ഇതെന്തൊരു ബുദ്ധിമുട്ടാണ്, എനിക്ക് ശ്വാസം വിടാനുള്ള സമയം വേണ്ടേ? എന്നായിരുന്നു അന്ന് മോഹൻലാലിന്റ ചോദിച്ചത്: ബേണി
നന്ദന. ടി
Wednesday, 5th August 2026, 3:15 pm
മലയാളികൾക്ക് മറക്കാനാവാത്ത ഒരുപിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ശ്രദ്ധേയനായ സംഗീതസംവിധായക കൂട്ടുകെട്ടാണ് ബേണി-ഇഗ്നേഷ്യസ്. കള്ളിപ്പൂങ്കുയിലേ, മയിലായ് പറന്നു വാ, കഥയിലെ രാജകുമാരനും, ആവണി പൊന്നൂഞ്ഞാൽ, താമരപ്പൂവിൽ വാഴും, തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നിർവ്വഹിച്ചത് ഇവരാണ്.
1997-ൽ പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലെ താമരപ്പൂവിൽ വാഴും എന്ന ഗാനത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് ബേണി. ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താമരപ്പൂവിൽ വാഴും എന്ന ഗാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ വിജയത്തെ പോലും സ്വാധീനിക്കാൻ കഴിയുന്ന തരത്തിലുള്ള ഗാനമായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു.
‘താമരപ്പൂവിൽ വാഴും എന്ന പാട്ട് ഭയങ്കര വെല്ലുവിളി നിറഞ്ഞതായിരുന്നു. കാരണം ആ പാട്ട് പാളിപ്പോയിരുന്നെങ്കിൽ ആ സിനിമ തന്നെ ചിലപ്പോൾ പരാജയപ്പെടുമായിരുന്നു. സിനിമയുടെ വളരെ പ്രധാനപ്പെട്ട ഒരു സന്ദർഭത്തിലാണ് ആ പാട്ട് വരുന്നത്. കഥാസന്ദർഭത്തിൽ നടി സുകന്യ എഴുന്നേൽക്കണമെങ്കിൽ ആ പാട്ട് അവിടെ വളരെ അത്യാവശ്യമായിരുന്നു,’ ബെർണി പറഞ്ഞു.
ഗാനത്തിന്റെ റെക്കോർഡിങ്ങിനിടെ നടന്ന രസകരമായ ഒരു സംഭവവും അദ്ദേഹം പങ്കുവെച്ചു. എം.ജി. ശ്രീകുമാറിന്റെ ആലാപനത്തെയും മോഹൻലാലിന്റെ പ്രതികരണത്തെ കുറിച്ചും അദ്ദേഹം ഓർത്തെടുത്തു.
‘അതിലെ പപ നിനി സസ രിരി സസ… എന്ന് തുടങ്ങുന്ന വരികൾ ഒറ്റ ശ്വാസത്തിൽ അറ്റം വരെ പാടി ഒപ്പിച്ചത് എം.ജി. ശ്രീകുമാറാണ്. സിനിമയിൽ ആ ഭാഗം പാടുന്നതായി അഭിനയിച്ച മോഹൻലാൽ ഇതെന്തൊരു ബുദ്ധിമുട്ടാണ്, എനിക്ക് ശ്വാസം വിടാനുള്ള സമയം വേണ്ടേ എന്നായിരുന്നു അന്ന് ചോദിച്ചത്. പക്ഷെ പുള്ളി ആ സീനിൽ തകർത്ത് അഭിനയിക്കുകയും ചെയ്തു,’ അദ്ദേഹം പറഞ്ഞു.
ചിത്രം റിലീസ് ചെയ്ത സമയത്ത് നേരിട്ട വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ദീർഘകാലം നീണ്ട ബസ് സമരം സിനിമയുടെ വിജയത്തെ ബാധിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും, ചിത്രം ഒടുവിൽ വിജയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ആ സിനിമ കവിത തീയേറ്ററിൽ റിലീസ് ചെയ്യുന്ന സമയം രണ്ടു മാസമായി നീണ്ടുനിൽക്കുന്ന ബസ് സമരമായിരുന്നു. അന്നത്തെ ബസ് സമരം ഇന്നത്തെപ്പോലെ ഒന്നുമല്ല, പടം പരാജയപ്പെടും എന്ന് ഉറപ്പാണ്, പ്രത്യേകിച്ച് സെക്കൻഡ് ഷോയുടെയൊക്കെ സമയത്ത്. ആ ഒരു അവസ്ഥയിൽ സിനിമ പൊളിഞ്ഞുപോവുമോ എന്നൊരു പേടിയുണ്ടായിരുന്നു. പക്ഷെ ഈ പടം സൂപ്പർ ഹിറ്റായി മുന്നേറി,’ ബെർണി പറയുന്നു.

ചന്ദ്രലേഖ. താമരപ്പൂവിൽ വാഴും. Photo. Screen grab/ Youtube
Content Highlight: Music Director Berny’s memories about the song Thamarapoovil Vazhum