരാധകരുടെ ലാലേട്ടനായി അദ്ദേഹം ഇന്നും സിനിമാ ലോകത്ത് സജീവമായി നിറഞ്ഞുനിൽക്കുന്നു.
മോഹൻലാലിന്റെ ജീവൻ ജഗതി ശ്രീകുമാർ രക്ഷിച്ച ഒരു സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ നന്ദു. കിലുക്കം എന്ന സിനിമയിലെ ‘ഊട്ടിപട്ടണം’ എന്ന പാട്ട് ചിത്രീകരിക്കുന്ന സമയമായിരുന്നു അതെന്നും ട്രെയിനിന്റെ മുകളാണ് ആ ഭാഗം എടുക്കാൻ തീരുമാനിച്ചിരുന്നതെന്നും നന്ദു പറയുന്നു. ട്രെയിൻ പോയികൊണ്ടിരിക്കുമ്പോൾ പാളത്തിന് കുറുകെ ഒരു കമ്പി വലിച്ച് കെട്ടിയിരുന്നുവെന്നും അത് കണ്ട ജഗതി മോഹൻലാലിനെയും കൂട്ടി കമഴ്ന്ന് കിടന്നുവെന്നും അദ്ദേഹം പറഞ്ഞു. ജഗതി അന്നത് ചെയ്തതുകൊണ്ട് മാത്രമാണ് മോഹൻലാൽ ഇന്നും നമുക്കിടയിലുള്ളതെന്നും നന്ദു കൂട്ടിച്ചേർത്തു.
‘ഞാൻ ദെെവത്തെ കണ്ടിട്ടുണ്ട്. കിലുക്കം സിനിമയിലെ ‘ഊട്ടിപട്ടണം’ എന്ന പാട്ട് ചിത്രീകരിക്കുന്ന സമയം. ലാലേട്ടനും ജഗതി ചേട്ടനും ഷൂട്ടിന്റെ ഭാഗമായി ട്രെയിനിന് മുകളിലാണ്. പ്രിയൻ ചേട്ടനും ക്യാമറ സംഘത്തിനുമൊപ്പം തന്നെ ഞാനും ഉണ്ട്. ട്രെയിൻ സാമാന്യം നല്ല വേഗത്തിലാണ്.
ഒരു വളവ് തിരിഞ്ഞ് ട്രെയിൻ വരുന്നതും ഞങ്ങൾ ഒരു അലർച്ച കേട്ടു. ‘ലാലേ കുനിഞ്ഞോ’ എന്ന് ജഗതി ചേട്ടൻ ഉറക്കെ വിളിച്ചുപറയുകയാണ്. അടുത്ത നിമിഷം ഞങ്ങൾ കാണുന്നത് ലാലേട്ടനും ജഗതി ചേട്ടനും ട്രെയിനിൽ മുകളിൽ കമഴ്ന്ന് കിടക്കുന്നതാണ്.
പാളത്തിന് കുറുകെ ഒരു കമ്പി വലിച്ച് കെട്ടിയിരുന്നു. ഇക്കാര്യം ആരും ശ്രദ്ധിച്ചില്ല. ജഗതി ചേട്ടൻ അത് കാണുകയും വിളിച്ചു പറയുകയും ചെയ്തത് കൊണ്ട് മാത്രം ഇപ്പോഴും ലാലേട്ടൻ നമുക്കിടയിലുണ്ട്,’ നന്ദു പറയുന്നു.