ഒടുവില്‍ എയര്‍ഫോഴ്‌സിന്റെ അംഗീകാരം; 'സൂരാരൈ പൊട്രു' പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു; ട്രെയ്‌ലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
indian cinema
ഒടുവില്‍ എയര്‍ഫോഴ്‌സിന്റെ അംഗീകാരം; 'സൂരാരൈ പൊട്രു' പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു; ട്രെയ്‌ലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 26th October 2020, 10:56 am

ചെന്നൈ: അനിശ്ചിതങ്ങള്‍ക്കൊടുവില്‍ സൂര്യ നായകനായ ‘സൂരാരൈ പൊട്രു’വിന് എയര്‍ഫോഴ്‌സ് എന്‍.ഒ.സി നല്‍കി. നേരത്തെ ചില സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാത്തതിനാല്‍ ചിത്രത്തിന്റെ റീലീസ് മാറ്റിയിരുന്നു.

നവംബര്‍ 12 ന് ദീപാവലി റിലീസായിട്ടാണ് ആമസോണ്‍ പ്രൈമില്‍ ചിത്രം എത്തുന്നത്. പടത്തിന്റെ പുതിയ ട്രെയ്‌ലറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഇരുതി സുട്രുവിന് ശേഷം സുധ കൊംഗാര സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂരാരൈ പൊട്രു’ സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥിനെയാണ് ചിത്രത്തില്‍ സൂര്യ അവതരിപ്പിക്കുന്നത്.


സുധാ കൊംഗാര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബാലമുരളിയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒപ്പം ജാക്കി ഷെറോഫ്, മോഹന്‍ ബാബു, പരേഷ് റവാല്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

ജി.വി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടെയിന്‍മെന്റും സിഖ്യ എന്റര്‍ ടെയിന്‍മെന്റിസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിനോടൊപ്പം അഭിനയിച്ച കാപ്പാനാണ് താരത്തിന്റെതായി അവസാനം റിലീസ് ചെയ്ത സിനിമ.

ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ തന്നെ വൈറലായിരുന്നു. മലയാളത്തിന്റെ സ്വന്തം ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍ ചിത്രത്തില്‍ ഗാനം ആലപിച്ചിട്ടുണ്ട്.

സ്‌പൈസ് ജെറ്റ് ബോയിങ് 737 എയര്‍ ക്രാഫ്റ്റില്‍ വെച്ചായിരുന്നു ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ ലോഞ്ച് നടത്തിയത്. സ്‌പൈസ് ജെറ്റ് ഉടമ അജയ് സിങ്ങുമായി ചേര്‍ന്നാണ് പാട്ടു പുറത്തിറക്കിയിരിക്കുന്നത്.