ഐ.പി.എല്‍ പടിവാതിലിലെത്തിനില്‍ക്കുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വമ്പന്‍ തിരിച്ചടി. ചെന്നൈയുടെ മുഖമുദ്രയായ സാക്ഷാല്‍ എം.എസ്. ധോണിക്ക് കാലിന് പരിക്ക് പറ്റി പുറത്തായിരിക്കുകയാണ്. ടൂര്‍ണമെന്റിലെ ആദ്യത്തെ രണ്ട് ആഴ്ച ധോണിക്ക് നഷ്ടപ്പെടുമെന്നാണ് ചെന്നൈയുടെ ഒഫീഷ്യല്‍ പോസ്റ്റില്‍ അറിയിച്ചത്. വിശ്രമമെടുത്ത് പരിക്ക് ഭേദമായാല്‍ ധോണി കളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ ധോണി ചെന്നൈക്ക് വേണ്ടി ഇംപാക്ട് പ്ലെയര്‍ റോളില്‍ കളിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പലരും ഇതിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ താരത്തിന്റെ പരിക്ക് ആരാധകരെയടക്കം ആശങ്കപ്പെടുത്തിയിരിക്കുകയാണ്. ധോണിയുടെ വിടവില്‍ ചെന്നൈയുടെ വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ ഓപ്പണറും മലയാളിയുമായ സഞ്ജു സാംസണ്‍ ചുമതലയേല്‍ക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം നടന്ന പരിശീലന മത്സരത്തില്‍ ചെന്നൈക്ക് വേണ്ടി സഞ്ജുവായിരുന്നു കീപ്പിങ്ങിന് ഇറങ്ങിയത്. ചെന്നൈയുടെ ‘തല’യെന്ന വിശേഷണം സ്വന്തമാക്കിയ ധോണിക്ക് കളത്തിലിറങ്ങാന്‍ സാധിക്കുമോ എന്ന നിരാശയിലാണ് പലരും. 2025ല്‍ ധോണി റിട്ടയര്‍ ചെയ്യുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നപ്പോഴും താന്‍ കളത്തില്‍ തുടരുമെന്നാണ് ധോണിയെടുത്ത നിലപാട്. എന്നാല്‍ താരത്തിന്റെ മോശം ഫിറ്റ്‌നസ് ഇത്തവണ റിട്ടയര്‍മെന്റിലെത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ചെന്നൈക്ക് വേണ്ടി അഞ്ച് ഐ.പി.എല്‍ കിരീടങ്ങള്‍ നേടിക്കൊടുത്ത ക്യാപ്റ്റനാണ് ധോണി. 44ാം വയസിലും ധോണി ചെന്നൈക്ക് വേണ്ടി കളത്തിലിറങ്ങാനിരിക്കുമ്പോള്‍ ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2025ല്‍ ധോണി വിരമിക്കുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നപ്പോഴും താരം ഫ്രാഞ്ചൈസിക്കൊപ്പം നിലകൊള്ളുകയാണ്.
എം.എസ്. ധോണി
ഐ.പി.എല്ലില്‍ ചെന്നൈക്ക് വേണ്ടി 242 ഇന്നിങ്സുകള്‍ കളിച്ച ധോണി 5439 റണ്‍സാണ് സ്വന്തമാക്കിയത്. 84* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറുള്‍പ്പെടെയാണ് താരത്തിന്റെ റണ്‍വേട്ട. 38.3 എന്ന ആവറേജും 137.4 എന്ന സ്ട്രൈക്ക് റേറ്റുമാണ് ധോണിക്കുള്ളത്. 24 അര്‍ധ സെഞ്ച്വറികളാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്.
മാര്‍ച്ച് 30നാണ് ഫാന്‍ ഫേവറേറ്റ്സായ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ആദ്യ മത്സരം. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സപാര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുക.
Content Highlight: MS Dhoni is likely to miss the first two weeks of TATA IPL 2026
