രണ്ടും കല്‍പ്പിച്ച് ടോമിച്ചന്‍ മുളകുപാടം; #SG250 ടൈറ്റില്‍ പോസ്റ്റര്‍ വിജയദശമി ദിനത്തില്‍; അതേ സ്‌ക്രിപ്റ്റും താരങ്ങളും തന്നെയെന്ന് ടോമിച്ചന്‍
New Malayalam Cinema
രണ്ടും കല്‍പ്പിച്ച് ടോമിച്ചന്‍ മുളകുപാടം; #SG250 ടൈറ്റില്‍ പോസ്റ്റര്‍ വിജയദശമി ദിനത്തില്‍; അതേ സ്‌ക്രിപ്റ്റും താരങ്ങളും തന്നെയെന്ന് ടോമിച്ചന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th October 2020, 12:22 pm

കൊച്ചി: വിവാദങ്ങള്‍ക്കിടെ സുരേഷ് ഗോപി നായകനാവുന്ന ഇരുന്നൂറ്റി അമ്പതാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ വിജയദശമി ദിനമായ തിങ്കളാഴ്ച വൈകീട്ട് പുറത്തുവിടുമെന്ന് നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം.

അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിക്കപ്പെടുന്ന ഈ വിജയദശമി നാളില്‍ മലയാളികള്‍ക്കായി ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പന്‍ ടൈറ്റില്‍ അനൗണ്‍സമെന്റ് ഒരുങ്ങുന്നെന്നാണ് ടോമിച്ചന്‍ പറയുന്നത്. നൂറിലധികം സെലിബ്രെറ്റികളുടെ ഒഫീഷ്യല്‍ പേജിലൂടെ വൈകീട്ട് ആറ് മണിക്കാണ് ടൈറ്റില്‍ പുറത്തുവിടുന്നത്.

അതേ സ്‌ക്രിപ്റ്റും താരങ്ങളും അണിയറ പ്രവര്‍ത്തകരും തന്നെയാണെന്നും ടോമിച്ചന്‍ ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ ചിത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉടലെടുത്തിരുന്നു.

ചിത്രത്തിന്റെ കഥ കോപ്പിയടിച്ചതാണെന്ന് കാണിച്ച് സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഒരുങ്ങുന്ന കടുവയുടെ തിരക്കഥ ഒരുക്കിയ സംവിധായകന്‍ ജിനു എബ്രഹാം നല്‍കിയ ഹരജിയിലായിരുന്നു നടപടി.

കേസില്‍ കോടതി ഇടക്കാല സ്റ്റേ അനുവദിക്കുകയും എറണാകുളം ജില്ലാ കോടതി സ്റ്റേ സ്ഥിരപ്പെടുത്തുകയും ചെയ്തു.കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇത് പരിഗണിച്ചാണ് സുരേഷ്ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്.

കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന സുരേഷ് ഗോപി ചിത്രം മാത്യൂസ് തോമസായിരുന്നു സംവിധാനം ചെയ്യാനിരുന്നത്.

അതേസമയം പൃഥ്വിരാജ് നായകനായി എത്തുന്ന ‘കടുവ’യുടെ ചിത്രീകരണം ഉടനെ ആരംഭിക്കാന്‍ ഇരിക്കുകയാണ്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ജൂലൈയില്‍ തീരുമാനിച്ചിരുന്ന ചിത്രീകരണം കൊവിഡിനെ തുടര്‍ന്ന് മാറ്റി വെയ്ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേക്ക് മടങ്ങി വരുന്ന ചിത്രം കൂടിയാണ് കടുവ.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ് സുകുമാരന്‍, സുപ്രിയ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ ജന്‍മദിനത്തോടനുബന്ധിച്ചായിരുന്നു കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസും നടന്നത്.

എസ്.ജി 250 എന്ന പേരില്‍ സുരേഷ് ഗോപി കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന നായകനായി ഈ വര്‍ഷം മേയിലാണ് ടോമിച്ചന്‍ മുളകുപ്പാടം സിനിമ പ്രഖ്യാപിച്ചത്. ഡിസംബറില്‍ സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചിരുന്നു. സി.ഐ.എ, അണ്ടര്‍ വേള്‍ഡ് എന്നീ സിനിമകളുടെ രചന നിര്‍വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് സുരേഷ് ഗോപിയുടെ 250ാം സിനിമയുടെ തിരക്കഥ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:#SG250 title poster on Vijayadasmi day Tomichan said the same script and stars