കൊണ്ടാട്ടം പാട്ടിന്റെ കാര്യത്തില്‍ തരുണിനെ കണ്‍വിന്‍സ് ചെയ്യിക്കാന്‍ കുറച്ച് പാടുപെട്ടു: ജേക്ക്‌സ് ബിജോയ്
Entertainment
കൊണ്ടാട്ടം പാട്ടിന്റെ കാര്യത്തില്‍ തരുണിനെ കണ്‍വിന്‍സ് ചെയ്യിക്കാന്‍ കുറച്ച് പാടുപെട്ടു: ജേക്ക്‌സ് ബിജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 2nd May 2025, 8:29 am

തുടരും ഗംഭീര ഹിറ്റായി 100 കോടിയിലേക്ക് കുതിക്കുമ്പോള്‍ ചിത്രത്തിലെ പ്രൊമോ സോങ്ങായ കൊണ്ടാട്ടം ആരാധകര്‍ക്ക് ഇരട്ടിമധുരമായിരിക്കുകയാണ്.

ജേക്ക്‌സ് ബിജോയിയുടെ മ്യൂസിക്കില്‍ എം.ജി ശ്രീകുമാര്‍ പാടിയ ഗാനം ഇതിനോടകം തന്നെ് പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

കൊണ്ടാട്ടം എന്ന് തുടങ്ങുന്ന ഗാനം തുടരും എന്ന ചിത്രത്തിന്റെ പ്രൊമോ സോങ്ങായി കൊണ്ടുവരാന്‍ തീരുമാനിച്ചതിനെ കുറിച്ചും സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയെ കണ്‍വിന്‍സ് ചെയ്ത് എടുത്തതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ജേക്ക്‌സ് ബിജോയ്.

ഇങ്ങനെയൊരു പാട്ടിന്റെ ആവശ്യം സിനിമയില്‍ ഇല്ലല്ലോ എന്ന് തരുണ്‍ ചോദിച്ചിരുന്നെന്നും എന്നാല്‍ ലാലേട്ടനെ ആരാധകര്‍ക്ക് ആഘോഷിക്കാനായി ഒരു മാസ് സോങ് വേണമെന്നത് തന്റെ ആഗ്രഹമായിരുന്നെന്ന് ജേക്ക്‌സ് ബിജോയ് പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ധാംങ്കിണക്ക ധില്ലം ധില്ലം, വേല്‍മുരുകാ പോലുള്ള ശൈലിയിലുള്ള ഒരു പാട്ട്. ഇതായിരുന്നു ഞാന്‍ തരുണിനോട് പറഞ്ഞത്. കാരണം പടം കണ്ടു കഴിഞ്ഞപ്പോള്‍ തന്നെ ഈ സിനിമ ആളുകള്‍ ഏറ്റെടുക്കുമെന്ന് എനിക്ക് മനസിലായി. ഇനി ഇത് കൊണ്ടാടാനും സെലിബ്രേറ്റ് ചെയ്യാനും ഒരു പാട്ടുകൂടി ഉണ്ടെങ്കില്‍ ഒരു ഫുള്‍കോഴ്‌സ് മീല്‍ ആയില്ലേ. തരുണിനെ കണ്‍വിന്‍സ് ചെയ്യാന്‍ കുറച്ച് പാടുപെട്ടു.

ഞാന്‍ ചിത്രത്തിന്റെ സ്‌കോര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അവിടേക്ക് തരുണ്‍ വന്നപ്പോള്‍ തരുണേ പാട്ടുകളെല്ലാം സിറ്റുവേഷണലാണ്. ഒരു സെലിബ്രേഷന്‍ വേണ്ടേ എന്ന് ചോദിച്ചു.

എവിടെ വെക്കാനാ.. അതിന്റെ ആവശ്യമില്ല എന്ന് പറഞ്ഞു. അല്ല നമുക്കൊന്ന് ട്രൈ ചെയ്തുനോക്കാമെന്ന് പറഞ്ഞു. പടത്തില്‍ വേണ്ട. തമിഴിലൊക്കെ ഒരു ഹീറോ എലവേഷന്‍ സോങ് ഉണ്ടാകും.

നമ്മുടെ എലവേഷന്‍ ലാലേട്ടനാണ്. ഗാനമേളക്കാര്‍ക്കും ആള്‍ക്കാര്‍ക്കും ആടിത്തിമിര്‍ക്കാനുള്ള പാട്ട് ഈ സ്റ്റൈലില്‍ ഉള്ളതാണ്. ഇതൊന്ന് ട്രൈ ചെയ്തു നോക്കാമെന്ന് ഞാന്‍ കരുതി.

വര്‍ക്ക് ആയില്ലെങ്കില്‍ വേണ്ട എന്ന് പറഞ്ഞു. അങ്ങനെ പാട്ട് ചെയ്തു. ഇത് തരുണിനെ കേള്‍പ്പിച്ചതും തരുണ്‍ ഇന്‍ ആയി. രഞ്ജിത്തേട്ടന്‍ മൂന്ന് തവണ ബാക്ക് ടു ബാക്ക് കേട്ടു.

അത് ലാല്‍ സാറിന് അയച്ചു കൊടുത്തു. ലാല്‍ സാര്‍ ഉടനെ എം.ജി അണ്ണനെ വിളിച്ച് ‘കലക്കി ഇനി ഒരു വര്‍ഷത്തേക്ക് വേറെ പാട്ടുകള്‍ വേണ്ട’ എന്ന് പറഞ്ഞു.

പുള്ളി ഇപ്പോള്‍ യു.എസിലാണ് ഉള്ളത്. ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട്. ഗാനമേള തുടങ്ങുമ്പോള്‍ ധാക്കിണക്ക ധില്ലം ധില്ലം, ഇന്റര്‍വെല്ലിന് വേല്‍മുരുകാ.. തീരുമ്പോള്‍ കൊണ്ടാട്ടം അങ്ങനെ ആണ് പ്ലാന്‍ ചെയ്തത് എന്നാണ് പറഞ്ഞത് (ചിരി).

അതുപോലെ ലാലേട്ടന്‍ ഇതിലെ പാട്ടുകള്‍ എല്ലാം കേട്ടു. ഞാന്‍ ഒരു പ്രാവശ്യം കാണാന്‍ പോയിരുന്നു. എല്ലാ പാട്ടും നന്നായി വന്നിട്ടുണ്ട്. കൊള്ളാം മോനെ എന്നു പറഞ്ഞു,’ ജേക്ക്‌സ് ബിജോയ് പറഞ്ഞു.

Content Highlight: Music Director Jakes Bijoy about How he Convince Tharun Moorthi in Kondattam Song